തിരുവനന്തപുരം: കൊലപാതകക്കേസിലെ പ്രതി ശിശുക്ഷേമ സമിതിയില്‍ ജീവനക്കാരന്. ഒരു വര്‍ഷം ജയിലില്‍ കിടന്ന കാലയളവ് സര്‍വീസായി കണക്കാക്കി ചട്ടം മറികടന്ന് പ്രമോഷന് നല്കാന് സിപിഎം നീക്കം. മണ്ണന്തല രഞ്ജിത്ത് വധക്കേസില്‍ ഒരു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച വി. അജികുമാറിനാണ് അനധികൃതമായ പ്രമോഷന് ശ്രമം.
അജികുമാറിനെ ശിശുക്ഷേമ സമിതിയില്‍ നിയമിച്ചതിനു പിന്നിലും സിപിഎം സമ്മര്‍ദവും പിന്തുണയുമുണ്ടായിരുന്നു. താത്കാലിക ജീവനക്കാരനായാണ് അജികുമാര്‍ ജോലിയില്‍ പ്രവേശിച്ചത്. 1999 നവംബര്‍ 30ന് കൊല്ലം ജില്ലയിലെ മയ്യനാട് അങ്കണവാടി വര്‍ക്കേഴ്സ് ട്രെയിനിങ് സെന്ററില്‍ ഓഫീസ് അസിസ്റ്റന്റായാണ് ജോലി ആരംഭിച്ചത്. ഒന്നര വര്‍ഷംകൊണ്ട് ഇയാളെ ജോലിയില്‍ സ്ഥിരപ്പെടുത്തി. ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ കാലത്തായിരുന്നു ഇത്. ജോലിയില്‍ പ്രവേശിച്ചതു മുതലുള്ള ദിവസം കണക്കാക്കി 2009 ഡിസംബറില്‍ 10 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയതായി കാണിച്ച് ഗ്രേഡ് പ്രമോഷന് നല്കി ഫസ്റ്റ്ഗ്രേഡ് അസിസ്റ്റന്റാക്കി.
ശിശുക്ഷേമ സമിതിയില്‍ ജീവനക്കാരനായിരിക്കേയാണ് ഇയാള്‍ ആര്‍എസ്എസ് പ്രവര്ത്തകന് മണ്ണന്തല രഞ്ജിത്ത് വധക്കേസില്‍ പ്രതിയാകുന്നത്. 2008 ഏപ്രില്‍ 21 മുതല്‍ 2009 ഏപ്രില്‍ 30 വരെ ഇയാള്‍ ജയിലിലായി. എന്നാല്‍ സര്‍വീസ് ബുക്കില്‍ ഇതു സംബന്ധിച്ചൊന്നും ചേര്‍ത്തിട്ടില്ല.
ജയില്‍വാസ കാലം സര്‍വീസായി പരിഗണിച്ച് ജൂനിയര്‍ സൂപ്രണ്ടായി സ്ഥാനക്കയറ്റം നല്‍കണമെന്നാവശ്യപ്പെട്ട് 2023 ഡിസംബര്‍ ഒന്നിന് ഇയാള്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിക്കും ഇയാള്‍ അപേക്ഷ കൊടുത്തു. ജില്ലാ കമ്മിറ്റി എകെജി സെന്ററിന് കൈമാറിയ അപേക്ഷ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫീസിലെത്തി. അവിടെ നിന്നു ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുടെ മേല്‍ സമ്മര്‍ദം ചെലുത്തി പ്രമോഷന് കാര്യങ്ങള്‍ ആരംഭിച്ചതിന്റെ രേഖകള്‍ പുറത്തുവന്നു. വഞ്ചിയൂരിലെ പ്രാദേശിക സിപിഎം നേതാവ് അജികുമാറിന് സംസ്ഥാന ജില്ലാ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. അതേസമയം ഇയാള്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചിട്ടില്ലെന്നും വിധി വരുന്നതു വരെ ജോലിയില്‍ തുടരാമെന്നുമാണ് ശിശുക്ഷേമ സമിതി നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: