തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് വിവാദത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ഇടത് എംഎല്‍എയും മുന്‍മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍. മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കുറവെന്നും പരിഹാരം കാണണമെന്നും സബ്മിഷന്. അണ്‍എയ്ഡഡ് സ്കൂളുകളിലെ ഒഴിവുള്ള സീറ്റുകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ മലപ്പുറത്ത് 7478 പ്ലസ് വണ്‍ സീറ്റുകളുടെ കുറവുണ്ടെന്ന് മന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. ഇന്നലെയാണ് ഇടത് എംഎല്‍എ തന്നെ പ്രതിപക്ഷത്തിന്റെ വാദത്തെ പിന്തുണച്ച് രംഗത്ത് എത്തയത്. മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ കുറവുണ്ടെന്നത് വാസ്തവമാണെന്നും അതിന് പരിഹാരം കാണണമെന്നും അഹമ്മദ് ദേവര്‍കോവില്‍ ആവശ്യപ്പെട്ടു.
ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ 71,456 സീറ്റുകളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 2,850 സീറ്റുകളും ഐടിഐ മേഖലയില്‍ 5,484 സീറ്റുകളും പോളിടെക്നിക് മേഖലയില്‍ 880 സീറ്റുകളും ഉള്‍പ്പെടെ 80,670 സീറ്റുകള്‍ മലപ്പുറം ജില്ലയില്‍ എസ്എസ്എല്‍സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി ഉണ്ട്. കൂടാതെ സ്കോള്‍ കേരളയിലും പ്രവേശനം നേടുന്നുണ്ട്. ഈ വസ്തുതകള്‍ അംഗീകരിക്കാതെ ഒന്നാം അലോട്ട്മെന്റ് തുടങ്ങുന്നതിന് മുമ്പേ ചിലര്‍ സമരം ആരംഭിച്ചെന്ന് മന്ത്രി ന്യായീകരിച്ചു.
മലപ്പുറത്ത് ആകെ അപേക്ഷകര്‍ 82,466. ഇതില്‍ 7,606 ജില്ലയ്ക്ക് പുറത്തുള്ളവരും 74,860 പേര് ജില്ലയ്ക്ക് അകത്തുള്ളവരുമാണ്. അലോട്ട്മെന്റ് നല്‍കിയിട്ടും പ്രവേശനം നേടാത്ത 11,546 പേരില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ 2,866, കമ്യൂണിറ്റി ക്വാട്ടയില്‍ 954, അണ് എയ്ഡഡ് മേഖലയില്‍ 223, സ്പോര്‍ട്സ് ക്വാട്ടകളില്‍ 444, എംആര്‍എസ് സ്കൂളുകളില്‍ 5 ഉള്‍പ്പെടെ ആകെ 4,492 പേര് പ്രവേശനം നേടി. ശേഷിക്കുന്ന 7,054 പേര് ഹയര്‍ സെക്കന്‍ഡറിയില്‍ പ്രവേശനം എടുത്തില്ല.
ശേഷിക്കുന്ന 71,060 അപേക്ഷകരില്‍ ആകെ 53,762 പേര് പ്ലസ് വണ്‍ ഇതുവരെ പ്രവേശനം നേടി. പ്രവേശനത്തിനായി ശേഷിക്കുന്നത് 17,298 പേരാണ്. 9,820 സീറ്റുകള്‍ ശേഷിക്കുന്നുണ്ട്. എന്നാല്‍ അണ് എയിഡഡ് സ്കൂളുകളില്‍ 10,185 സീറ്റുകളുടെ ഒഴിവുണ്ടെന്നും മന്ത്രി കണക്കുകള്‍ നിരത്തി പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അണ്‍എയ്ഡഡ് സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ മലപ്പുറത്ത് 7,478 പ്ലസ് വണ്‍ സീറ്റ് കുറവുണ്ടെന്ന് മന്ത്രി സമ്മതിച്ചു. ഇന്ന് വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ചയുണ്ടെന്നും അതില്‍ പ്രശ്നത്തിന് പരിഹാരം കാണുമെന്ന ഉറപ്പും നിയമസഭയില്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: