തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം തൈക്കാടുളള അമ്മത്തൊട്ടിലില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറുമായി മൂന്ന് കുഞ്ഞുങ്ങള്‍ കൂടി എത്തി.വെള്ളിയാഴ്ച രാത്രി 9.30ന് ഒന്നര മാസം പ്രായമുള്ള പെണ്‍ കുഞ്ഞിനെയും ഞായറാഴ്ച വെളുപ്പിന് 2.30ന് പത്ത് ദിവസം പ്രായം തോന്നിക്കുന്ന ഇരട്ട ആണ്‍കുട്ടികളെയുമാണ് ലഭിച്ചത്.
അമ്മതൊട്ടിലില്‍ ഇരട്ട കുഞ്ഞുങ്ങളെ ലഭിക്കുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.ഇതിനു മുമ്പ് 2018 ലാണ് ഇരട്ടകുട്ടികളെ ലഭിച്ചത്. പുതിയതായി എത്തിയ കുഞ്ഞുങ്ങള്‍ക്ക് രക്ഷിത, ആര്‍ദ്രന്‍, ഹൃദ്യന്‍ എന്നിങ്ങനെ പേരിട്ടു. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഇതുവരെയായി 604 കുട്ടികളാണ് പോറ്റമ്മമാരുടെ പരിചരണയ്‌ക്കായി എത്തിയത്.
പുതിയ അതിഥികളുടെ വരവ് അറിയിച്ച് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ബീപ് സന്ദേശം എത്തിയ ഉടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു. പിന്നീട് കുട്ടികളെ ആരോഗ്യ പരിശോധനകള്‍ക്കായി തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ കൊണ്ടുപോയി. സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണയിലാണ് കുഞ്ഞുങ്ങള്‍ ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: