ക്രിക്കറ്റ് അനിശ്ചിതത്വത്തിന്റെ കളിയാണ് എന്നു പറയാറുണ്ടെങ്കിലും ഓസ്ട്രേലിയക്കെതിരെ അഫ്ഖാനിസ്ഥാന്റെ 21 റൺസിന്റെ വിജയത്തെ ആ തരത്തിൽ വിലയിരുത്തുവാൻ കഴിയില്ല. ഈ ട്വൻ്റി 20 ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ സന്തുലിത ടീമായ കെയിൻ വില്യംസണിന്റെ ന്യൂസിലൻസിനെ വെസ്റ്റ് ഇൻഡീസിലെ സ്പിൻ ബൗളിങ്ങിനെ തുണക്കുന്ന പ്രൊവിൻസ് സ്റ്റേഡിയത്തിൽ 84 റൺസിന് റഷീദ് ഖാന്റെ അഫ്ഖാൻ ടീം തോൽപിച്ചപ്പോൾ തന്നെ ഈ ടീം അട്ടിമറികൾ സൃഷ്ടിക്കുവാൻ കെൽപുള്ള ഒന്നാണെന്ന് ഉറപ്പിച്ചിരുന്നു.
നിശ്ചിത 20 ഓവറിൽ 6 വിക്കറ്റിന് 159 റൺസെടുത്ത അഫ്ഖാൻ ടീമിന്റെ 87 പന്തുകളിൽ നിന്നും 103 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ശ്രദ്ധയാകർഷിച്ചത്. റഹ്മാനുള്ള ഗുർബാസ്(56 പന്തിൽ 80 റൺസ്), ഇബ്രാഹിം സദ്രാൻ (47 പന്തിൽ 44 റൺസ്) എത്ര സമത്ഥമായാണ് ടീം സൗത്തിയും, ട്രെൻട് ബോൾട്ടുമുള്ള കിവി ടീമിനെ നേരിട്ടത്.15.2 ഓവറിൽ 75 റൺസിനാണ് നാലു വിക്കറ്റുകൾ വീതം വീഴ്‌ത്തിയ റഷീദ് ഖാനും, ഫസൻ ഫഖ് ഫാറൂഖിയും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് നബിയും ചേർന്ന് കിവി ടീമിനെ ചുരുട്ടി കെട്ടിയത്. കളിയുടെ സമസ്ത മേഖലകളിലും മികച്ചു നിന്ന അഫ്ഖാൻ ടീമിനെതിരെയുള്ള തോൽവി കെയിൻ വില്യംസണിന്റെ ടീമിന് ഈ ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കി. അന്നത്തെ ത്രസിപ്പിച്ച വിജയം അഫ് ഖാൻ ടീമിന് പ്രത്യേക ഊർജമാണ് പകർന്നത്.
ഡൽഹി കാപ്പിറ്റൽസ് ടീമിന് വേണ്ടി കളിച്ചിരുന്ന,ഏപ്രിൽ മൂന്നിന് ശേഷം മത്സരങ്ങളിൽ നിന്നും വിട്ടു നിന്ന മിഷേൽ മാർഷ് നയിക്കുന്ന ഓസീസ് ടീമിനെതിരെ അഫ്ഗാനിസ്ഥാൻ ടീമിന്റെ പൊരുതി നേടിയ വിജയം സെമി ഫൈനലിലേക്കുള്ള പാതയിൽ ഇന്ത്യൻ ടീമിനു കൂടി അടുത്ത മത്സരങ്ങൾ നിർണായകമാവുകയാണ്. രോഹിത് ശർമയുടെ ഇന്ത്യൻ ടീമിന് ഓസ്ട്രേലിയക്കെതിരെ നല്ലൊരു വിജയത്തോടെ മാത്രമെ സെമി ഫൈനൽ ബർത്ത് ഉറപ്പിക്കുവാൻ കഴിയുകയുള്ളു. ബംഗ്ലാദേശിനെതിരെ മഴ മാറാതെ വന്നതോടെ ഡെക്കവർത്ത് ലൂയിസ് നിയമപ്രകാരം വിജയികളായ ഓസ്ട്രേലിയക്ക് ഇന്ത്യക്കെതിരെ വിജയിക്കുക തന്നെ വേണം. അഫ്ഗാനിസ്ഥാന് അടുത്ത മത്സരം ബംഗ്ലാദേശിനോടാണ്.
ഓസ്ട്രേലിയയും, അഫ്‌ഗാനിസ്ഥാനും അടുത്ത മൽസരങ്ങൾ ജയിക്കുകയാണെങ്കിൽ മികച്ച റൺ റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സെമി ഫൈനലിലേക്കുള്ള പ്രവേശനം. റൺ റേറ്റിൽ മുന്നിലുള്ള ഇന്ത്യക്ക് സെമി ഫൈനൽ പ്രതീക്ഷകളുണ്ട്. ഓസ്ട്രേലിയക്കെതിരെ റഷീദ് ഖാനും കൂട്ടുകാരും നെയ്തെടുത്ത കന്നി രാജ്യാന്തര മത്സരത്തിന് മധുരമായ ഒരു പ്രതികാരത്തിന്റെ കഥ കൂടി ചേർക്കാം. ഇക്കഴിഞ്ഞ മാർച്ചിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനിൽ കളിക്കേണ്ടിയിരുന്ന ഏകദിന രാജ്യാന്തര മത്സരങ്ങളിൽ നിന്നും പിൻമാറിയത്. അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്റെ സ്ത്രീകളോടും, പെൺകുട്ടികളോട്ടമുള്ള സമീപനത്തിന്റെ പേരിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ കളിക്കാരെ അങ്ങോട്ട് അയക്കേണ്ട എന്നു തീരുമാനിച്ചത്.
2021 സെപ്തംബറിൽ പുതിയ ഭരണകൂടം വന്നതിന് ശേഷം മൂന്നാമത്തെ തവണയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അഫ്ഗാൻ പര്യടനത്തിന് അനുമതി നൽകാതിരുന്നത്. ഓസ്ട്രേലിയൻ ബഹിഷ്കരണത്തെ അപലപിച്ച അഫ്ഖാൻ ട്വൻ്റി20 ക്രിക്കറ്റ് ടീം നായകൻ റഷീദ് ഖാൻ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ കളിക്കുന്നില്ലെന്ന് പറഞ്ഞ് പ്രതിഷേധിച്ചു വെങ്കിലും അഡ്‌ലെയ്ഡ് സ്ടൈക്കേഴ്സ് ടീമുമായി കരാറിൽ ഒപ്പിട്ടിരുന്നു പക്ഷെ പരിക്കുമൂലം റഷീദ് ഖാന് കളിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഓസീസിനെതിരെ വിജയമാഘോഷിക്കുമ്പോൾ അഫ്ഖാൻ ടീമിനും, റഷീദ് ഖാനും മനസ്സിൽ മറ്റൊരു മധുരം കൂടിയുണ്ടായിരിക്കും. ബംഗ്ലദേശിനെതിരെ ഈ ട്വൻ്റി20 ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ ആദ്യ ഹാട്രിക്കുമായി റെക്കാർഡു കുറിച്ച ഓസീസ് പേസറും, ഏകദിന ലോകകപ്പും, ടെസ്റ്റ് ചാംപ്യൻഷിപ്പും നേടി കൊടുത്ത നായകനുമായ പാറ്റ് കമിൻസ് തുടർച്ചയായി രണ്ടാം മൽസരത്തിലും ഹാട്രിക്കു നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കുവാൻ കഴിഞ്ഞില്ല.
അഫ്ഗാൻ ഓപ്പണർമാരായ റഹ്മാ ത്തുള്ള ഗുർബാസും(49 പന്തിൽ 60), ഇബ്രാഹിം സർദാനും(48 പന്തിൽ 51) ചേർന്ന് ഓസീസിനെതിരെ ഒന്നാം വിക്കറ്റിൽ റെക്കാർഡിട്ട 118 റൺസിന്റെ കൂടുകെട്ടാണ് അവരുടെ വിജയത്തിന് അടിത്തറ പാകിയത്. കാച്ചുകളാണ് മത്സരങ്ങൾ വിജയത്തിൽ എത്തിക്കുന്നത്. അഫ്ഖാൻ ഇന്നിംഗ്സിൽ നിലത്തിട്ട അഞ്ച് കാച്ചുകളെക്കുറിച്ച് ഓസീസ് ടീം വിലപിക്കുന്നുണ്ടാകും.20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ148 റൺസിന് അഫ്ഗാനിസ്ഥാനെ പിടിച്ചു നിറുത്തിയത് പാറ്റ് കമിൻസിന്റെ ബോളിങ് മികവാണ്. കരിംജാനറ്റ്, റഷീദ് ഖാൻ, ഗുലാബ് ദിൻ നയ്ബ് എന്നീ ബാറ്റർമാരെയാണ് കമിൻസ് തുടർച്ചയായ പന്തുകളിൽ പുറത്താക്കിയത്.
വെസ്റ്റ് ഇൻഡീസിലെ സെൻ്റ് വിൻസെൻ്റിലെ വിക്കറ്റിൽ ടോസു നേടിയ മാർഷ് അഫ്ഗാൻ ടീമിനെ ബാറ്റിംഗിന് അയച്ചത് ആത്മഹത്യപരമായ ഒരു തീരുമാനമായിരുന്നു. അഫ്ഗാൻ ടീമിന്റെ കരുത്തുറ്റ ബൗളിംഗ് നിരയെ, പ്രത്യേകിച്ചും ലെഗ് ബ്രേക്ക് ബൗളർ റഷീദ് ഖാൻ ഉൾപ്പെടുന്ന സ്പിൻ ആക്രമണത്തെ ഓസീസ് കൃത്യമായി മനസ്സിലാക്കിയിരുന്നെങ്കിൽ, ടാർജറ്റ് പിന്തുടർന്നു ജയിക്കാമെന്നു കണക്കുകൂട്ടുമായിരുന്നില്ല. ബൗളിങ്ങിനെ തുണച്ച വിക്കറ്റിൽ പവർപ്ലേയുടെ ആദ്യ ആറ് ഓവറിൽ ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകൾ 32 റൺസ് മാത്രം നൽകി വീഴ്‌ത്തിയതോടെ അഫ്ഗാൻ ടീം കളി തങ്ങളുടെ വരുതിയിലാക്കി.
കഴിഞ്ഞ ഏക ദിന ലോകകപ്പിൽ ഡബിൾ സെഞ്ചറിയിലൂടെ അഫ്ഗാനിസ്ഥാന് വിജയം നിഷേധിച്ച ഗ്ലെൻ മാക്സ് വെൽ(41 പന്തിൽ59) ഒരിക്കൽ കൂടി ടീമിന്റെ രക്ഷകനായി നിറഞ്ഞാടിയെങ്കിലും, പ്ലെയർ ഓഫ് ദ മാച്ചായ ഗുലാബ്ദിൻ നയിബ്(20 റൺസിന് 4 വിക്കറ്റ്) പതിനഞ്ചാം ഓവറിൽ എറിഞ്ഞ പന്തിൽ നൂറ് അഹമ്മദ് ബാക്ക് വേർഡ് പോയിൻ്റിൽ മാക്സിയടിച്ച പന്ത് കൈകളിലൊതുക്കിയതോടെ ഓസീസിന്റെ ചെറുത്തുനിൽപും, വിജയത്തിനായുള്ള ശ്രമങ്ങളും അവസാനിക്കുകയായിരുന്നു. തന്റെ രാജ്യത്തിന് നേടാൻ കഴിഞ്ഞ ഉജ്വല വിജയത്തിന് പിന്നിലുള്ള കൂട്ടുകാരെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ച അഫ്ഗാൻ നായകൻ റഷീദ് ഖാൻ വരും ദിനങ്ങളിൽ ടീമിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുവാൻ പ്രതിജ്ഞാബദ്ധനാണ്. ഓസീസിനെതിരെയുള്ള വിജയം ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്രിക്കറ്റിലേക്ക് വലതുകാൽ വച്ചിറങ്ങിയ ടീമിന് രാജ്യാന്തര തലത്തിൽ വലിയൊരു നേട്ടം തന്നെയാണ്.
ഇന്ത്യയും, ഓസ്ടേലിയയും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്ന സൂപ്പർ 8 ലെ അവസാന പോരാട്ടം അത്യന്തം ആവേശകരമാകുമെന്ന് തീർച്ച. അവസാന പന്തുവരെ പൊരുതുന്ന, തളരാത്ത പോരാട്ടവീര്യം എന്നും കാഴ്ചവയ്‌ക്കുന്ന ഓസ്ട്രേലിയ ലോകകപ്പിൽ നിന്നും പുറത്തുപോകാതിരിക്കുവാൻ പതിനെട്ടടവും പയറ്റുമ്പോൾ ക്രിക്കറ്റിലെ മറക്കാനാവാത്ത നിമിഷങ്ങൾക്കായി കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: