ചെറുതുരുത്തി: വവ്വാലുകളെ കൊണ്ട് പൊറുതിമുട്ടി ഒരു കുടുംബം. ദേശമംഗലം പള്ളം കുന്നുംപുറത്ത് താമസിക്കുന്ന ആനങ്ങാട്ട് വീട്ടില്‍ നാരായണന് നായരുടെയും ഭാര്യ ജാനകി അമ്മയുടെയും ഒന്നര ഏക്കര്‍ പുരയിടത്തിലാണ് വിരുന്നുകാരായെത്തിയ വവ്വാലുകള്‍ സ്ഥിര താമസമാക്കിയത്.
വീടിന് മുന്‍വശത്തെ പാമ്പിന് കാവിനോട് ചേര്‍ന്ന് നില്ക്കുന്ന വലിയ പൂവ്വം മരത്തിലും, സമീപത്തെ റബ്ബര്തോട്ടത്തിലുമാണ് കഴിഞ്ഞ മൂന്ന് മാസമായി ആയിരക്കണക്കിന് വവ്വാലുകള്‍ ചേക്കേറിയിരിക്കുന്നത്. നിലവില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തിലാണ് വീട്ടുകാരും, സമീപവാസികളും. സമൃദ്ധിയായി വെള്ളമുള്ള ഇവരുടെ വീട്ടിലെ കിണറ്റില്‍ നിന്നും വെളളം കൊണ്ടു പോയിരുന്ന സമീപവാസികള്‍ വവ്വാലുകളുടെ വരവോടെ പകര്‍ച്ച വ്യാധി ഭയന്ന് വെള്ളത്തിനായുള്ള വരവ് നിര്‍ത്തിയതായി വീട്ടുകാര്‍ പറഞ്ഞു.
വവ്വാലുകളെ പേടിച്ച് പറമ്പില്‍ പണിയെടുക്കാന്‍ ആളു വരാതെയായി. തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരു ദിവസം പണിക്കെത്തി. പിന്നീട് അവരും നിര്‍ത്തി. പറമ്പിലെ റബ്ബറില്‍നിന്നും മറ്റുമുള്ള വരുമാനമാണ് ജീവിതമാര്‍ഗം. അതുപോലും മുടങ്ങുന്ന സ്ഥിതിയാണ് – ജാനകിയുടെ ഭര്‍ത്താവ് നാരായണന്‍കുട്ടി പറയുന്നു.
ദേശമംഗലം പഞ്ചായത്തിലും വനംവകുപ്പിലും പരാതി നല്കി. അവര്‍ വന്നു പരിശോധന നടത്തിയെങ്കിലും പരിഹാരമൊന്നും നിര്‍ദേശിക്കാനായില്ല. വവ്വാലുകളുടെ കാഷ്ഠം നിറഞ്ഞു പ്രദേശത്താകെ ദുര്‍ഗന്ധമാണ്. കൂടാതെ കുടിവെള്ള സ്രോതസ്സുകളും മലിനമാകുന്നു. നിപ പോലുള്ള പകര്‍ച്ചവ്യാധികള്‍ വവ്വാലുകളില്‍നിന്ന് പകരുമെന്നതിനാല്‍ പ്രദേശത്തെ 15 കുടുംബങ്ങള്‍ ഭീതിയിലാണ്. വീട്ടില്‍ താമസിക്കാന്‍ പറ്റാതായതോടെ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും, തിങ്കളാഴ്ച വനം വകുപ്പിന് പരാതി നല്‍കുമെന്നും വീട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: