ന്യൂദൽഹി: പുതിയ എം. പിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. എല്ലാവരേയും ഒരുമിച്ചുചേർത്ത് ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിലെ സുവർണ ദിനമാണ് ഇന്ന്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ സത്യപ്രതിജ്ഞ നടക്കുന്നത്. നേരത്തെ പഴയ പാർലമെന്റ് മന്ദിരത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. ഈ നിർണായക ദിനത്തിൽ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷക്കാലമായി പാരമ്പര്യം കാത്ത് സൂക്ഷിക്കാനായിരുന്നു തങ്ങൾ പരിശ്രമിച്ചത്. കാരണം രാജ്യത്തിന്റെ തനിമയും പാരമ്പര്യവും കാത്ത് സൂക്ഷിക്കണം എന്നാണ് ഇവരുടെ ആഗ്രഹം. ഇന്ത്യൻ ഭരണഘടന അനുസരിച്ച് സാധാരണക്കാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞ എടുത്തിരിക്കുകയാണ്. എല്ലാവരേയും ഒരുമിച്ച് ചേർത്തുകൊണ്ട് 140 കോടി ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ നിരന്തരം ശ്രമിക്കും. ഭരണഘടനയുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് തീരുമാനങ്ങൾ വേഗത്തിലാക്കാനാണ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നല്ല ചുവടുവെപ്പുകള്‍ ഉണ്ടാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു. രാജ്യത്തിന് ആവശ്യം നല്ല പ്രതിപക്ഷമാണ്, ഉത്തരവാദിത്വബോധമുള്ള പ്രതിപക്ഷമാണ്. പാര്‍ലമെന്റില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സംവാദങ്ങളാണ്, അല്ലാതെ നാടകങ്ങളും ബഹളങ്ങളുമല്ല. ജനാധിപത്യത്തിന്റെ അന്തസ്സ് സംരക്ഷിക്കുംവിധത്തില്‍, പ്രതീക്ഷകള്‍ക്കൊത്ത് പ്രതിപക്ഷം പ്രവര്‍ത്തിക്കുമെന്ന് താന്‍ കരുതുന്നതായും മോദി പറഞ്ഞു.
അടിയന്തരാവസ്ഥ ജനാധിപത്യത്തിനുമേൽ വീണ കളങ്കമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ജൂൺ 25-ന് ജനാധിപത്യത്തിന് മുകളിൽ വീണ കളങ്കത്തിന് 50 വർഷം തികയുകയാണ്. ഇന്ത്യൻ ഭരണഘടന പൂർണ്ണമായും നിരസിക്കപ്പെട്ടതും ഓരോ ഭാഗവും കീറിമുറിക്കപ്പെട്ടതുമായ ആ കാലം പുതുതലമുറ ഒരിക്കലും മറക്കില്ലെന്നും പ്രധാമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് രാജ്യം ഒരു ജയിലായി മാറി. ജനാധിപത്യം പൂർണമായും അടിച്ചമർത്തപ്പെട്ടു. നമ്മുടെ ഭരണഘടനയെയും ഇന്ത്യയുടെ ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് 50 വർഷം മുമ്പുണ്ടായ ഇത്തരമൊരു കാര്യം രാജ്യത്ത് ആവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്ന തീരുമാനം രാജ്യത്തെ ജനങ്ങൾ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: