കോഴിക്കോട്: ഒമ്പതുമാസം മുമ്പ് കോഴിക്കോടിന് യുനസ്കോ അംഗീകരിച്ച സാഹിത്യ നഗരമെന്ന പദവി കേരള സര്‍ക്കാര്‍ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഭാരതത്തിനും കേരളത്തിന് പ്രത്യേകിച്ചും ലഭിച്ച ഈ വിശിഷ്ട ലോക പദവി വിവാദങ്ങളില്‍ മുക്കി നിറം കെടുത്താനേ പിണറായി സര്‍ക്കാരിനും കോഴിക്കോട് കോര്‍പ്പറേഷനും സാധിച്ചുള്ളു.
ദശാബ്ദങ്ങള്‍ പഴക്കമുള്ള കോഴിക്കോടിന്റെ സാഹിത്യപ്പെരുമ വാനോളം ഉയര്‍ത്തുന്നതാണ് യുനെസ്കോ അംഗീകരിച്ച സാഹിത്യ നഗരം പദവി. ഭാരതത്തിലെ ആദ്യ സാഹിത്യനഗരമായാണ് കോഴിക്കോടിനെ യുനസ്കോ തെരഞ്ഞെടുത്തത്.
ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു ഇന്നലെ. മുഖ്യമന്ത്രി പിണറായി വിജയന്, ജ്ഞാനപീഠ ബഹുമാനിതന് എം.ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ ഒന്നിക്കുന്ന വേദിയാണ് വിഭാവനം ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രിയും എംടിയും ചടങ്ങില്‍ പങ്കെടുത്തില്ല. പകരം മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നിര്‍വഹിച്ചു. തളി ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. സാഹിത്യ നഗരത്തിന്റെ ലോഗോയും വെബ് സൈറ്റും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പുറത്തിറക്കി. ആനക്കുളം സാംസ്കാരിക നിലയത്തില്‍ സജ്ജമാക്കിയ സാഹിത്യ നഗരം കേന്ദ്രത്തിന്റെ പ്രഖ്യാപനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിര്‍വഹിച്ചു.
ചടങ്ങില്‍ സമ്മാനിക്കേണ്ടിയിരുന്ന കോര്പ്പറേഷന് വജ്രജൂബിലി പുരസ്കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെത്തി മന്ത്രി എം.ബി. രാജേഷ് കൈമാറി. നേരിട്ടെത്താന്‍ ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് അറിയിച്ചതിനാലാണ് മന്ത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നാണ് വിശദീകരണം.
പ്രഖ്യാപനച്ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അധ്യക്ഷനായി. പി.കെ. ഗോപി മുഖ്യാതിഥിയായി. കില അര്‍ബന്‍ ചെയര്മാന് ഡോ. അജിത് കാളിയത്ത്, നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി, സി.എച്ച്. ഹമീദ്, ടി.എം. ജോസഫ്, എ. പ്രദീപ് കുമാര്‍, ടി.പി.ദാസന് എന്നിവര്‍ സംസാരിച്ചു.
സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ യുനസ്കോ സാഹിത്യ നഗരം പദവിയിലേക്ക് തെരഞ്ഞെടുത്തത്. ആതിഥേയത്വത്തിനൊപ്പം കലയെയും സാഹിത്യത്തെയും നെഞ്ചേറ്റിയ നാട് ഇനി സാഹിത്യ നഗരമായി അറിയപ്പെടും.
പരിപാടിയില്‍നിന്ന് ബിജെപി, യുഡിഎഫ് പ്രതിനിധികള്‍ വിട്ടുനിന്നു. ആവശ്യത്തിന് സമയം ലഭിച്ചിട്ടും നഗരപരിധിയിലെ പ്രധാന സാഹിത്യകാരന്മാരെപ്പോലും വേദിയിലെത്തിക്കാനായില്ലെന്ന് ബിജെപികോര്പ്പറേഷന് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നവ്യാ ഹരിദാസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: