കോഴിക്കോട്: സംസ്ഥാനത്തെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്കൗണ്ടന്റ് ജനറല്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളില്‍ ചിലത് ഏറെ ഗൗരവമുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഫണ്ടില്‍നിന്ന് ഗുണനിലവാരം മെച്ചപ്പെടുത്താനും അദ്ധ്യാപകര്‍ക്ക് പരിശീലനവും പഠനവും നടത്താനും നല്കുന്ന സ്കോളര്‍ഷിപ്പുകള്‍ വിനിയോഗിക്കാന്‍ വ്യക്തമായ വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് രാജ്യത്തെ പൊതു ഖജനാവിന്റെ പണം ദുര്‍വിനിയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അതത് സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരുമാണ്. പക്ഷേ, പിഎച്ച്ഡി നേടാന്‍ ചില അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഫണ്ട് കൈപ്പറ്റിയെങ്കിലും പഠന കോഴ്സ് പൂര്‍ത്തിയാക്കാതെ മതിയാക്കി. ചിലര്‍ സ്ഥാപനം മാറി, ചിലര്‍ ജോലി ഉപേക്ഷിച്ചു. എന്നാല്‍, ഇവരില്‍നിന്ന് അവര്‍ സ്വീകരിച്ച പണം തിരികെ പിടിക്കണമെന്നാണ് ചട്ടം. പക്ഷേ അവര്‍ ബോണ്ട് ഒപ്പിട്ടു നല്‍കിയിട്ടുണ്ടെങ്കിലും 12.5 ശതമാനം പലിശ സഹിതം പണം തിരിച്ചുപിടിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതാതി അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തക്ക വിശദീകരണം നല്‍കിയിട്ടില്ല. ഇത്തരത്തില്‍ 1.30 കോടിയിലേറെ രൂപ അദ്ധ്യാപകരില്‍നിന്ന് പിടിക്കേണ്ടതുണ്ട്.
സ്കോളര്‍ഷിപ്പ് വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കാതെ പോയാലും കൈപ്പറ്റിയ പണം തിരിച്ചു പിടിക്കണം. എന്നാല്‍ പാലക്കാട് എഞ്ചിനീയറിങ് കോളജിലെ റമീസ് മൊഹമ്മദ് എന്ന വിദ്യാര്‍ത്ഥിയില്‍നിന്നു മാത്രം 18.02 ലക്ഷം രൂപ പിടിക്കാനുണ്ട്. കോഴിക്കോട് എഞ്ചിനീയറിങ് കോളജിലെ മുന്‍ അദ്ധ്യാപിക 11 ലക്ഷം തിരിച്ചടച്ചിട്ടില്ല. ഇതിലൊന്നും സര്‍ക്കാരോ ഡയറക്ടറേറ്റോ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ 2016-17 വര്‍ഷത്തില്‍ സംസ്ഥാനത്ത് ബാംബു ടെക്നോളജി സെന്റര്‍ സ്ഥാപിക്കാന്‍ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിങ് കോളജിന് 30 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയും ധനസഹായവും വിനിയോഗിച്ചാണ് സെന്റര്‍ വിഭാവനം ചെയ്തത്. എന്നാല്‍ 9.47 ലക്ഷം രൂപയ്ക്ക് ചില യന്ത്രസാമഗ്രികള്‍ വാങ്ങിയതല്ലാതെ 2019 നു ശേഷം ഒരു പുരോഗതിയും അതില്‍ ഉണ്ടായിട്ടില്ല. നാലുവര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരും ഒന്നും അന്വേഷിക്കുകയും ചെയ്തിട്ടില്ല.
ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ എട്ടു സ്ഥാപനങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ ക്രമക്കേടുകള്‍. മറ്റു സ്ഥാപനങ്ങളുടെ സ്ഥിതി ഇതിനേക്കാള്‍ മോശമാകാം. എഞ്ചിനീയറിങ് കോളജുകളുടെ കാര്യത്തില്‍ മാത്രമല്ല, പോളി ടെക്നിക്കുകള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ തുടങ്ങിയവയിലും ഇതാണ് സ്ഥിതി. ഉദാഹരണത്തിന്, ആലപ്പുഴ ജില്ലയിലെ കാവാലത്തെ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറിക്ക് സ്ഥലം വാങ്ങാന്‍ 22.5 ലക്ഷം രൂപ അനുവദിച്ചത് മൂന്നുവര്‍ഷമായി വിനിയോഗിക്കാതെ കിടക്കുകയാണ്. ഇത്തരത്തില്‍ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളുമാണ് 60 പേജ് റിപ്പോര്‍ട്ടില്‍ അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: