ന്യൂദല്‍ഹി: വെള്ളപ്പൊക്ക നിവാരണ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. രാജ്യത്തെ വെള്ളപ്പൊക്ക ഭീഷണി ലഘൂകരിക്കുന്നതിന് സമഗ്രവും ദൂരവ്യാപകവുമായ നയം രൂപീകരിക്കുന്നതിനുള്ള ദീര്‍ഘകാല നടപടികള്‍ യോഗത്തില്‍ യോഗം അവലോകനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ യോഗ തീരുമാനങ്ങളിലെടുത്ത നടപടികളും ചര്‍ച്ചയായി.
വെള്ളപ്പൊക്കനിവാരണത്തിനും ജലപരിപാലനത്തിനുമായി വിവിധ ഏജന്‍സികള്‍ ഐഎസ്ആര്‍ഒ നല്കുന്ന ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു. പ്രളയക്കെടുതി നേരിടാന്‍ എന്‍ഡിഎംഎ നല്കിയ നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സമയബന്ധിതമായി നടപ്പാക്കണം. വെള്ളപ്പൊക്ക പ്രവചനത്തിന് ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും പുനഃക്രമീകരിക്കുന്നതിനുള്ള നടപടികള്‍ കാലാവസ്ഥാ വകുപ്പും കേന്ദ്ര ജലകമ്മിഷനും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്കി.
കാട്ടുതീ തടയാന്‍ ഉചിതമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനും അമിത് ഷാ നിര്‍ദേശം നല്കി. കേന്ദ്ര ജലശക്തി മന്ത്രി സി.ആര്. പാട്ടീല്‍, ആഭ്യന്തരകാര്യ സഹമന്ത്രി നിത്യാനന്ദ് റായ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, നദീ വികസന, ഗംഗാ പുനരുജ്ജീവന, ഭൗമശാസ്ത്ര, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സെക്രട്ടറിമാര്‍, റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്സണ്‍, എന്‍ഡിഎംഎയുടെ അംഗങ്ങളും വകുപ്പ് മേധാവികളും, എന്‍ഡിആര്‍എഫ്-ഐഎംഡി ഡയറക്ടര്‍ ജനറല്‍മാര്‍, എന്‍എച്ച്എഐ ചെയര്മാന്, സിഡബ്ല്യുസി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: