ലോസ് ആഞ്ചെലസ്: കോപ്പ അമേരിക്ക ഫുട്ബോളില്‍ ബ്രസീല്‍ നാളെ കളത്തിലിറങ്ങും. രാവിലെ ആറരയ്ക്ക് നടക്കുന്ന പോരാട്ടത്തില്‍ കോസ്റ്റ റിക്ക ആണ് എതിരാളികള്‍. ഗ്രൂപ്പ് ഡിയില്‍ ആണ് ബ്രസീല്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഇതേ ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകളായ പരാഗ്വായും കൊളംബിയയും നാളെ വെളുപ്പിന് മൂന്നരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടും.
ഹൂസ്റ്റണിലാണ് കോളംബിയ-പരാഗ്വായ് മത്സരം. ബ്രസീല്‍-കോസ്റ്റ റിക്ക പോരാട്ടം ലോസ് ആഞ്ചലെസിലും. കഴിഞ്ഞ കോപ്പ അമേരിക്കയിലെ ഫൈനലിസ്റ്റുകളാണ് ബ്രസീല്‍. ഫൈനലില്‍ അര്‍ജന്റീനയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ടീം പരാജയപ്പെട്ടത്.
ഇക്കുറി ഡോറിവല്‍ ജൂനിയറിന്റെ പരിശീലനത്തിലാണ് ടീം കോപ്പയ്ക്കൊരുങ്ങി അമേരിക്കയിലെത്തിയിരിക്കുന്നത്. നെയ്മറും കുട്ടീഞ്ഞോയും അടക്കമുള്ള സീനിയര്‍ താരങ്ങളില്ലാത്ത ടീമിനെ പ്രതിരോധ താരം കസെമിറോ ആണ് നയിക്കുന്നത്. റയലിന്റെ സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയര്‍ ആണ് ടീമിലെ പ്രധാന താരം. പുത്തന്‍ താരോദയം എന്‍ഡ്രിക്കും ടീമിലുണ്ട്. യൂറോപ്യന്‍ ക്ലബ് ഫുട്ബോളിലെ ഒരു കൂട്ടം മിന്നും താരങ്ങളായ റോഡ്രിഗോ, റഫീഞ്ഞ സാവിയോ ലൂകാസ് പക്വേറ്റ, എഡേഴ്സണ്, ആന്‍ഡ്രിയാസ് പെരെയ്റ എല്ലാവരെക്കാളും ഉപരി ഗോള്‍കീപ്പര്‍ അല്ലിസന് ബെക്കര്‍ എന്നിവരടക്കം വന്‍ താരനിരയാല്‍ സമ്പുഷ്ടമാണ് കാനറികള്‍.
ഇന്നലെ നടന്ന മത്സരങ്ങളില്‍ മെക്സിക്കോയും വെനസ്വേലയും വിജയിച്ചു. മെക്സിക്കോ ജമൈക്കയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ വെനസ്വേല ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ വെനസ്വേലയ്ക്കും മെക്സിക്കോയ്ക്കും മൂന്ന് വീതം പോയിന്റുകളായി. ഗോള്‍ വ്യത്യാസത്തില്‍ വെനസ്വേല ഒന്നാമതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: