ഓഹരി ദല്ലാളന്മാര് അതിവേഗം കോടികള്‍ കൊയ്യാവുന്ന പുതിയ നിക്ഷേപമേഖല കണ്ടെത്തിയിരിക്കുന്നു. അത് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൊണ്ടല്ല. മറിച്ച്, ബിസിനസ് മേഖലയിലെ കളി മാറ്റിമറിയ്ക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ഇറക്കിക്കൊണ്ടാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ക്ലിക്കായാല്‍ നിക്ഷേപിച്ച ലക്ഷങ്ങള്‍ കോടികളായി തിരിച്ചുകിട്ടും.
അത്തരമൊരു കളിയ്ക്കിറങ്ങിയ വിജയ് കേഡിയ എന്ന ഓഹരി ദല്ലാളുടെ കഥ പറയാം. അദ്ദേഹം ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ടിഎസി ഇന്‍ഫോസെക് എന്ന കമ്പനിയില്‍ നിക്ഷേപിച്ചത് 45 ലക്ഷം രൂപയാണ്. പകരം ഈ സ്റ്റാര്‍ട്ടപ്പിന്റെ 20 ശതമാനം ഓഹരി സ്വന്തമാക്കി. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടിഎസി ഇന്‍ഫോസെക്. കമ്പനി വിജയഗാഥ രചിച്ചു.
ഈയിടെ ടിഎസി ഇന്‍ഫോസെക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. ഏപ്രില്‍ അഞ്ചിനാണ് ഈ കമ്പനിയുടെ ഓഹരി പ്രാഥമിക വിപണിയിലൂടെ ലിസ്റ്റ് ചെയ്തത്. തുടക്കത്തില്‍ 304 രൂപയായിരുന്നു ഓഹരിവില. ഇപ്പോള്‍ അത് 589 രൂപയായി. വിജയ് കേഡിയയുടെ കമ്പനിയിലെ നിക്ഷേപം എത്രയായെന്നോ? 45 ലക്ഷമായിരുന്ന നിക്ഷേപം 40 കോടി രൂപയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: