തിരുവനന്തപുരം: കോളനി എന്ന പേര് മാറ്റം നടത്തി പട്ടികജാതിക്കാരെ കബളിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്.
പട്ടികജാതി സമൂഹത്തിന്റെ പുരോഗതിക്കു വേണ്ടി ക്രിയാത്മകമായി ഒരു പദ്ധതി പോലും നടപ്പാക്കാന്‍ ഇടതു സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഭരണ രംഗത്ത് സമ്പൂര്‍ണമായി പരാജയപ്പെട്ടാണ് മന്ത്രി കെ. രാധാകൃഷ്ണന് പടിയിറങ്ങിയതെന്നും ഷാജുമോന്‍ വട്ടേക്കാട് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പട്ടികജാതി കോളനി സങ്കേതം എന്ന വാക്ക് ഒഴിവാക്കിയ ഉത്തരവ് അവസാന ദിവസം ഇറക്കിയ രാധാകൃഷ്ണന്, കഴിഞ്ഞ മൂന്ന് വര്‍ഷം ഈ കാര്യത്തില്‍ എന്തുകൊണ്ട് തീരുമാനം എടുത്തില്ല എന്ന് വ്യക്തമാക്കണം. കോളനി സങ്കേതം എന്നത് മാറ്റി ഉത്തരവ് ഇറക്കിയത് കൊണ്ട് അവരുടെ ജീവിത നിലവാരം ഉയരുകയോ മെച്ചപ്പെടുകയോ ചെയ്യില്ല.
കേരളത്തില്‍ പട്ടികജാതി കോളനികള്‍ എന്ന ആശയം കൊണ്ടുവന്നതും നടപ്പാക്കിയതും കമ്മ്യൂണിസ്റ്റുകാരാണ്. പട്ടിക ജാതിക്കാരെ പൊതു സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിമകളാക്കി മാറ്റുന്നതിനും എടുത്ത തന്ത്രപൂര്‍വമായ തീരുമാനം ആയിരുന്നു കോളനിയെന്ന പേര്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പട്ടികജാതിക്കാര്‍ സിപിഎമ്മിനെ കൈവിട്ടു. ഇതോടെയാണ് പുതിയ അടവുമായി എത്തിയത്.
പട്ടികജാതി വികസന നയം പോലും പ്രഖ്യാപിക്കാന്‍ സാധിക്കാന്‍ രാധാകൃഷ്ണന് കഴിഞ്ഞില്ല. പട്ടികജാതി ഫണ്ട് വെട്ടിപ്പ് ഏറ്റവും കൂടുതല്‍ നടന്നത് ഈ കാലഘട്ടത്തില്‍ ആണ്.
പട്ടികജാതിവിദ്യാര്ത്ഥികളുടെ സ്റ്റൈപ്പന്റ് അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണത്തില്‍ ഗുരുതര വീഴ്ചയുണ്ടായി. പിഎസ്സി വഴിയുള്ള തൊഴില്‍ പൂര്‍ണമായും നഷ്ടപ്പെടുത്തി.
സംവരണം അട്ടിമറിച്ചു. മൂന്ന് വര്‍ഷമായി പട്ടികജാതിക്കാര്‍ക്ക് ഒരു വീട് പോലും നല്‍കിയിട്ടില്ലെന്നും ഷാജുമോന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: