ഞാന്‍ ചങ്ങനാശ്ശേരി കേന്ദ്രമായി കോട്ടയം ജില്ലാ പ്രചാരകനായിരുന്നകാലത്തെ ചില അനുഭവങ്ങളാണിന്ന് ജന്മഭൂമി വായനക്കാരുമായി പങ്കുവയ്‌ക്കുന്നത്. അവിടെനിന്നാണ് കാലടി സംഘശിക്ഷാവര്‍ഗിലേക്കു സ്വയംസേവകരുമായിപ്പോയത്. ആ വര്‍ഷം കാലടിയില്‍ പെരിയാറിനു കുറുകെയുള്ള പാലം പണിതീര്‍ന്നിരുന്നു. എന്നാല്‍ ബസ് സര്‍വീസ് തുടങ്ങിയിരുന്നില്ല. ഗവര്‍ണറായിരുന്ന വി.വി. ഗിരി പാലം ഉദ്ഘാടനം ചെയ്ത പ്രസംഗത്തില്‍ പാലത്തിന് ശ്രീശങ്കരാചാര്യരുടെ പേരിട്ടതായി പ്രഖ്യാപിച്ചു. മലയാറ്റൂര്‍ കുന്നിന്‍ മുകളില്‍ മാര്‍തോമാ കുരിശു സ്ഥാപിച്ചുവെന്ന ഐതിഹ്യത്തെ പിന്‍പറ്റി പാലത്തിന് സെന്റ് തോമസ് പാലം എന്ന പേരിടാന്‍ നീക്കം നടത്തിയ വന്‍ലോബിക്ക് അത് നിരാശയുണ്ടാക്കി. ആ കാര്യത്തില്‍ ഒട്ടേറെ കെട്ടുകഥകള്‍ അന്താരാഷ്‌ട്ര ബുദ്ധിജീവികള്‍ തന്നെ പ്രചരിപ്പിച്ചിരുന്നു. അതിവിടെ ചര്‍ച്ച ചെയ്യുന്നില്ല. ഏതായാലും അക്കൊല്ലം ആദ്യമായി കോട്ടയത്തുനിന്നും മലയാറ്റൂര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ ഓടിച്ചുതുടങ്ങി. അങ്ങനത്തെ ഒരു ബസ്സിലാണ് സംഘശിക്ഷാവര്‍ഗിലേക്കുള്ള കോട്ടയം ശിക്ഷാര്‍ത്ഥികള്‍ പുറപ്പെട്ടത്. കോട്ടയത്തുനിന്ന് രണ്ടുമണിക്കൂറുകള്‍കൊണ്ട് കാലടിയിലെത്തി. സാധാരണയായി തീവണ്ടിയില്‍ അങ്കമാലിയിലെത്തി അവിടെനിന്ന് നടന്നായിരുന്നു മുമ്പൊക്കെ പോയിരുന്നത്.
കാലടി സംഘശിക്ഷാ വര്‍ഗ് പല കാര്യങ്ങള്‍കൊണ്ടും അവിസ്മരണീയമായിരുന്നു. അതിനെക്കുറിച്ചു ഈ പംക്തികളില്‍ മുന്‍പും എഴുതിയിരുന്നതാണ്. പി.പി. മുകുന്ദന്‍ കാലടി വര്‍ഗിനിടെയാണ് പ്രചാരകനാകാനുള്ള തന്റെ തീരുമാനം ഉറപ്പിച്ചത്. അതിനു മുമ്പ് കണ്ണൂരില്‍ വിസ്താരകനായി പി. രാമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. കാലടിയിലെ പരിപാടിക്കുശേഷം മുകുന്ദന്‍ ചെങ്ങന്നൂരിലേക്കാണ് നിയോഗിക്കപ്പെട്ടത്. അദ്ദേഹം അവിടെയെത്തിയ ദിവസംതന്നെ എന്നോടും അവിടെയെത്താന്‍ വിഭാഗ് പ്രചാരകനായിരുന്ന ഹരിയേട്ടന്‍ കത്തയച്ചിരുന്നു. എന്റെ ആദ്യ ചെങ്ങന്നൂര്‍ യാത്രയായിരുന്നു അത്. ഹരിയേട്ടന്‍ ബസ്സ്റ്റാന്‍ഡില്‍ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. ‘കുട്ടന്‍’ എന്നെല്ലാവരും വിളിച്ചുവന്ന സ്വയംസേവകന്റെ വീട്ടിലാണ് യാദവറാവു ജോഷിജിക്കും താമസസൗകര്യം ചെയ്തത്.
യാദവറാവുജിയുമൊത്തിരിക്കുന്നത് വലിയൊരു വിദ്യാഭ്യാസമായാണ് അനുഭവപ്പെടുക. അദ്ദേഹത്തിന്റെ സംഭാഷണം അത്തരത്തിലായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ വീരസാവര്‍ക്കറെപ്പറ്റിയാണ് സംസാരിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ പുതിയ ഒരു പുസ്തകമായിരുന്നു വിഷയം. നാം പഠിക്കുന്ന ചരിത്രം ഭാരതവും ഭാരതീയരും എന്നും പരാജയപ്പെടാന്‍ വിധിക്കപ്പെട്ട രാജ്യവും ജനതയുമാണല്ലോ. അങ്ങനെയാവാന്‍ നമ്മുടെ രാജ്യത്തിന്റെ ഭൂമിശാസ്ത്രവും ചരിത്രവും വലിയ പങ്കുവഹിച്ചുവെന്നും അവര്‍ സിദ്ധാന്തിച്ചു. ‘ഭാരത ചരിത്രത്തിന്മേല്‍ ഭൂമിശാസ്ത്രത്തിന്റെ സ്വാധീനം’ എന്നൊരധ്യായം തന്നെ ഞാന്‍ പഠിച്ച ചരിത്രപാഠപുസ്തകത്തിലുണ്ടായിരുന്നു. എന്നാല്‍ ആ സിദ്ധാന്തത്തെ നിരാകരിച്ചുകൊണ്ട് ‘ഭാരതചരിത്രത്തിലെ നൂറു സുവര്‍ണ ഘട്ടങ്ങള്‍’ എന്ന ഒരു ഗവേഷണ ഗ്രന്ഥം തന്നെ സാവര്‍ക്കര്‍ എഴുതിയതിനെ യാദവറാവുജി വാചാലനായി വിവരിച്ചു. അതുകേട്ടിരുന്ന ഞങ്ങള്‍ക്കൊക്കെ അവാച്യമായ ഒരാവേശം ശരീരത്തിലൂടെ അരിച്ചുകയറുന്നതുപോലെ അനുഭവപ്പെട്ടു.
വര്‍ഷങ്ങള്‍ക്കുശേഷം ‘സിക്‌സ് ഗോള്‍ഡന്‍ എപ്പോക്‌സ് ഇന്‍ ഇന്ത്യന്‍ ഹിസ്റ്ററി’ എന്ന പേരില്‍ ഇംഗ്ലീഷിലുള്ള ആ പുസ്തക വിവര്‍ത്തനം വായിക്കാന്‍ കിട്ടി. അതു ഞാന്‍ മലയാളത്തിലാക്കിയത് പിന്നീട് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ചു. അതിന്റെ എറണാകുളത്തെ പ്രകാശനത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി. രാജന്‍ പങ്കെടുത്തിരുന്നു. മാതൃഭൂമിയുടെ കോടതികാര്യ ലേഖകനായിരുന്ന അദ്ദേഹം വീരസാവര്‍ക്കറുടെ രാഷ്‌ട്രീയേതര രംഗത്തെ വിശിഷ്യാ മറാഠാ സാഹിത്യരംഗത്തെ നേട്ടങ്ങളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്കു ഒരു ലേഖനമെഴുതിക്കൊടുത്തു. ഹരിയേട്ടന്‍ ചെയ്ത പ്രഭാഷണങ്ങള്‍ മനസ്സില്‍ പതിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. മാതൃഭൂമിയുടെ ‘വീരന്മാര്‍ക്ക്’ ഇതിലധികം ധിക്കാരമായി മറ്റെന്തെങ്കിലുമുണ്ടാകാന്‍ കഴിയുമോ? ലേഖനം അവര്‍ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. രാജനെ ‘ഗൗഹാട്ടി ബ്യൂറോ’യുടെ ചുമതല നല്‍കി. ‘വാണത്തില്‍ കെട്ടിപറപ്പിക്കുക’ എന്ന ശിക്ഷാവിധിപോലെയായി അത്. അദ്ദേഹം മാതൃഭൂമിയോട് വിടപറഞ്ഞു വീട്ടിലിരുന്നു. വീരസാവര്‍ക്കറെപ്പറ്റി നല്ലതായി ഒന്നും ശബ്ദിക്കരുതെന്ന സുഗ്രീവാജ്ഞ ഇന്നും വിശാലമായി നിലനില്‍ക്കുന്ന അന്തരീക്ഷമുണ്ടല്ലോ.
ചെങ്ങന്നൂരിലെ കാര്യം പറഞ്ഞാണല്ലോ ഇവിടെയെത്തിയത്. അന്നു യാദവറാവുജി പ്രചാരകന്മാരുടെ മുന്നില്‍ ഒരു സാങ്കല്‍പിക പ്രശ്‌നമുന്നയിച്ചു. സംഘത്തിന്റെ ഉദ്ദേശ്യം പൂര്‍ത്തിയായി. ഹിന്ദുരാഷ്‌ട്രം നിലവില്‍വന്നു. സംഘം സമാജമായിത്തീര്‍ന്നു. പിന്നെ ശാഖയും പ്രചാരകന്മാരുമൊക്കെ അനാവശ്യമായി എന്ന നിലവന്നു. നിങ്ങളൊക്കെ എന്തുചെയ്യും എന്നതായിരുന്നു ചോദ്യം. പ്രചാരകന്മാരൊക്കെ ഉത്തരംമുട്ടിയിരിപ്പായി. ആരും ഒന്നും മിണ്ടാതെയിരിക്കുന്നതു കണ്ട് യാദവറാവുജി ഞാനെന്തുചെയ്യുമെന്നു പറയാം. ഏതെങ്കിലും ഒരു ഹോട്ടലിലോ ഭോജനശാലയിലോ ജോലി നോക്കും. അതാവുമ്പോള്‍ ഭക്ഷണം കുശാലാവും. അവിടെ തയാറാക്കുന്ന ഏതു വിശിഷ്ട വിഭവത്തിന്റെയും ഗുണമേന്മ പരിശോധി ക്കാന്‍ കിട്ടും. പരമാനന്ദ സുഖം!
ഞാന്‍ പറഞ്ഞത് ഏതെങ്കിലും പത്രത്തിന്റെ ലേഖകനാവുമെന്നായിരുന്നു. അപ്പോള്‍ എവിടെയും കയറിയെത്താന്‍ കഴിയുമല്ലോ. പില്‍ക്കാലത്ത് ഒരു പത്രത്തിന്റെ തുടക്കക്കാരനും മറ്റു ചുമതലകളുമേറ്റെടുക്കേണ്ടിവരുന്നതിന് വിദൂര വിഭാവനംപോലുമില്ലാതിരുന്ന സമയത്തായിരുന്നു അത്. ”ഭജനകീര്‍ത്തനങ്ങള്‍ പാടിക്കൊണ്ടു നടക്കു”മെന്നു ജി. അപ്പുക്കുട്ടന്‍ പറഞ്ഞു. താന്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളിലൊക്കെ സ്വയംസേവകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഹൃദയങ്ങളില്‍ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടി. വളരെക്കാലം അജ്ഞാതനായി കഴിഞ്ഞു. അതിനിടെ സ്വന്തമായി കുടുംബമുണ്ടായി. പുനലൂരിനടുത്തു താമസമാക്കി. താന്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലായിടങ്ങളില്‍നിന്നും സ്വയംസേവകര്‍ അദ്ദേഹത്തെ കാണാനും സംവേദന അറിയിക്കാനും എത്തുമായിരുന്നു. മറ്റുള്ളവര്‍ എന്തു പറഞ്ഞുവെന്നു ഞാന്‍ മറന്നു.
ചെങ്ങന്നൂരിലെ ബൈഠക് കഴിഞ്ഞ് എല്ലാവരും സ്വകര്‍മക്ഷേത്രങ്ങളിലേക്കു മടങ്ങി. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഹരിയേട്ടന്‍ വീണ്ടും ചങ്ങനാശ്ശേരിയില്‍ വന്നു. പുതിയ ആളുകളെ സമ്പര്‍ക്കം ചെയ്യാന്‍ ഞങ്ങള്‍ പുറപ്പെട്ടു. എന്റെ യൂണിവേഴ്‌സിറ്റി കോളജിലെ സഹപാഠിയും, കവിയും പെരുന്ന കോളജിലെ മലയാളഭാഷാധ്യാപകനുമായിരുന്ന ഏറ്റുമാനൂര്‍ സോമദാസനെ സന്ദര്‍ശിച്ചു. ഒട്ടേറെ കാര്യങ്ങള്‍ക്കിടെ സെന്റ് ബര്‍ക്കുമെന്‍സില്‍ മലയാളം എംഎ പഠനവും, ഹെഡ് പോസ്റ്റാഫീസില്‍ ജോലിയും ഒരുമിച്ചു സാധിച്ച കാര്യം പറഞ്ഞു. വിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് പോസ്റ്റല്‍ വകുപ്പ് ‘സ്പ്ലിറ്റ് ഡ്യൂട്ടി’ അനുവദിച്ചുവത്രേ. സോമദാസന്‍ താമസിക്കുന്ന വീട്ടിനടുത്ത് കടുത്ത ഒരാറെസ്സെസ്സുകാരന്‍ താമസിക്കുന്നുണ്ടെന്നു പറഞ്ഞു. സ്ഥലത്തെ മറ്റു മുതിര്‍ന്ന സംഘപ്രവര്‍ത്തകര്‍ക്കും മൂന്നു വര്‍ഷമായി പെരുന്നയില്‍ താമസിക്കുന്ന പ്രചാരകനായ എനിക്കും അറിവില്ലാത്ത ആ കടുത്ത ആര്‍എസ്എസ്സുകാരനെ നേരിട്ടു കാണാതെ നിവൃത്തിയില്ലല്ലോ എന്നു പറഞ്ഞുകൊണ്ട് ഞാനും ഹരിയേട്ടനും അദ്ദേഹത്തിന്റെ വീട്ടിലേക്കു കയറി. അപരിചിതരെക്കണ്ട് കൗതുകപൂര്‍വം അദ്ദേഹം അകത്തേക്ക് സ്വാഗതം ചെയ്തു. ആര്‍എസ്എസ് പ്രചാരകന്മാരാണെന്നു പരിചയപ്പെടുത്തിയപ്പോള്‍ സന്തോഷപൂര്‍വം അദ്ദേഹം ഞങ്ങളെ പിടിച്ചിരുത്തി സല്‍ക്കരിച്ചു.
തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിനു സമീപത്തെ കുളത്തില്‍ ഒരു ശ്രീകൃഷ്ണ വിഗ്രഹമുണ്ടെന്നു ഒരാള്‍ക്ക് സ്വപ്‌നദര്‍ശനമുണ്ടാകുകയും അതു വീണ്ടെടുക്കാന്‍ മാസങ്ങള്‍ നീണ്ട കുളം തേകല്‍ പരിപാടി നടന്നതും കുറേ നാളത്തേക്ക് ആ നാട്ടിലെങ്ങും കോലാഹലം സൃഷ്ടിച്ചിരുന്നു. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കുശേഷം കുളത്തില്‍നിന്നു വിഗ്രഹം കണ്ടെടുത്തതും പുതിയ ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയതും വലിയ വാര്‍ത്തകളായിരുന്നു. ധാരാളം പേര്‍ കുളം തേകുന്നതില്‍ പങ്കെടുക്കാനും ഭജയ്‌ക്കും പ്രദക്ഷിണത്തിനും രാപകലില്ലാതെ എത്തിവന്നു.
ആ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് ഞങ്ങള്‍ സന്ദര്‍ശിക്കാന്‍ ചെന്ന ഗൃഹനാഥന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേട്ട് കരയണോ അതോ പൊട്ടിച്ചിരിക്കണോ എന്ന അവസ്ഥയിലായി ഞങ്ങള്‍. ചുരുക്കം ഇങ്ങനെയാണ്. ഒരു ദിവസം ആര്‍എസ്എസ് നേതാവ് ഗോള്‍വല്‍ക്കര്‍ കൊട്ടാരക്കരയിലെ ഒരു വീട്ടില്‍ രഹസ്യമായെത്തിയത്രേ. ഗൃഹനാഥന്‍ നായര്‍ പ്രമാണിയായിരുന്നു. തിരുവന്‍വണ്ടൂരിലെ വിഗ്രഹാന്വേഷണത്തെക്കുറിച്ച് ഗോള്‍വല്‍ക്കര്‍ അദ്ദേഹത്തോടന്വേഷിച്ചു. തന്റെ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം അദ്ദേഹത്തെ ഏല്‍പ്പിച്ച് അത് ആരുമറിയാതെ തിരുവന്‍വണ്ടൂരിലെ കുളത്തില്‍ നിക്ഷേപിക്കണമെന്നും പന്ത്രണ്ടാം നാളില്‍ ‘കണ്ടെത്തണ’മെന്നും ഉപദേശിച്ചു. താന്‍ വന്ന വിവരങ്ങള്‍ പരമഹസ്യമായിരിക്കണമെന്നു നിര്‍ദ്ദേശിച്ചു. ആ രാത്രിതന്നെ ഗോള്‍വല്‍ക്കര്‍ സ്ഥലംവിട്ടുവെന്നുമായിരുന്നു ആ ‘ആറെസ്സെസ്സു’കാരന്‍ ഞങ്ങളോടു പറഞ്ഞത്.
അരനൂറ്റാണ്ടിനു മുമ്പു നടന്ന ഈ സംഭാഷണം ഇപ്പോഴാണ് പുറത്തുവിടുന്നത്. സംഘത്തിന്റെ മുതിര്‍ന്ന സ്വയംസേവകര്‍ക്ക് അന്ന് പറഞ്ഞു ചിരിക്കാനുള്ള ഒന്നാന്തരം തമാശയായി അത്. കേരളത്തിലെ സംഘം അധികാരിമാര്‍ ആരും അറിയാതെ ‘നായന്മാരുടെ മാനം രക്ഷിക്കാന്‍’ ഗോള്‍വല്‍ക്കര്‍ രഹസ്യമായി വന്ന കഥ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: