പരസ്യ വാക്യത്തോട് സാമ്യം തോന്നാം തലക്കെട്ടിന്. തേങ്ങയ്ക്ക് താങ്ങുവില കൂട്ടിയ നരേന്ദ്രമോദി സര്‍ക്കാരിനേയും ഓര്‍മ്മ വന്നേക്കാം. കണ്ണൂരില്‍ ‘തേങ്ങ’ പൊട്ടിത്തെറിച്ച് മരിച്ച വയോധികന് വേലായുധനേയും തേങ്ങാ മാജിക്കിന്റെ ടെക്നിക്ക് വെളിപ്പെടുത്തിയ യുവതി എം. സീനയേയും ഓര്‍മ്മിച്ചേക്കാം. നമ്മുടെ വിഷയം പക്ഷേ വയനാടും പ്രിയങ്കയുമാണ്.
ലീഡര്‍ കെ. കരുണാകരന് അവസാനവട്ടം മുഖ്യമന്ത്രിയായിരിക്കെ ഇടയ്ക്കിടയ്ക്ക് ദല്‍ഹി യാത്രകഴിഞ്ഞ് വരുമ്പോള്‍ കിട്ടുന്ന അവസരങ്ങളില്‍ സോണിയാ ഗാന്ധിയെ കണ്ടകാര്യങ്ങള്‍ പറയുമായിരുന്നു. അതിലൂടെയാണ് പ്രിയങ്കയെക്കുറിച്ച് സാമാന്യജനങ്ങള്‍ ഏറെക്കേട്ടത്. പ്രിയങ്കയെ അമ്മൂമ്മ ഇന്ദിരാഗാന്ധിയുമായി ചേര്‍ത്ത് പറയുക കരുണാകരന്റെ രീതിയായിരുന്നു. അമ്മൂമ്മയുടെ അതേ മൂക്ക്, നോട്ടം, പരിഗണന, സ്നേഹം മാത്രമല്ല, പഴയകാല രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള കൗതുകവും കൗശലവുമൊക്കെ പ്രിയങ്കയ്ക്കുണ്ടെന്ന് വിവരിച്ച് ‘ഭാവിയിലെ ഇന്ദിര’യാണെന്ന് പറയാതെ പറയുമായിരുന്നു. രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയത്തില്‍ തീരെ താല്പര്യമില്ലെന്നും കരുണാകരന് പറഞ്ഞിട്ടുണ്ട്. പ്രിയങ്കയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കേള്‍ക്കുമ്പോള്‍ ‘പ്രിയദര്‍ശിനി’ എന്നോ മറ്റോ പേരില്‍ സ്കൂള്‍ പാഠപുസ്തകത്തില്‍ പാഠം പഠിച്ചത് ഓര്‍മ്മ വരുമായിരുന്നു. ആ പാഠഭാഗം ഇന്ദിരയ്ക്ക് കുട്ടിക്കാലത്തേ നേതൃപാടവം ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കുന്നതായിരുന്നു.
ഏറെ വൈകാതെ കെ. കരുണാകരന് സോണിയക്ക് ചതുര്‍ത്ഥിയായി. ”പണ്ടച്ഛന്‍ ആനപ്പുറമേറിയെന്നാല് ഉണ്ടാകുമോ പുത്രനുമാത്തഴമ്പ്” എന്ന് 9 കൃഷ്ണമേനോന് മാര്‍ഗ്ഗിലെ ബംഗ്ലാവിലിരുന്ന് കരുണാകരന് സോണിയയെക്കുറിച്ച് പറയേണ്ടിവന്നു. അവിടെത്തന്നെയാണ് സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ‘അലൂമിനിയം പട്ടേല്‍’ എന്ന് വിളിച്ച് കെ. മുരളീധരന് വിശദീകരിച്ചത്. അക്കാലമായപ്പോഴേക്കും ഇന്ദിരയുടെ പിന്തുടര്ച്ചക്കാരിയാകുമെന്ന് കരുണാകരനും സ്വപ്നം കണ്ടിരുന്ന പ്രിയങ്ക, റോബര്‍ട്ട് വാദ്ര എന്ന ഹോട്ടല്‍ വ്യവസായിയുടെ കാമുകിയും ഭാര്യയുമായി, പ്രിയങ്കാ വാദ്രയായി. 1996 ല്‍ പ്രേമകഥ പുറത്തുവന്നു, 97ല്‍ വിവാഹം കഴിഞ്ഞു. അങ്ങനെ 27 വര്‍ഷം മുമ്പ് ഉപേക്ഷിച്ച രാഷ്ട്രീയത്തിലേക്കാണ് പ്രിയങ്ക ഇപ്പോള്‍ തിരിച്ചുവരുന്നത്. ഈ വരവിന് പല തലത്തില്‍ രാഷ്ട്രീയ പ്രസക്തിയുണ്ട്.
1997 ല്‍ കൊല്‍ക്കൊത്തയില്‍ ചേര്‍ന്ന പാര്‍ട്ടി പ്ലീനറി സെഷനിലാണ് സോണിയാ ഗാന്ധി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം എടുക്കുന്നത്. പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷയായി. അവരും രാഷ്ട്രീയത്തിലേക്കില്ല, എന്നല്ല, ഇറ്റലിക്കാരിയായ അവര്‍ ഭാരത പൗരത്വം പോലും വേണ്ട എന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നയാളാണ്. ഭാരതംതന്നെ വിട്ട് ഇറ്റലിക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നയാളാണ്. പെട്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിഞ്ഞത്. അത് ചില തിരിച്ചറിവുകള്‍കൊണ്ടും അനുകൂല അവസരങ്ങള്‍ വന്നതുകൊണ്ടുമായിരുന്നു. കാല്‍നൂറ്റാണ്ടിനുശേഷം ഇപ്പോള്‍ പ്രിയങ്കയും വയനാട്ടില്‍ മത്സരിച്ച് ലോക്സഭയിലെത്തി, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ സ്വയം സജ്ജയായിരിക്കുന്നു.
വയനാട്ടില്‍ മത്സരിച്ച് ലോക്സഭയിലെത്തിയാല്‍ പ്രിയങ്ക പ്രതിപക്ഷ നേതാവാകും. സംശയമില്ല, പ്രധാനമന്ത്രിപദംപോലും കോണ്‍ഗ്രസ് പാര്‍ട്ടി ‘സംവരണം’ ചെയ്തിരിക്കുന്ന കുടുംബത്തിലെ ഇളമുറക്കാരിക്ക് അതിന് പ്രയത്നം ഏറെവേണ്ടതില്ല. പക്ഷേ, വയനാട്ടില്‍ വിജയിക്കണം. വിജയിപ്പിക്കാതിരിക്കുകയാണ് എതിര് രാഷ്ട്രീയ മുന്നണികളുടെ ധര്‍മം. അതെങ്ങനെ സാധിക്കുമെന്നതാണ് ചിന്താവിഷയം.
കഴിഞ്ഞ ദിവസമാണ് (2024 ജൂണ്‍ 20), ലോക്സഭാ തെരഞ്ഞെടുപ്പുഫലം വിലയിരുത്തി സിപിഎമ്മിന്റെ സംസ്ഥാന സമിതി യോഗം ചേര്‍ന്നത്. യോഗത്തില്‍ തെരഞ്ഞെടുപ്പില്‍ മുന്നണിയെ നയിച്ച, സര്‍ക്കാരിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പാര്‍ട്ടിയോ പാര്ട്ടിഅംഗങ്ങളോ വിമര്‍ശിച്ചോ? മനുഷ്യരോടു മാത്രമല്ല, മൈക്കിനോടും ക്ഷോഭിക്കുന്ന ആ മാനസികാവസ്ഥ വിശകലനം ചെയ്തോ എന്നത് ഇവിടെ ചര്‍ച്ചാവിഷയമേയല്ല. മുഖ്യമന്ത്രി മാറണമെന്ന് സിപിഐ രഹസ്യമായോ പരസ്യമായോ പറഞ്ഞോ, ആഗ്രഹിച്ചോ എന്നതും പ്രശ്നമല്ല. ഇവിടെ പ്രസക്തമാകുന്ന വിഷയം, സിപിഎമ്മിന്റെ സംസ്ഥാന സമിതി യോഗം കഴിഞ്ഞ് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന് നടത്തിയ പ്രസ്താവനയാണ്. സമിതി യോഗത്തിന്റെ വിലയിരുത്തലും തീരുമാനവുമാണ് ആ പ്രസ്താവന. അതിങ്ങനെയാണ്: ”ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐഎന്‍ഡിഐഎ കൂട്ടായ്മ അഖിലേന്ത്യാതലത്തില്‍ നിലകൊണ്ടപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഏറ്റുമുട്ടുന്നത് പരിമിതിയായി… അപകടകരമായ ഇത്തരം സാഹചര്യങ്ങളെ മറികടന്ന് ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ശക്തമായി എല്‍ഡിഎഫ് തിരിച്ചുവരും.”
ഈ പ്രസ്താവനയിലെ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്: ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യ ലക്ഷ്യം. രണ്ട്: ഇന്‍ഡി സഖ്യത്തിലായിരിക്കെ സിപിഎം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരേ മത്സരിച്ചത് പരിമതിയാണ്. മൂന്ന്: ഭരിക്കാന്‍ കോണ്‍ഗ്രസിനാണ് കഴിവെന്ന ധാരണ ജനങ്ങള്‍ക്കുണ്ടായി. നാല്: എല്‍ഡിഎഫ് പൊയ്പ്പോയി, തിരിച്ചുവരണം. അഞ്ച്: സിപിഎമ്മല്ല, തോറ്റത് എല്‍ഡിഎഫാണ്. ചിലത് പറഞ്ഞും പലതും ധ്വനിപ്പിച്ചും ഇറക്കിയ ഈ പ്രസ്താവന ഏറെക്കാര്യങ്ങള്‍ പറയാതെ പറയുന്നുണ്ട്.
ഇനിയാണ് പല ചോദ്യങ്ങള്‍ സാമാന്യ ജനങ്ങളും ചോദിക്കാന്‍ പോകുന്നത്. വയനാട്ടില്‍ വിജയിച്ച രാഹുല്‍ ഗാന്ധി, ”സ്വന്തംപെങ്ങള്കുട്ടി’ക്കുവേണ്ടി സീറ്റൊഴിഞ്ഞുകൊടുക്കുന്നു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല, പുതിയ ലോക്സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുപോലുമില്ല. അതിനുമുമ്പേ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അരിയിട്ടുവാഴ്ചകഴിഞ്ഞു. അപ്പോഴാണ് ഈ ചോദ്യം വരുന്നത്- പ്രിയങ്കയ്ക്കെതിരേ സിപിഎമ്മിനോ എല്‍ഡിഎഫിനോ സ്ഥാനാര്‍ത്ഥി ഉണ്ടാവുമോ? ബിജെപിയെ തോല്പ്പിക്കുകയാണല്ലോ മുഖ്യ ലക്ഷ്യം. അപ്പോള്‍ സ്ഥാനാര്‍ത്ഥി വേണോ? മാത്രമല്ല, സംസ്ഥാന സമിതി പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ച, ഒരേ മുന്നണിയില്‍ അംഗങ്ങളായ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ മത്സരിക്കുന്നതിലെ ‘പരിമിതി’ മറികടക്കാനുമാകില്ലേ? അതോ, മുഖ്യ എതിരാളി കോണ്‍ഗ്രസാണെന്ന് സമ്മതിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിക്കുമോ? അതല്ല, കേരളത്തിലെ ആ മുഖ്യ എതിരാളിയെ തോല്‍പ്പിക്കാന്‍ പ്രിയങ്കയ്ക്കെതിരേ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ സിപിഎമ്മും എല്‍ഡിഎഫും തയാറാകുമോ? അതല്ല, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുമോ? കാരണം, പ്രതിപക്ഷ നേതാവാകാനിടയുള്ളയാള്, നരേന്ദ്ര മോദിയെ പാര്‍ലമെന്റില്‍ ചെറുക്കാനുള്ളയാള്, രാഹുലിന്റെ സ്വപ്നപ്രകാരം ‘എന്‍ഡിഎ സര്‍ക്കാരിനെ വീഴ്ത്തി അധികാരം പിടിക്കാന്‍ പോകുന്ന’യാള്‍ ഭാരത തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഏറ്റവും ഭൂരിപക്ഷം നേടി വിജയിക്കുന്നവരില്‍ ഒരാളാകുന്നത് സിപിഎം അംഗമായ മുന്നണിക്ക് വലിയ നേട്ടമാണേല്ലാ! രാഹുലിന് വയനാട്ടില്‍ കിട്ടിയ ഭൂരിപക്ഷവും അവിടെ എല്‍ഡിഎഫിന്റെ വോട്ടും ചേര്‍ത്താല്‍ പ്രിയങ്കയ്ക്ക് 6,05,445 ആക്കാം. നിലവില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള അഞ്ച് എംപിമാരില്‍ നാലുപേര്‍ ബിജെപിക്കാരാണ്. ശങ്കര്‍ ലാല്‍വാനി (ഇന്‍ഡോര്‍,മദ്ധ്യപ്രദേശ്,ബിജെപി-ഭൂരിപക്ഷം 11,75,092), രാകിബുള്‍ ഹുസൈന് (ധുബ്രി, അസാം, കോണ്‍-10,12,476), ശിവരാജ് സിങ് ചൗഹാന് (വിദിശ, മദ്ധ്യപ്രദേശ്, ബിജെപി-8,21,408), സി.ആര്. പാട്ടീല്‍, നവ്സാരി, ഗുജറാത്ത്, ബിജെപി-7.73,551), അമിത് ഷാ (ഗാന്ധി നഗര്‍, ഗുജറാത്ത്, ബിജെപി-7.44,716) എന്നിവരാണ് ആദ്യത്തെ അഞ്ചുപേര്‍.
ഇനിയിപ്പോള്‍ പ്രിയങ്കയ്ക്കെതിരേ മത്സരിക്കുന്നുവെന്ന് കരുതുക. അത് സിപിഎമ്മിന്റെ സംസ്ഥാന സമിതി യോഗത്തിന്റെ തീരുമാനങ്ങള്‍ക്കു വിരുദ്ധമാകുന്നത് എത്ര ദയനീയമാകുമെന്ന ചോദ്യമില്ലേ? ഒരു പാര്‍ട്ടി ആദര്‍ശത്തില്‍, ആശയത്തില്‍, ആവിഷ്കരണത്തില്‍, ആസൂത്രണത്തില്‍ മാത്രമല്ല, അവസാന ചുവടായ അടവുനയത്തിലും (അത് തെരഞ്ഞെടുപ്പില്‍ ഏതു വിധേനയും വിജയിക്കാനുള്ള പാര്‍ട്ടി അംഗീകൃത പൂഴിക്കടകനാണ്) പരാജയമെന്നുവന്നാല് പിന്നെ എന്താണ് ഗതി?!
പ്രിയങ്ക ഇതുവരെ രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്നതിനാല്‍ പൊതു വേദിയിലോ വിഷയത്തിലോ വിമര്‍ശിക്കപ്പെടുകയോ ചര്‍ച്ചചെയ്യപ്പെടുകയോ ഉണ്ടായില്ല. എന്നാല്‍ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര വിവാദങ്ങളിലുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലുള്‍പ്പെടെ. പ്രിയങ്കയും പങ്കാളിയായ വാദ്രയും ഹിമാചല്‍ പ്രദേശില്‍ വസ്തുവാങ്ങി വീടുവെച്ചത് മുമ്പ് വിവാദമായിരുന്നു. ഹിമാചലിന് പുറത്തുനിന്നുള്ളവര്‍ക്ക് അവിടെ വസ്തു സ്വന്തമാക്കാന്‍ കഴിയില്ല. എന്നാല്‍ ചില ഇളവുകള്‍ നേടി പ്രിയങ്ക വീടുവെച്ചു. അതിന്റെ നടപടിക്രമത്തെച്ചൊല്ലി വിവാദങ്ങളും കേസുമുണ്ട്. അഗസ്ത വെസ്റ്റ്ലാന്‍ഡ് വിമാന ഇടപാട് കേസ് പുതിയ കോഴയിടപാടായി മാറുകയാണ്. 38 വര്‍ഷം മുമ്പ് രാജീവ് ഗാന്ധി ഇടപെട്ട് കോഴ കൈപ്പറ്റിയ ബോഫോഴ്സ് കേസുപോലെ ഇത് വളര്‍ന്നുകൂടായ്കയില്ല. അതില്‍ സോണിയാ ഗാന്ധിക്കും ഇറ്റലി ആയുധ ഇടപാട്ടുകാര്ക്കും മറ്റും ബന്ധമുള്ളപ്പോള്‍ സ്വാഭാവികമായും രാഹുലിന്റേയും പ്രിയങ്കയുടേയും വാദ്രയുടേയും പേരുകള്‍ ചര്‍ച്ചയില്‍ വരാം; 18-ാം ലോക്സഭയുടെ സമ്മേളനം 2024 ജൂണ്‍ 24 ന് തുടങ്ങുകയാണല്ലോ. അത് വെറും രാഷ്ട്രീയ പകപോക്കല്‍ എന്നു വിളിച്ചുകൂവി ബിജെപിയുടേയും നരേന്ദ്ര മോദിയുടേയും നേരേ വിമര്‍ശനം തിരിക്കാനുള്ള അവസരമാക്കുകയും ചെയ്യാം. സിപിഎമ്മിന് കോണ്‍ഗ്രസ്സിനെ താങ്ങാന്‍ എന്തെല്ലാം അവസരങ്ങളാണ് ഉണ്ടാകുന്നത്.
പിന്കുറിപ്പ്:
സിപിഎമ്മിന് കൊടുംകഷ്ടകാലമാണ് എന്നു തോന്നാം. കാരണം, തേങ്ങ ബോംബാകുന്നു. അത് ‘സിപിഎം തേങ്ങ’യാണെന്ന് ധൈര്യമായി വിളിച്ചു പറയാന്‍ ആളുണ്ടാകുന്നു. സിപിഐ പരസ്യമായി വിമര്‍ശിക്കുന്നു. മകളുടെ മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് കോടതി നോട്ടീസ് അയയ്ക്കുന്നു… പക്ഷേ, ഇതൊക്കെ തലമാറ്റി കഷ്ടകാലം മാറ്റാനുള്ള അവസരമാകുന്നില്ലേ എന്നും സംശയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: