ന്യൂദല്‍ഹി: പ്രതിരോധം, വിനോദ സഞ്ചാരം, വാണിജ്യം അടക്കമുള്ള കാര്യങ്ങളില്‍ സഹകരണം ശക്തവും വിപുലവുമാക്കാന്‍ ഭാരതവും ബംഗ്ലാദേശും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവരുടെ കൂടിക്കാഴ്ചയില്‍ നിരവധി സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു.
മോദി മൂന്നാമതും പ്രധാനമന്ത്രിയായതിനു ശേഷം ആദ്യം ഭാരതം സന്ദര്‍ശിക്കുന്ന വിദേശ ഭരണാധികാരിയാണ് ഷേഖ് ഹസീനഇരു രാജ്യങ്ങളുടെയും ഏഷ്യയുടെ തന്നെയും വികസനത്തിന് ഉതകുന്ന കരാറുകളിലാണ് ഒപ്പുവച്ചതെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ജനക്ഷേമത്തിനുള്ള പല പദ്ധതികളും തങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തുടങ്ങിയതായി മോദി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മില്‍ ഭാരത രൂപയില്‍ വിനിമയം തുടങ്ങി, ലോകത്തെ ഏറ്റവും വലിയ നദീയാത്രയ്ക്ക് (റിവര്‍ ക്രൂസ്) ഭാരതവും ബംഗ്ലാദേശും ചേര്‍ന്ന് തുടക്കമിട്ടു.
ഭാരതത്തിന്റെ പവര്‍ ഗ്രിഡുവഴി നേപ്പാളില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി എത്തിച്ചു തുടങ്ങി. ഇത് സഹകരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഒരു വര്‍ഷം കൊണ്ടാണ് ഇവയെല്ലാം പൂര്‍ത്തിയാക്കിയത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വേഗതയും തോതുമാണ് കാണിക്കുന്നത്.
മോദി പറഞ്ഞു. സായുധസേനകളെ ആധുനികവത്കരിക്കുക, ആയുധങ്ങളുടെ ഉത്പാദനം, ഭീകരതയ്ക്ക് എതിരെ യോജിച്ചുള്ള പോരാട്ടം, ഭീകരതയെ ചെറുക്കല്‍, അതിര്‍ത്തിയില്‍ സംഘര്‍ഷമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ നടന്നു, അദ്ദേഹം തുടര്‍ന്നു.
ഭാരതം വിശ്വസ്തനായ സുഹൃത്താണ്, കരുത്തനായ അയല്‍ക്കാരനാണ്, പ്രാദേശിക തലത്തിലെ പങ്കാളിയാണ്. ഇക്കാര്യങ്ങള്‍ ഭാരതം ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്, ഷേഖ് ഹസീന പറഞ്ഞു. 1971ല്‍ ബംഗ്ലാദേശി വിമോചനകാലത്തു തുടങ്ങിയ ബന്ധമാണ്. ഇതിനെ ബംഗ്ലാദേശ് അമൂല്യമായി തന്നെയാണ് കാണുന്നതും. ബംഗ്ലാ മോചനത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ച ഭാരത സൈനികര്‍ക്ക് ആദരാഞ്ജലി… അവര്‍ തുടര്‍ന്നു. ബംഗ്ലാദേശ് സന്ദര്‍ശിക്കാന്‍ ഷേഖ് ഹസീന പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: