ന്യൂദല്‍ഹി: ശമ്പളവും പെന്‍ഷനും നല്കാന്‍ പണമില്ലാതെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ കിടക്കുമ്പോഴും കേരളം ശതകോടികള്‍ ചെലവു വരുന്ന സില്‍വര്‍ലൈന്‍ പദ്ധതിയുമായി വീണ്ടും കേന്ദ്രത്തെ സമീപിച്ചു.
ബജറ്റിനു മുന്‍പ്, കേന്ദ്രധനമന്ത്രി വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ ചര്‍ച്ചയിലെ കേരളത്തിന്റെ പ്രധാന ആവശ്യം സില്‍വര്‍ലൈന്‍ അനുമതി വേണമെന്നായിരുന്നു. സംസ്ഥാനത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് പെട്ടെന്ന് എല്ലാ അനുമതികളും ലഭ്യമാക്കണമെന്നും കേന്ദ്രബജറ്റില്‍ കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ധനമന്ത്രി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രണ്ട് വര്‍ഷത്തേക്ക് പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം തേടിയത്. പബ്ലിക് അക്കൗണ്ടിലെ തുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍പ്പെടുത്തി വായ്പ വെട്ടിക്കുറയ്‌ക്കുന്നു. ഇതുമൂലം ഈ വര്‍ഷവും അടുത്ത വര്‍ഷവും 5,710 കോടി വീതമാണ് വായ്പയില്‍ കുറയുന്നത്. കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും മുന്‍കാല കടങ്ങളെ ഈ വര്‍ഷത്തെയും അടുത്തവര്‍ഷത്തെയും വായ്പയില്‍നിന്ന് കുറയ്‌ക്കുകയെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനമായ 6,000 കോടി നല്‌കേണ്ടിവന്ന ഏക സംസ്ഥാനം കേരളമാണ്. ഇതിന് തുല്യമായ തുക ഈ വര്‍ഷം ഉപാധിരഹിതമായി കടമെടുക്കാന്‍ അനുവദിക്കണം. ഈ വര്‍ഷത്തെ കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ മൂന്നര ശതമാനമായി ഉയര്‍ത്തണം. ഉപാധിരഹിത കടമെടുപ്പ് അനുവാദവും ഉറപ്പാക്കണം. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍ വര്‍ഷങ്ങളില്‍ എടുത്ത വായ്പ ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും കടപരിധിയില്‍ കുറയ്‌ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജിഎസ്ടിയിലെ കേന്ദ്ര സംസ്ഥാന നികുതി പങ്ക് വയ്‌ക്കല്‍ അനുപാതം നിലവിലെ 60:40 എന്നത് 50:50 ആയി പുനര്‍നിര്‍ണയിക്കണം എന്നീ ആവശ്യങ്ങളും ബാലഗോപാല്‍ ഉന്നയിച്ചു.
കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിര്‍മാണം ഉള്‍പ്പെടെ പദ്ധതികള്‍ക്കായും 5,000 കോടിയുടെ വിസില്‍ പാക്കേജും കേരളം ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം നിലവിലെ 60 ശതമാനത്തില്‍നിന്ന് 75 ശതമാനമാക്കണം. ഭക്ഷ്യസുരക്ഷാ പദ്ധതിക്കു കീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷന്‍ വ്യാപാരികളുടെ കമ്മിഷനും വര്‍ധിപ്പിക്കണം. ആശ, അങ്കണവാടി ഉള്‍പ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവര്‍ത്തകരുടെയും ഓണറേറിയം ഉയര്‍ത്തണം. എന്‍എസ്എപിയിലെ ക്ഷേമപെന്‍ഷന്‍ തുകകള്‍, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, ഭവന നിര്‍മാണ പദ്ധതികളിലെ കേന്ദ്രസര്‍ക്കാര്‍ വിഹിതം തുടങ്ങിയവയും ഉയര്‍ത്തണം.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സ്‌ക്രാപ്പ് പോളിസിയുടെ ഭാഗമായി സംസ്ഥാനത്ത് ഫയര്‍ സര്‍വീസിലെ 220 വാഹനങ്ങള്‍, ആരോഗ്യ വകുപ്പിലെ ആംബുലന്‍സുകള്‍ അടക്കം 800 വാഹനങ്ങള്‍, പോലീസ് സേനയുടെ നിരവധി വാഹനങ്ങള്‍ ഉള്‍പ്പെടെ കാലഹരണപ്പെട്ടിരിക്കുകയാണ്. ഇവയ്‌ക്ക് പകരം വാഹനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സഹായം വേണം. എയിംസ്, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ ആയൂര്‍വേദ റിസര്‍ച്ച് ഇന്‍സിറ്റിറ്റിയൂട്ട് തുടങ്ങിയവ ബജറ്റില്‍ പ്രഖ്യാപിക്കണം. റബറിന്റെ താങ്ങുവില 250 രൂപയാക്കണം. തലശേരി മൈസുരു, നിലമ്പൂര്‍ നഞ്ചന്‍ഗോഡ് റെയില്‍പാതകളുടെ സര്‍വെയും വിശദ പദ്ധതിരേഖ തയാറാക്കലും ആരംഭിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: