തായ്പേയ്: തായ്വാന്റെ നാവിക-വ്യോമ അതിര്‍ത്തിക്ക് ചുറ്റും ചൈന യുദ്ധവിമാനങ്ങളും കപ്പലുകളും വിന്യസിച്ചതായി റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ രാജ്യാതിര്‍ത്തിക്ക് ചുറ്റും 36 ചൈനീസ് വിമാനങ്ങളും ഏഴോളം ചൈനീസ് കപ്പലുകളും ട്രാക്ക് ചെയ്തതായി തായ്വാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതില്‍ 34 ചൈനീസ് വിമാനങ്ങള്‍ തായ്വാന്റെ ഈസ്റ്റേണ്‍ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ പ്രവേശിച്ചുവെന്നും സ്ഥിതിഗതികള്‍ സൈന്യം നിരീക്ഷിക്കുകയാണെന്നും തായ്വാന് പ്രതിരോധ മന്ത്രാലയം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ ആറിനും വെള്ളിയാഴ്ച പുലര്‍ച്ചെ ആറിനുമിടയിലുള്ള സമയത്താണ് അതിര്‍ത്തിയില്‍ ചൈനീസ് വിമാനങ്ങളുടേയും കപ്പലുകളുടേയും സാന്നിധ്യം കണ്ടെത്തിയത്. അതിര്‍ത്തി ലംഘനം നടത്തിയ ചൈനീസ് വിമാനങ്ങളെ സൈന്യം പ്രതിരോധിച്ചതായും തായ്വാന് കൂട്ടിച്ചേര്‍ത്തു.
തായ്വാന് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 11 വിമാനങ്ങളില്‍ ഏഴ് എണ്ണം തായ്വാന് കടലിടുക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. പ്രകോപനപരമായ നീക്കമെന്നാണ് തായ്വാന് സംഭവത്തെ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: