കരുനാഗപ്പള്ളി: ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യമായി നല്‍കിവരുന്ന ജീവന് രക്ഷാമരുന്ന് ലഭിക്കാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്നു. രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രോട്ടീനുകള്‍ ഉള്‍പ്പെടുന്ന ഫാക്ടര്‍- ഏഴ്, എട്ട്, ഒന്‍പത്, ഫൈബ, ഫെമിലിബ്രു എന്നീ മരുന്നുകളാണ് ഹീമോഫീലിയ രോഗികള്‍ക്ക് നല്‍കുന്നത്.
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുടെ കുറവുമൂലമുണ്ടാകുന്ന രോഗമാണ് ഹീമോഫീലിയ. രോഗം ബാധിച്ചവരില്‍ മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാതിരിക്കും. രക്തസ്രാവം നിലയ്ക്കാതിരിക്കുന്നത് രോഗികളുടെ മരണത്തിനു കാരണമായേക്കാം. ദേശീയ ആരോഗ്യ പദ്ധതിയുടെ കീഴിലുള്ള ആശാധാര പദ്ധതി പ്രകാരം സൗജന്യമായാണ് മരുന്ന് നല്‍കുന്നത്. സംസ്ഥാനത്ത് 2000 ഹീമോഫീലിയ രോഗികളാണ് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കാരുണ്യ ഫാര്‍മസി വഴിയാണ് സൗജന്യ മരുന്നുവിതരണം നടന്നിരുന്നത്. രക്തസ്രാവമുണ്ടാകുമ്പോള്‍ ഫാര്‍മസികളില്‍ നിന്ന് മരുന്നു വാങ്ങി കുത്തി വയ്പ്പെടുക്കാം. കരുതലായി രണ്ട് ഡോസ് മരുന്നും നല്‍കിയിരുന്നു. ക്ഷാമമുണ്ടായതോടെ ഇപ്പോള്‍ മരുന്ന് കൈവശം കൊടുത്തുവിടാറില്ല.
ഒരു ഡോസിന് 2,000 മുതല്‍ 50,000 രൂപ വരെ വിലവരുന്ന മരുന്നുകളാണ് രോഗികള്‍ ഉപയോഗിക്കുന്നത്. കൂടിയ വിലയും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്ന് ലഭ്യമല്ലാത്തതും അടിയന്തരഘട്ടത്തില്‍ രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ജില്ലാ, താലൂക്ക് ആശുപത്രികള്‍ വഴിയാണ് രോഗികള്‍ക്ക് മരുന്ന് നല്‍കുന്നത്. എന്നാല്‍ മിക്ക താലൂക്ക് ആശുപത്രികളിലും ഒരു മാസത്തിലേറെയായി മരുന്ന് ലഭ്യമല്ല. ഓരോ ജില്ലയിലെയും നോഡല്‍ സെന്ററായ ജില്ലാ ആശുപത്രികളില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് മരുന്നുള്ളത്. താലൂക്ക് ആശുപത്രികളിലെത്തുന്ന രോഗികളോട് ജില്ലാ ആശുപത്രിയില്‍ എത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
18 വയസുവരെ ഉള്ളവര്‍ക്ക് ബുധന്‍, ശനി ദിവസങ്ങളില്‍ ജില്ലാ, താലൂക്ക് ആശുപത്രികളില്‍ നിന്ന് മരുന്ന് ലഭിക്കുമായിരുന്നു. 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രക്തസ്രാവമുണ്ടാകുമ്പോള്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മരുന്ന് കുത്തിവയ്ക്കുകയാണ് പതിവ്. രക്തസ്രാവം നില്ക്കണമെങ്കില് ഉടന്‍ മരുന്ന് കുത്തിവയ്ക്കണം. എന്നാല്‍ രോഗികള്‍ താലൂക്ക് ആശുപത്രികളില്‍ മരുന്ന് ലഭ്യമല്ലാത്തതിനാല്‍ ജില്ലാ ആശുപത്രികളിലെത്തുമ്പോഴേക്കും ഏറെ അവശരാകും.
മരുന്നുക്ഷാമം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ പറയുന്നത്. മരുന്ന് സ്റ്റോക്കുള്ള ജില്ലകളില്‍ നിന്ന് മറ്റു ജില്ലകളിലെ നോഡല്‍ സൈന്ററുകളിലേക്ക് മരുന്ന് എത്തിച്ചു നല്‍കുകയാണ് അടിയന്തര ഘട്ടത്തില്‍ ചെയ്യുന്നത്. 60 ശതമാനം കേന്ദ്രവിഹിതം ഈ പദ്ധതിക്ക് ലഭ്യമായിട്ടും മരുന്ന് ലഭ്യമല്ലാത്തത് മറ്റു പദ്ധതി പോലെ കേന്ദ്രഫണ്ട് വകമാറ്റി ചെലവഴിച്ചതു മൂലമാണെന്ന ആക്ഷേപമാണ് ഉയരുന്നത്. മാസങ്ങളായി മരുന്ന് ലഭ്യമല്ലാതെ ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് അടിയന്തരമായി മരുന്ന് എത്തിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: