ആലപ്പുഴ: സമസ്ത മുഖപത്രത്തിന്റെ വിമര്‍ശനത്തിന് പുല്ലുവിലയേ കല്‍പ്പിക്കുന്നുള്ളൂവെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആര്‍ക്കാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടിയതെന്ന് സാമൂഹിക- സാമ്പത്തിക സര്‍വേ നടത്തിയാല്‍ വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സമസ്തയടക്കം എല്ലാവരും ചേര്‍ന്ന് ബിജെപിയെ എതിര്‍ത്തിട്ട് എന്തുണ്ടായി? ഇപ്പോഴും അവര്‍ തന്നെയാണ് ഇന്ത്യ ഭരിക്കുന്നത്, വെള്ളാപ്പള്ളി പറഞ്ഞു.
സാമൂഹിക- സാമ്പത്തിക സര്‍വേ നടത്തിയാല്‍ ആര്‍ക്കാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടിയതെന്ന് വ്യക്തമാകും. സര്‍വേ നടത്താന്‍ ആദ്യം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മൈക്രോഫിനാന്‍സ് ഉള്‍പ്പടെയുള്ള കേസുകളില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരാണ് പറഞ്ഞത്? കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ഇടതുവലതു മുന്നണികളുടെ അതിരുകവിഞ്ഞ ന്യൂനപക്ഷ പ്രീണനം തുറന്നുകാട്ടിയ വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം മുഖ്യധാരാ സംഘടനകളും തീവ്രവാദ സംഘടനകളും സംഘടിതമായി രംഗത്ത് വന്നിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയും അവരുടെ മുഖ പ്രസിദ്ധീകരണങ്ങളുമാണ് ആദ്യഘട്ടത്തില്‍ രംഗത്തെത്തിയത്. പിന്നീട് മുസ്ലിം ലീഗും വെള്ളാപ്പള്ളിയെ അധിക്ഷേപിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് സമസ്ത മുഖപത്രത്തിന്റെ അധിക്ഷേപം. വെള്ളാപ്പള്ളി വര്‍ഗീയത വിളമ്പുന്നു… തുടങ്ങിയ ആക്ഷേപങ്ങളാണ് സമസ്ത മുഖപത്രത്തിലേത്.
പിന്നാക്ക, പട്ടികജാതി വിഭാഗങ്ങള്‍ ഇടതുപക്ഷത്തില്‍ നിന്നും അകന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തേ പറഞ്ഞിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ വന്നാല്‍ അവര്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഡബിള്‍ പ്രമോഷനാണ്. അടിസ്ഥാന വിഭാഗങ്ങള്‍ക്ക് അധികാരത്തിലും പാര്‍ട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യത്തിന് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നത്. ഇതാണ് ചില മുസ്ലിം സംഘടനകള്‍ക്ക് തന്നോടുള്ള വിരോധത്തിന് പ്രധാന കാരണമെന്നും വെള്ളാപ്പള്ളി സ്വകാര്യ ചാനലിനോട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക