ന്യൂദല്‍ഹി: ലോക്സഭയിലെ മുതിര്‍ന്ന അംഗവും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ പ്രോ ടെം സ്പീക്കറാകാത്തത് അദ്ദേഹം രണ്ടു തവണ പരാജയപ്പെട്ടതിനാലാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ലോക്സഭയിലേക്ക് വിജയിച്ചെത്തുന്ന അംഗമാണ് പ്രോ ടെം സ്പീക്കറാവുന്ന കീഴ്വഴക്കമുള്ളതെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു വിശദീകരിച്ചു.
1998 മുതല്‍ ഒഡീഷയിലെ കട്ടക്കില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചെത്തിയ അംഗമാണ് ഭര്‍തൃഹരി മഹ്തബ്. എന്നാല്‍ കൊടിക്കുന്നില്‍ 1998ലും 2004ലും ലോക്സഭയിലേക്ക് പരാജയപ്പെട്ടയാളാണ്. ആകെ എട്ടുതവണ കൊടിക്കുന്നില്‍ എംപിയായെങ്കിലും തുടര്‍ച്ചയായ വിജയങ്ങളുടെ എണ്ണത്തില്‍ ഭര്‍തൃഹരിയാണ് മുന്നിലെന്നും അതാണ് കീഴ്വഴക്കമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. ദളിതനായതിന്റെ പേരിലാണ് കൊടിക്കുന്നില്‍ സുരേഷിനെ ബിജെപി പ്രോ ടെം സ്പീക്കറാക്കാത്തതെന്ന കോണ്‍ഗ്രസിന്റെ നാണംകെട്ട ആരോപണങ്ങളാണ് ഇതോടെ പൊളിഞ്ഞത്.
പ്രോ ടെം സ്പീക്കര്‍ എന്നത് താല്കാലിക പദവി മാത്രമാണ്. ലോക്സഭയുടെ നടത്തിപ്പില്‍ യാതൊരു പങ്കുമില്ല പ്രോ ടെം സ്പീക്കര്‍ക്ക് എന്നത് മനസിലാക്കണം. സ്പീക്കറുടെ തെരഞ്ഞെടുപ്പ് വരെയുള്ള താല്കാലിക ക്രമീകരണമാണ്. ചട്ടങ്ങളും നിയമങ്ങളും അറിയാത്തവരാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും കിരണ്‍ റിജിജു പറഞ്ഞു.
ഭരണഘടനയുടെ 95(1) ചട്ടപ്രകാരം ലോക്സഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പു വരെയുള്ള സഭാ നടപടികള്‍ നിയന്ത്രിക്കുന്ന പ്രോ ടെം സ്പീക്കറായി ഭര്‍തൃഹരിയെ നിയമിച്ച് വ്യാഴാഴ്ച രാത്രിയാണ് രാഷ്ട്രപതി ഉത്തരവിറക്കിയത്.
എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.ആര്. ബാലു, രാധാമോഹന്‍ സിങ്, ഫഗ്ഗന്‍സിങ് കുലസ്തെ, സുദീപ് ബന്ദോപാധ്യായ എന്നിവരെ എംപിമാരുടെ സത്യപ്രതിജ്ഞ അടക്കമുള്ള നടപടികളില്‍ പ്രോടെം സ്പീക്കറെ സഹായിക്കാനും രാഷ്ട്രപതി നിയമിച്ചിരുന്നു. എന്നാല്‍ ദളിതനായതിന്റെ പേരില്‍ കൊടിക്കുന്നില്‍ സുരേഷിനെ മാറ്റിനിര്‍ത്തിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്. ദളിതനായതിനാലാണ് തനിക്ക് കോണ്‍ഗ്രസില്‍ അര്‍ഹിച്ച സ്ഥാനം ലഭിക്കാത്തതെന്ന് നിരന്തരം ആരോപിക്കുന്ന കൊടിക്കുന്നില്‍ സുരേഷ്, ലോക്സഭയിലെ മുതിര്‍ന്ന അംഗമായിട്ടും 2019ല്‍ ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നപ്പോഴും സമാന ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ അത്തരം പരാതികളില്‍ പ്രതികരിക്കാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പ്രോ ടെം സ്പീക്കര്‍ പദവിയുടെ വിഷയത്തില്‍ ദളിതനെ മാറ്റിനിര്‍ത്തിയെന്ന ആരോപണം ഉന്നയിക്കുന്നത് വിചിത്രമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: