കല്‍പ്പറ്റ: വയനാട്ടിലെ വനവാസി കോളനിയില്‍ നിന്ന് വയോധികന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചുമന്നു നടന്നത് കിലോമീറ്ററുകള്‍. അമ്പലവയല്‍ നെല്ലാറച്ചാല്‍ ചീപ്രം കുണ്ടരഞ്ഞി കോളനിയില്‍ രാജന്റെ മൃതദേഹവും ചുമന്ന് പ്രദേശവാസികളായ യുവാക്കളാണ് നടന്നത്. സംസ്ഥാനത്താകെ പൗരജീവിതം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ന്നു എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ഈ ദുരനുഭവം.
രാജന്റെ മൃതദേഹവും ചുമന്ന് പോസ്റ്റുമോര്‍ട്ടത്തിന് പോകാന്‍ ആംബുലന്‍സ് എത്തുന്നിടത്തേക്കാണ് ഇവര്‍ കിലോമീറ്ററുകള്‍ നടന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മറവ് ചെയ്യാന്‍ കോളനിയിലേക്ക് എത്തിച്ചതും ഇങ്ങനെ തന്നെ. മൃതദേഹവും ചുമന്ന് യുവാക്കള്‍ നടക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
നാല് വര്‍ഷം മുമ്പാണ് ഈ കോളനിയിലേക്ക് 25 കുടുംബങ്ങളെ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് മാറ്റിപാര്‍പ്പിച്ചത്. എന്നാല്‍ ഇങ്ങോട്ടേക്ക് ഇനിയും വഴിയായിട്ടില്ല. കുടിവെള്ളവും കിട്ടാനില്ല.
ആകെയുള്ള മണ്‍വഴി മഴ ആരംഭിച്ചതോടെ ചെളിക്കുളമായി. അധികൃതരുടെ വാക്ക് വിശ്വസിച്ച് ഉണ്ടായിരുന്ന കിടപ്പാടം ഉപേക്ഷിച്ച് വന്നവരാണ് ഇന്ന് ഇത്തരത്തില്‍ ദുരിതക്കയത്തിലായത്. മുമ്പും രോഗികളെ ചുമന്ന് കൊണ്ട് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നതെന്ന് കോളനിവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: