കൊച്ചി: ഇടുക്കി ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്ന് ഷീബ ജോര്‍ജിനെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്കി.
സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഇടക്കാല അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ഡിവിഷന്‍ബെഞ്ച് അനുമതി നല്‍കിയത്. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ എന്ന സംഘടന നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറെ നേരത്തെ ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കളക്ടര്‍ ഷീബ ജോര്‍ജിനെ വടക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിടണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഡിവിഷന് ബെഞ്ച് നേരത്തെ തള്ളിയിരുന്നു. 2023 ഒക്ടോബറില്‍ പുറപ്പെടുവിച്ച ഉത്തരവില്‍, രണ്ട് മാസത്തിനുള്ളില്‍ ഭൂമി സംരക്ഷണ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ കോടതിക്ക് ഉറപ്പ് നല്‍കിയതായി ബെഞ്ച് ചൂണ്ടിക്കാട്ടി. അവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ മുഴുവന്‍ നടപടികളും പാളം തെറ്റുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
2023 ഒക്ടോബര്‍ 10 വരെ കോടതിയില്‍ നിന്ന് കൂടുതല്‍ ഉത്തരവുകള്‍ ലഭിക്കാതെ ഷീബ ജോര്‍ജിനെ ഒഴിവാക്കരുതെന്നും ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിന്റെ ഇടക്കാല അപേക്ഷ പരിഗണിക്കവെ, അവരെ ഒഴിവാക്കുന്നതിന് തടസമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. എന്നാല്‍ മൂന്നാറിന് സ്പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: