ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യകേസില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി.
വ്യാജമദ്യ ദുരന്തം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ചുണ്ടിക്കാട്ടി എഐഎഡിഎംകെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം.
കഴിഞ്ഞ വര്‍ഷം അയല്‍ ജില്ലകളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ വിശദീകരിക്കണം. പ്രശ്നത്തെ നിസാരമായി കാണാനാകില്ലെന്ന് ജസ്റ്റിസ് ഡി. കൃഷ്ണകുമാര്‍, ജസ്റ്റിസ് കെ. കുമരേഷ് ബാബു എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കള്ളക്കുറിച്ചിയിലെ സംഭവത്തിന് ആഴ്ചകള്‍ക്ക് മുമ്പ്തന്നെ പ്രദേശത്ത് വ്യാജമദ്യ വില്പ്പനയുള്ളതായി പ്രാദേശിക പത്രങ്ങളും ഒരു യൂട്യൂബറും വാര്‍ത്ത പുറത്തുവിട്ടിരുന്നെന്നും കോടതി അറിയിച്ചു. എഐഡിഎംകെയുടെ നിയമ വിഭാഗം സെക്രട്ടറി ഐഎസ് ഇന്ബദുരൈയുടേതാണ് ഹര്‍ജി.
അതേസമയം കേസ് അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറിയതായി തമിഴ്നാട് അഡ്വക്കേറ്റ് ജനറല്‍ (എജി) പി.എസ്. രാമന് കോടതിയെ അറിയിച്ചു. നാല് പേരെ അറസ്റ്റ് ചെയ്തതായും നിരവധി പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ ജീവന് രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ നിലവില്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. ശേഷം ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും എജി കോടതിയില്‍ അറിയിച്ചു.
അതേസമയം വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി. നൂറോളം പേരാണ് കള്ളക്കുറിച്ചി. വില്ലുപുരം, സേലും ജിപ്മെര്‍ എന്നീ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. വിഷാംശമുള്ള മീഥേന്‍ കലര്‍ന്ന മദ്യം കഴിച്ചതാണ് അപകട കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായിട്ടുണ്ട്. തുടരന്വേഷണം നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: