ഹമാസിനെ പിന്തുണയ്‌ക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹെസ്ബൊള്ളയുടെ ആസ്ഥാനമാണ് ലെബനന്‍. ഇസ്രയേലിന്റെ മണ്ണില്‍ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1139 ഇസ്രയേലികള്‍ കൊല്ലപ്പെട്ടതോടെയാണ് ഇസ്രയേല്‍ ഹമാസിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഇപ്പോള്‍ ഹമാസിനെ പിന്തുണയ്‌ക്കുന്ന ലെബനണിലെ തീവ്രവാദ ഗ്രൂപ്പായ ഹെസ്ബൊള്ളയെക്കൂടി ആക്രമിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഒരു സമ്പൂര്‍ണ്ണയുദ്ധം തന്നെ ഹെസ്ബൊള്ളയ്‌ക്കെതിരെ നടത്താനാണ് പദ്ധതിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ ഹെസ്ബൊള്ള കേന്ദ്രങ്ങള്‍ നടുങ്ങിയിരിക്കുകയാണ്.
ഈ ആക്രമണത്തിന് ശക്തിപകരാന്‍ ഇസ്രയേല്‍ സേനയ്‌ക്ക് ഇറങ്ങാനും പോകാനും യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട സൈപ്രസ് എന്ന രാജ്യത്തിലെ വിമാനത്താവളം ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ഇസ്രയേല്‍. സൈപ്രസും ഇസ്രയേലിന് വേണ്ടി വിമാനത്താവളം തുറന്നുകൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.
ഇതില്‍ നിന്നും സൈപ്രസിനെ തടയാന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലെബനൊണിലെ ഹെസ്ബൊള്ള നേതാവ് ഹസ്സന്‍ നെസ്രൊള്ള. ഇസ്രയേല്‍ സേനയ്‌ക്ക് വിമാനത്താവളം തുറന്നുകൊടുത്താല്‍ സൈപ്രസും തങ്ങളുടെ ശത്രുവാണെന്നും സൈപ്രസിനെ ആക്രമിക്കുമെന്നാണ് ഹെസ്ബൊള്ള നേതാവ് ഹസ്സന്‍ നെസ് റൊള്ളയുടെ താക്കീത്. ഷിയ മുസ്ലിം തീവ്രവാദഗ്രൂപ്പാണ് ഹെസ്ബൊള്ള.
സൈപ്രസ് യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യമാണെന്നും സൈപ്രസിനെതിരായ ഭീഷണി യൂറോപ്യന്‍ യൂണിയനെതിരായ ഭീഷണിയാണെന്നും അതിനെ ശക്തമായി നേരിടുമെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ലെബനന്‍ ഭരണാധികാരികളാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഏത് വിധേനെയും യുദ്ധം ഒഴിവാക്കാന്‍ ലെബനന്‍ ഭരണാധികാരികള്‍ സൈപ്രസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സിറിയയിലും യെമനിലും ആക്രമണം നടത്താന്‍ നേരത്തെ ബ്രിട്ടീഷ് സേന സൈപ്രസിലെ വിമാനത്താവളങ്ങള്‍ ഉപയോഗിച്ചിരുന്നു. പശ്ചിമേഷ്യയ്‌ക്കും തെക്കന്‍ യൂറോപ്പിനും ഇടയ്‌ക്ക് കിടക്കുന്ന സ്ഥലമായതിനാല്‍ ലെബനന്‍ ആക്രമിക്കാനും നല്ലൊരു തന്ത്രപ്രധാനകേന്ദ്രമാണ് സൈപ്രസ്. നികോസിയ തലസ്ഥാനമായ സൈപ്രസില്‍ ആകെ 9.2 ലക്ഷം ജനങ്ങളേ ഉള്ളൂ. യൂറോപ്യന്‍ യൂണിയന്‍ അംഗമാണെങ്കിലും സൈപ്രസ് നേറ്റോയില്‍ അംഗമല്ല. ഹെസ്ബൊള്ളയെ ആക്രമിക്കാന്‍ വേണ്ടി ഇസ്രയേല്‍ സേനയ്‌ക്ക് പരിശീലനം നല്‍കാന്‍ സൈപ്രസ് മണ്ണ് ഇസ്രയേല്‍ ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: