അവഗണനയുടെ കടല്‍ച്ചുഴിയില്‍പ്പെട്ടുലയുകയാണ് കേരളത്തിലെ മത്സ്യബന്ധന മേഖല. തൊഴില്‍പരമായും സാമ്പത്തികമായും ഈ വിഭാഗം ഒട്ടേറെ വെല്ലുവിളികളാണ് നേരിടുന്നത്. എറണാകുളത്ത് നടന്ന ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ 22-ാമത് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്.
സാമ്പത്തിക പാക്കേജ് അനുവദിക്കണം
കാലാവസ്ഥാ വ്യതിയാനവും മത്സ്യലഭ്യതക്കുറവും മൂലം കേരളത്തിലെ മത്സ്യബന്ധനമേഖല പ്രതിസന്ധിയിലാണ്. ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് മത്സ്യബന്ധന യാനങ്ങളും, ഉപകരണങ്ങളും വാങ്ങിയവരുടെ വായ്പ തിരിച്ചടവ് നിലച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് മത്സ്യത്തൊലാളികള്‍ക്ക് സഹായകമാവുന്ന വിധത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം.
ജലാശയങ്ങളെ രാസമാലിന്യത്തില്‍ നിന്ന് സംരക്ഷിക്കണം
കേരളത്തിലെ നദികളിലേക്കും കായലുകളിലേക്കും സമീപത്തെ വ്യാവസായിക ശാലകളില്‍ നിന്ന് വന്‍തോതില്‍ രാസമാലിന്യം ഒഴുക്കി വിടുന്നു. ഇത് തടയാന്‍ ആവശ്യമായ നിയമനടപടി സ്വീകരിക്കണം ഉപജീവനത്തിനായി മീന്‍പിടുത്തം തൊഴിലാക്കിയ മത്സ്യത്തൊഴിലാളികളേയും, കൂട് മത്സ്യകൃഷി നടത്തിക്കൊണ്ടിരിയ്ക്കുന്ന മത്സ്യകര്‍ഷകരേയും രാസമാലിന്യത്താല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പ്രതിസന്ധിയിലാക്കുന്നു.
പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തിയ ‘കുഫോസ് ‘സംഘം വെള്ളത്തില്‍ അപകടകരമായ തോതില്‍ കലര്‍ന്നിരിക്കുന്നത് അമോണിയയും സള്‍ഫേഡും ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പെരിയാറിന്റെ ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതിനും, ജലത്തിന്റെ സ്വാഭാവികതയ്ക്കും മത്സ്യസമ്പത്തിനും ഭീഷണിയായിക്കൊണ്ടിരിയ്ക്കുന്ന വ്യാവസായിക രാസ മാലിന്യം പുഴയിലേക്കും കായലിലേക്കും യഥേഷ്ടം ഒഴുക്കി വിടുന്നത് കര്‍ശനമായി തടയാന്‍ സര്‍ക്കാര്‍ ഇടപെടണം.
ദേശീയ ഭവന നിര്‍മാണ പദ്ധതി പുനസ്ഥാപിക്കണം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി നടപ്പാക്കി വന്നിരുന്ന ദേശീയ ഭവന നിര്‍മാണ പദ്ധതി ഏതാനും വര്‍ഷങ്ങളായി കേരള സര്‍ക്കാര്‍ ലൈഫ് മിഷന് പദ്ധതിയിലേക്ക് മാറ്റിയത് കാരണം അര്‍ഹരായ മത്സ്യത്താഴിലാളികള്‍ക്ക് വീട് ലഭിക്കാത്ത സാഹചര്യമാണിപ്പോള്‍. അതിനാല്‍ ദേശീയ മത്സ്യത്തൊഴിലാളി ക്ഷേമ ഭവന നിര്‍മാണ പദ്ധതി പുനസ്ഥാപിയ്ക്കണം.
തീരദേശ ഭവന നിര്‍മാണങ്ങള്‍ക്ക് തടസ്സമായിരുന്ന സിആര്‍ഇസഡ് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണം. മത്സ്യബന്ധന യാനങ്ങള്‍ക്കായുള്ള ഇന്ധനങ്ങള്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്തണം.
കൊല്ലം ആലപ്പാട്ട് നടക്കുന്ന അശാസ്ത്രീയമായ കരിമണല്‍ ഖനനം കാരണം വീടു നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കണം.
ചെറുകിട മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള ലൈസന്‍സ് ഫീസ് 10 ഇരട്ടി വര്‍ദ്ധിപ്പിച്ച നടപടി പുനഃപരിശോധിക്കണം.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പെന്ഷന് കാലാനുസൃതമായി പരിഷ്കരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: