India

കുടിവെള്ളത്തിന് മരണം വരെ നിരാഹാരമെന്ന് അതീഷി; ആം ആദ്മി കുടിവെള്ളപ്രശ്നം ഉണ്ടാക്കിയത് ടാങ്കര്‍ ലോറി മാഫിയയെ സഹായിക്കാനെന്ന് ബാംസുരി സ്വരാജ്

Published by

ന്യൂദല്‍ഹി: ദല്‍ഹിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ മോദി സര്‍ക്കാരിനെതിരെ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്ന് ആം ആദ്മി മന്ത്രി അതീഷി. കുടിവെള്ളപ്രശ്നം ആം ആദ്മി സര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന് തിരിച്ചടിച്ച് ബിജെപി എംപിയും സുഷമ സ്വരാജിന്റെ മകളുമായ ബാംസുരി സ്വരാജ്.

ഹരിയാനയില്‍ നിന്നും കൂടുതല്‍ കുടിവെള്ളം എത്തിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരസമരം നടത്തുമെന്ന് അതീഷി അഭിപ്രായപ്പെട്ടു. അടിസ്ഥാനതലത്തില്‍ പ്രശ്നപരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം കെജ്രിവാള്‍ സര്‍ക്കാര്‍ നാടകീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി എംപി ബാംസുരി സ്വരാജ് തിരിച്ചടിച്ചു.

“ദല്‍ഹിയിലെ കുടിവെള്ളപ്രതിസന്ധി സ്വാഭാവികമായി ഉണ്ടായ ഒരു പ്രതിസന്ധിയല്ല. അനധികൃത ടാങ്കര്‍ ലോറി മാഫിയയെ സഹായിക്കാനും അഴിമതി നടത്താനും കെജ്രിവാള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചതാണ് ഈ കുടിവെള്ളപ്രതിസന്ധി”. – ബാംസുരി സ്വരാജ് അഭിപ്രായപ്പെട്ടു.

ദല്‍ഹിയില്‍ ആം ആദ്മിയ്‌ക്ക് ഭീഷണിയായി ബാംസുരി സ്വരാജ്

ദല്‍ഹിയില്‍ ആം ആദ്മിയ്‌ക്കെതിരായ ബിജെപിയുടെ ശക്തയായ നേതാവായി ബാംസുരി സ്വരാജ് ഉയര്‍ന്നുവരികയാണ്. അതിന് ഉദാഹരണമാണ് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂദല്‍ഹിയില്‍ ആം ആദ്മിയുടെ സോംനാഥ് ഭാരതി എന്ന ശക്തനായ നേതാവിനെയാണ് ബാംസുരി സ്വരാജ് തറപറ്റിച്ചത്. 78370 വോട്ടുകള്‍ക്കാണ് ബാംസുരി സ്വരാജ് ജയിച്ചത്. ലോക് സഭാ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മത്സരിക്കാതിരുന്ന മീനാക്ഷി ലേഖിക്ക് പകരമായാണ് നിയമജ്ഞ കൂടിയായ ബാംസുരി ബിജെപി ടിക്കറ്റില്‍ ഇക്കുറി മത്സരിച്ച് വിജയക്കൊടി നാട്ടിയത്. തോറ്റാന്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്ന് വരെ സോംനാഥ് ഭാരതി പ്രഖ്യാപിച്ചിരുന്നു. അഴിമതിയുടെ കറ പുരളാത്ത രാഷ്‌ട്രീയ വ്യക്തിത്വത്തിന് ഉടമയായിരുന്ന അന്തരിച്ച സുഷമസ്വരാജിന്റെ മകള്‍ എന്നതും ബാംസുരി സ്വരാജിന്റെ മാറ്റ് കൂട്ടിയിരുന്നു. അരവിന്ദ് കെജ്രിവാള്‍ തീഹാര്‍ ജയിലില്‍ പോയപ്പോള്‍ ആം ആദ്മിയുടെ മുഖമായി മാറാന്‍ ശ്രമിക്കുന്ന അതിഷിയ്‌ക്കെതിരെ ശക്തമായ ചെറുത്തുനില്‍പാണ് ബാംസുരി സ്വരാജ് ഉയര്‍ത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക