തൃശൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെതിരായ വധശ്രമ കേസില്‍ എസ്ഡിപിഐ പ്രവര്ത്തകന് ഷാഫിക്ക് 9 വര്‍ഷം കഠിന തടവും 15000 രൂപ പിഴും ശിക്ഷ.ചാവക്കാട് എടക്കഴിയൂര്‍ നാലാം കല്ല് പടിഞ്ഞാറെ ഭാഗം കിഴക്കത്തറ ഷാഫിയെ(30)ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായാണ് ശിക്ഷിച്ചത്.
കേസിലെ ഒന്നും, മൂന്നും, പ്രതികളെ നേരത്തെ 9 കൊല്ലം തടവും 30,000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ആ സമയം രണ്ടാം പ്രതിയായ ഷാഫി ഒളിവിലായിരുന്നു.
സംഭവം നടന്നത് 2018 ഏപ്രില്‍ 26 നാണ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ എടക്കഴിയൂര്‍ നാലാംകല്ലില്‍ കറുപ്പം വീട്ടില്‍ ബിലാലും മനയത്ത് നഹാസും പണിച്ചാംകുളങ്ങര സാദിഖും ഒന്നിച്ച് ചാലില്‍ കരീം എന്നയാളുടെ പറമ്പില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ഈ സമയം ഒന്നാം പ്രതി മുബിന് രണ്ടാം പ്രതി ഷാഫി, മൂന്നാം പ്രതി നസീര്‍ എന്നിവര്‍ വാളും ഇരുമ്പ് പൈപ്പുമായി ബൈക്കില്‍ വന്ന് ബിലാലിനെ വെട്ടുകയും അടിക്കുകയും ചെയ്തുവെന്നാണ് കേസ്.
ബിലാലും മൂന്നാം പ്രതി നസീറുമായി മുമ്പ് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിലാല്‍ ചാവക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വിരോധമാണ് ബിലാലിനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ ആക്രമണം നടത്താന്‍ കാരണം.
ഒന്നാം പ്രതി മുബിന് പുന്ന നൗഷാദ് കൊലപാതക കേസിലെ ഒന്നാം പ്രതിയാണ്. പിഴ സംഖ്യ മുഴുവന്‍ പരിക്ക് പറ്റിയ ബിലാലിന് നല്കാന് വിധിയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: