പാലക്കാട്: കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. അഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. 4 മാസത്തെ വൈദ്യുതി കുടിശ്ശികയായ 53,201 രൂപയാണ് ആകെ അടക്കാനുള്ളത്.
മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്‌ക്കാൻ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അഗളി കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിൽ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 2500 ലേറെ കുട്ടികളാണ് പഠിക്കുന്നത്.
നേരത്തെ നാൽപ്പതിനായിരം രൂപയുടെ ബിൽ കുടിശ്ശിക പ്രധാനാധ്യാപിക അടച്ച് പ്രതിസന്ധി പരിഹരിച്ചിരുന്നു. നിലവിൽ ഹയ൪സെക്കൻഡറി സേ പരീക്ഷയും പ്രവേശന നടപടികളും പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് എൻ ഷംസുദ്ധീൻ എംഎൽഎ കത്തു നൽകി.
പ്ലാൻ ഫണ്ടിൽ 50 ലക്ഷം രൂപ സ്കൂളിനായി നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പാണ് നിര്‍വഹണം നടത്തുന്നതെന്നുമാണ് ജില്ലാ പഞ്ചായത്തിൻറെ വിശദീകരണം. ബിൽ ട്രഷറിയിൽ നിന്നും മാറ്റുന്നതടക്കം നടപടികളിൽ വിദ്യാഭ്യാസ വകുപ്പ് കാലതാമസം വരുത്തിയതാണ് ഫ്യൂസ് ഊരാനിടയാക്കിയതെന്നാണ് വിമർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: