Main Article

ഇന്ന് അന്തര്‍ദേശീയ യോഗ ദിനം: കര്‍മ്മത്തെ യോഗമാക്കുക

ലോകസമാധാനത്തിനുള്ള ഭാരതത്തിന്റെ സംഭാവനയാണ് യോഗ. ‘യോ മാം പശ്യതി സര്‍വ്വത്ര, സര്‍വ്വം ച മയി പശ്യതി’ എന്നു ഭഗവദ്ഗീതയില്‍ പറയുന്നു. സര്‍വ്വ ചരാചരങ്ങളിലും എന്നെ കാണുക, സര്‍വ്വ ചരാചരങ്ങളെയും എന്നില്‍ കാണുക – ഈ പൂര്‍ണതയിലേയ്‌ക്കു മനുഷ്യ’മനസ്സിനെ വികസിപ്പിക്കാനാണ് യോഗ!

സ്വാര്‍ത്ഥത സംഘര്‍ഷത്തിലേയ്‌ക്കും നിസ്വാര്‍ത്ഥത സമാധാനത്തിലേയ്‌ക്കും നയിക്കും. സ്വാര്‍ത്ഥതയെയാണ് രാക്ഷസീയത, ആസുരികത എന്നൊക്കെ പറയുന്നത്. നിസ്വാര്‍ത്ഥതയെയാണ് ദൈവീകത, ആത്മീയത എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. രാക്ഷസീയതയില്‍നിന്ന് ദൈവീകതയിലേയ്‌ക്ക്, ആസുരികതയില്‍നിന്ന് ആത്മീയതയിലേയ്‌ക്കുയര്‍ത്താന്‍ മനുഷ്യനെ സജ്ജമാക്കുന്നതാണ് യോഗ. വാസ്തവത്തില്‍ യോഗം എന്നാണ് പറയേണ്ടത്, കൂടിച്ചേരല്‍. പ്രത്യയശാസ്ത്രങ്ങള്‍ സംഘര്‍ഷത്തിന്റെയും യോഗം കൂടിച്ചേരലിന്റെയും ആശയമാണ് അവതരിപ്പിക്കുന്നത്.

ഈ യോഗയെ ലോകത്തിനു സംഭാവന ചെയ്തു എന്നതാണ് ലോകം ഭാരതത്തെ ആദരിക്കുന്നതിന്റെ ഒരു കാരണം.

ഐക്യരാഷ്‌ട്രസഭയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കണം ഒട്ടേറ രാജ്യങ്ങള്‍ വളരെ വേഗത്തില്‍ പിന്തുണ നല്‍കിയ പ്രമേയമായി യോഗ ദിനം മാറിയത്. ജൂണ്‍ 21 യോഗ ദിനമായി ആചരിക്കണം എന്ന പ്രമേയത്തെ പിന്തുണച്ചത് 175 അംഗരാജ്യങ്ങളാണ്. അതില്‍ 47 മുസ്ലീം രാജ്യങ്ങളും പെടുന്നു. 2014 സപ്തംബര്‍ 27ന് ഐക്യരാഷ്‌ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ 69-ാം സമ്മേളനത്തില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇങ്ങനെ ഒരാശയം മുന്നോട്ടുവച്ചത്. രണ്ടര മാസത്തിനുള്ളില്‍, 2014 ഡിസംബര്‍ 14 ന് ഐക്യരാഷ്‌ട്രസഭയുടെ ഔപചാരികമായ പ്രഖ്യാപനവും ഉണ്ടായി. അന്താരാഷ്‌ട്രതലത്തില്‍ ആരോഗ്യപരിപാലനം, സഹവര്‍ത്തിത്വം, സമാധാനം എന്നീ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഐക്യരാഷ്‌ട്രസഭ യോഗ ദിനം ആഹ്വാനം ചെയ്തത്.

ഭാരതീയ റിസര്‍വ് ബാങ്ക് 2015ല്‍ യോഗ ദിനത്തിന്റെ സ്മാരകമായി നൂറു രൂപയുടെ നാണയം ഇറക്കി. 2017ല്‍ യു.എന്‍. പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പത്ത് യോഗാസനങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി സ്റ്റാമ്പും ഇറക്കി. ജൂണ്‍ 21 തെരഞ്ഞെടുക്കാനുള്ള കാരണം, അന്നാണ് പകല്‍ ഏറ്റവും കൂടുതലുള്ള ദിവസം എന്നതാണ്. ഉത്തരായനം തീരുന്ന ദിവസമാണത്. പകല്‍ കൂടുതല്‍ എന്നാല്‍ പ്രവൃത്തി കൂടുതലെടുക്കാന്‍ കിട്ടുന്ന സന്ദര്‍ഭമെന്നാണ്. ‘യോഗ: കര്‍മ്മസു കൗശലം’ എന്ന ഗീതാവാക്യവും ഇവിടെ ഓര്‍ക്കേണ്ടതാണ്. ‘പ്രവര്‍ത്തിയിലുള്ള മിടുക്ക് തന്നെയാണ് യോഗം’ എന്നു പറയുന്നത്.

യോഗമാര്‍ഗങ്ങള്‍ പലതാണ്. അതില്‍ പ്രധാനമായും പറയുന്നത് കര്‍മ്മ- ഭക്തി- ജ്ഞാന- രാജയോഗങ്ങളാണ്. കര്‍മ്മം ശരീരപ്രധാനമാണ്. ഭക്തി വൈകാരികമാണ് – മാനസികം! ജ്ഞാനം ബുദ്ധി പ്രധാനവും രാജയോഗം ഊര്‍ജ്ജ സഞ്ചാലന പ്രധാനവുമാണ് (പ്രാണനിയന്ത്രണം). യോഗമാര്‍ഗത്തില്‍ മുന്നേറാന്‍ എളുപ്പം കര്‍മ്മയോഗമാണെന്ന് ഗീതാകാരന്‍ പറയുന്നു. നമ്മുടെ നിത്യജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളിലൂടെ ഈ മുന്നേറ്റം മനുഷ്യന് സാധ്യമാക്കാം.

കര്‍മ്മത്തിന്റെ മഹത്വത്തിനു കാരണം ജനനമോ കുലമോ അല്ല, ചെയ്യുന്ന വ്യക്തിയുടെ ഇച്ഛാശക്തിയും ത്യാഗവുമാണ്. എപ്പോഴും കര്‍മ്മനിരതനായിരിക്കുന്നയാളിന് എങ്ങനെയാണ് ശാന്തിയും സ്വസ്ഥതയും ലഭിക്കുക? കര്‍മവും കര്‍ത്താവും രണ്ടായിരിക്കുമ്പോഴാണ് ഈ പ്രശ്‌നമുണ്ടാവുന്നത്. പ്രവൃത്തിയില്‍ ലയിക്കുന്നയാളിന് ക്ഷീണമോ മടുപ്പോ തോന്നില്ല; ആനന്ദമേ ഉണ്ടാകൂ. അതിനെയാണ് കര്‍മ്മയോഗമെന്നു പറയുന്നത്. കര്‍മ്മത്തെ യോഗമായി കാണുന്ന ഒരാളിന്, പ്രവൃത്തിയെ ആരാധനയായി കാണുന്ന വ്യക്തിക്ക് ഓരോ പ്രവൃത്തിയും ഉത്സാഹജനകവും ആവേശഭരിതവുമായിരിക്കും. ഒപ്പം സ്വസ്ഥതയ്‌ക്കും ശാന്തിക്കും അവശ്യം വേണ്ടത്, ചെയ്ത കാര്യത്തോട് ഒട്ടല്‍ ഇല്ലാതിരിക്കുക എന്നതുമാണ്.

അത് പരിശീലിക്കാന്‍ എളുപ്പമാണ്. ആദ്യം നാം കര്‍മ്മം ചെയ്യുക. പിന്നീട് സ്വയം നിരീക്ഷിക്കുക, ഇത് സ്വാര്‍ത്ഥമാണോ അല്ലയോ എന്ന്. സ്വാര്‍ത്ഥതയില്‍നിന്ന് ആനന്ദവും സ്‌നേഹവും ഉണ്ടാവില്ല. സ്വാര്‍ത്ഥത സ്‌നേഹത്തെ തടയും. ത്യാഗത്തെ ഉപേക്ഷിക്കും. സഹനത്തെ നഷ്ടപ്പെടുത്തും. അകത്തും പുറത്തും സംഘര്‍ഷം മാത്രമായിരിക്കും. സംഘര്‍ഷരഹിത ജീവിതത്തിനും സമൂഹത്തിനും സ്വാര്‍ത്ഥതയെ കുഴിച്ചുമൂടി നിസ്വാര്‍ത്ഥതയെ നട്ടുനനച്ചു വളര്‍ത്തുക എന്നതാണ് വഴി. സംഘര്‍ഷരഹിത സമൂഹ ജീവിതത്തിനും യോഗയുടെ ഈ മാര്‍ഗം തന്നെയാണ് പരിഹാരം!

കര്‍മ്മത്തെ സ്വാര്‍ത്ഥതയില്‍നിന്നു വിടുവിക്കുക. സ്വാര്‍ത്ഥന്‍ എല്ലാ കര്‍മ്മത്തിലും അസ്വസ്ഥനായിരിക്കും. ഏതു തൊഴിലില്‍നിന്നും സംതൃപ്തിയോ ആനന്ദമോ ലഭിക്കില്ല. ജീവിതം ആദ്യവസാനം ഭാരവും നിരാശ നിറഞ്ഞതുമായിരിക്കും. അതിനാല്‍ കര്‍മ്മത്തെ യോഗമാക്കുക! നഷ്ടത്തിലും ലാഭത്തിലും നിരാശയോ ആവേശമോ ഉണ്ടാകാതെ, സുഖത്തിലും ദുഃഖത്തിലും എല്ലാം സന്തുലനം പാലിക്കാന്‍ കഴിയും. വീഴ്ചയില്‍ തകരാതെയും ഉയര്‍ച്ചയില്‍ അഹങ്കരിക്കാതെയും മുന്നേറാന്‍ കഴിയും. ആകെ നാം ചെയ്യേണ്ടത്, കര്‍മ്മത്തെ യോഗമാക്കുക, പ്രവൃത്തിയെ ആരാധനയാക്കുക എന്നതു മാത്രമാണ്. അതാണ് യോഗയുടെ മര്‍മ്മം; യോഗദിനത്തിന്റെയും!

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക