തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത തിരിച്ചടിക്ക് എസ്എന്‍ഡിപിയെയും വെള്ളാപ്പള്ളി നടേശനെയും ബിഷപ്പുമാരെയും കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
എസ്എന്‍ഡിപി വര്‍ഗീയതയ്ക്കു കീഴടങ്ങി. നേതൃത്വം ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക നിലപാടുകളെ ബലി കഴിക്കുന്നു. ബിഡിജെഎസിലൂടെ എസ്എന്‍ഡിപിയിലേക്ക് ബിജെപി ആസൂത്രിതമായി കടന്നുകയറി. വര്‍ഗീയവത്കരണത്തെ പിന്തുണയ്ക്കുന്നവരാണ് ബിജെപിയെ അനുകൂലിക്കുന്നത്. സംഘ പരിവാറിന്റെ കുറെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തന ഫലമായി എസ്എന്‍ഡിപിയിലെ ഒരുവിഭാഗം അവര്‍ക്കനുകൂലമായി. ക്രൈസ്തവരിലെ ഒരുവിഭാഗം ബിജെപിക്ക് അനുകൂലമായി, തുടങ്ങിയവയാണ് കനത്ത തോല്‍വിക്കു കാരണമായി ഗോവിന്ദന് വിശദീകരിച്ചത്.
മൂന്നു ദിവസത്തെ സംസ്ഥാന സമിതി യോഗവും സംസ്ഥാന സെക്രട്ടേറിയറ്റിനുംശേഷം തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണം വിവരിക്കവേയാണ് എസ്എന്‍ഡിപിയെയും ക്രൈസ്തവ സഭകളെയും രൂക്ഷമായി വിമര്‍ശിച്ചതും പരാജയത്തിന് പഴിചാരിയതും. രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ ഇടതുപക്ഷം ന്യൂനപക്ഷത്തിനു കീഴ്പെട്ടിരിക്കുന്നെന്ന് വെള്ളാപ്പള്ളി പറയുന്നത് മത നിരക്ഷേപ ഉള്ളടക്കമുള്ള കേരളത്തിന് അനുയോജ്യമായതല്ലെന്ന് ഗോവിന്ദന് വിമര്‍ശിച്ചു. എസ്എന്‍ഡിപി രൂപീകരണം മുതല്‍ സ്വീകരിച്ച മത നിരപേക്ഷ ഉള്ളടക്കമുണ്ട്. അതില്‍ നിന്നു വ്യത്യസ്തമായി വര്‍ഗീയതയിലേക്കു നീങ്ങാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നു.
തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് രൂപീകരണത്തോടെ ബിജെപി ആസൂത്രിതമായി വിഭാവനം ചെയ്ത ഈ ജനവിഭാഗങ്ങളിലേക്കു കടന്നുകയറാനുള്ള അജണ്ട നടപ്പാക്കുകയാണ്. എസ്എന്‍ഡിപി നേതൃത്വം ഇപ്രാവശ്യം ബിജെപിക്കും ആര്‍എസ്എസിനും അനുകൂലമായി വോട്ടു മാറ്റി. ഇതിലൂടെ ഇടതുപക്ഷത്തിന് അനുകൂലമായി വരേണ്ടിയിരുന്ന ഒരുവിഭാഗം വോട്ട് നഷ്ടമായി. വെള്ളാപ്പള്ളി നടേശന്റെ മകന് തുഷാര്‍ വെള്ളാപ്പള്ളി, ഇപ്പോള്‍ ഭാര്യ, ഇവരുടെ മെല്ലെ മെല്ലെയുള്ള ആര്എസ്എസ്വത്കരണ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നെന്ന് ഗോവിന്ദന് പറയുന്നു.
ക്രൈസ്തവരിലെ ഒരുവിഭാഗം ബിജെപിക്ക് അനുകൂലമായി മാറി. ചില മേഖലകളില്‍ ബിഷപ്പുമാരുള്‍പ്പെടെ ബിജെപിയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തു. പിണറായി വിജയനെ ഒറ്റതിരിഞ്ഞാക്രമിച്ച് ഇമേജ് തകര്‍ക്കാന്‍ ശ്രമിച്ചു. ദേശീയ തലത്തില്‍ സഖ്യമുള്ള കക്ഷികള്‍ കേരളത്തില്‍ ഏറ്റുമുട്ടുന്നത് ഇവിടെ ഇടതുപാര്‍ട്ടികളുടെ പരിമിതിയാണ്.
പിണറായിയെയും കുടുംബത്തെയും ടാര്‍ഗറ്റ് ചെയ്തായിരുന്നു ആക്രമണം. അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചതും പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ഒരു മുന്നണിയായി പ്രവര്‍ത്തിച്ചതും കോണ്‍ഗ്രസ് വിജയത്തിനു കാരണമായി, എം.വി. ഗോവിന്ദന് പറഞ്ഞു.
അതേ സമയം, പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയം സംബന്ധിച്ച് ഒരക്ഷരം മിണ്ടാന്‍ എം.വി. ഗോവിന്ദന് തയാറായില്ല. സിപിഎം സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രി പിണറായിക്കും സര്‍ക്കാരിനുമെതിരേ ശക്തമായ വിമര്‍ശനമാണുയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: