കുവൈറ്റ് സിറ്റി: കുവൈറ്റ് തീപ്പിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് എട്ട് പേര് കസ്റ്റഡിയില്‍. ഇതില്‍ മൂന്ന് പേര് ഭാരതീയരും നാല് പേര് ഈജിപ്തുകാരും ഒരാള്‍ കുവൈറ്റ് പൗരനുമാണ്. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ പിടിയിലായത്.
കസ്റ്റഡിയിലെടുത്തവരെ രണ്ടാഴ്ചത്തേയ്ക്ക് തടവില്‍ വയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം 12ന് മംഗഫിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 46 പേരും ഭാരതീയരാണ്. താഴത്തെ നിലയിലുള്ള സെക്യൂരിറ്റി ഗാര്‍ഡിന്റെ റൂമിലുണ്ടായ ഇലക്ട്രിക് ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണം. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. 196 തൊഴിലാളികളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്.
മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കുവൈറ്റ് സര്‍ക്കാര്‍ 12.5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ കുവൈറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണവും ആരംഭിച്ചു. 50 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിന് കാരണം കണ്ടെത്താനാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: