ന്യൂദല്‍ഹി: നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി) പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റത്തിന് പിന്നില്‍ ഒരുതരത്തിലുമുള്ള രാഷ്ട്രീയമില്ലെന്ന് ഡയറക്ടര്‍ ദിനേശ് പ്രസാദ് സകലാനി.
സ്കൂള്‍ ക്ലാസുകളില്‍ കലാപം പഠിപ്പിക്കേണ്ടതില്ലെന്ന് തോന്നിയതിനാലാണ് ആ വാക്ക് നീക്കം ചെയ്തത്. വിദ്യാര്‍ത്ഥികളില്‍ സര്‍ഗാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും രാഷ്ട്രീയത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനുമാണ് ഈ മാറ്റങ്ങള്‍. ഭാരതം, ഇന്ത്യ എന്ന രണ്ട് വാക്കുകളും ഉപയോഗിക്കാം. അത്തരം വിവാദങ്ങളെല്ലാം അര്‍ത്ഥശൂന്യമാണ്, അദ്ദേഹം പറഞ്ഞു.
‘ചൈനയുമായുള്ള ഭാരതത്തിന്റെ ബന്ധവും സാഹചര്യവും’ എന്ന അധ്യായത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭാരതം-ചൈന എന്ന തലക്കെട്ടില്‍ 12-ാം ക്ലാസിലെ സമകാലിക ലോകരാഷ്ട്രീയത്തിന്റെ രണ്ടാം അധ്യായത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നേരത്തെ പുസ്തകത്തിന്റെ പേജ് നമ്പര്‍ 25 ല്‍ ഭാരതവും ചൈനയും തമ്മിലുള്ള ‘സൈനിക സംഘര്‍ഷം’ എന്ന പ്രയോഗം മാറ്റി ഭാരത അതിര്‍ത്തിയിലെ ‘ചൈനയുടെ നുഴഞ്ഞുകയറ്റം’ എന്നാക്കി.
സ്വാതന്ത്ര്യത്തിനു ശേഷം ഭാരത രാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗത്ത് ഉപയോഗിച്ചിരുന്ന ആസാദ് പാകിസ്ഥാന് എന്ന പ്രയോഗം മാറ്റി. പേജ് 119ല്‍ എഴുതിയിരുന്നത്, ‘ഈ പ്രദേശം അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ഭാരതം വിശ്വസിക്കുന്നു. പാകിസ്ഥാന് ഈ ഭാഗത്തെ ആസാദ് പാകിസ്ഥാന് എന്ന് വിളിക്കുന്നു. പുതിയ പാഠഭാഗത്ത് ഇത് പാകിസ്ഥാന് അനധികൃതമായി കൈവശപ്പെടുത്തിയ ഭാരതത്തിന്റെ ഭാഗമാണെന്നും ഇതിനെ പാക് അധിനിവേശ കശ്മീര്‍ എന്ന് വിളിക്കുന്നു എന്നും തിരുത്തിയിട്ടുണ്ട്. ജമ്മുകശ്മീരിനും കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ചില പ്രത്യേക അധികാരങ്ങളും വ്യവസ്ഥകളും ഉണ്ടെന്ന പാഠഭാഗത്ത് ആര്‍ട്ടിക്കിള്‍ 370 2019 ല്‍ രാഷ്ട്രപതി നീക്കം ചെയ്തുവെന്ന് ചേര്‍ത്തിട്ടുണ്ട്.
ഭരണഘടനയോടാണ് എന്‍സിഇആര്‍ടിക്ക് പ്രതിബദ്ധതയുള്ളതെന്നും വിദ്യാര്‍ത്ഥികളില്‍ ക്രിയാത്മകചിന്ത നിറയ്ക്കുകയാണ് ലക്ഷ്യമെന്നും ദിനേശ് പ്രസാദ് സകലാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: