തിരുവനന്തപുരം : നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം ഡോക്ടര്‍മാര്‍ക്കും നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ കുറച്ചു പേര് പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമ സഭയെ അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്നതിന് സ്ഥിരം അന്വേഷണ സംവിധാനമുണ്ടാക്കും.ആലപ്പുഴ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എം. എല്‍. എ എച്ച് സലാം ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് ഈ സംവിധാനത്തെ ആശ്രയിക്കാനും പരാതി അറിയിക്കാനും കഴിയും. അത്തരം പരാതികള്‍ പരിഹരിക്കാനുള്ള സ്ഥിരം സംവിധാനമാവും ഇത്.
ആലപ്പുഴ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിഷയങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിനു മുന്നിലെത്തിയ റിപ്പോര്‍ട്ടില്‍ വസ്തുതകള്‍ പരിശോധിച്ച് ഡി. എം. ഇയോട് വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: