ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെയെണ്ണം 42 ആയി. നൂറിലധികം ആളുകള്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. കള്ളക്കുറിച്ചി, വില്ലുപുരം, സേലം, പുതുച്ചേരി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന പലരുടേയും നില ഗുരുതരമാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ട് സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പടും. സംഭവവുമായി ബന്ധപ്പെട്ട് കന്നുകുട്ടി എന്ന വിളിപ്പേരുള്ള ഗോവിന്ദരാജ് (49) അറസ്റ്റിലായിട്ടുണ്ട്.
കൂടാതെ 200 ലിറ്റര്‍ മദ്യവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പത്ത് പേരെ കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച മദ്യ സാമ്പിളുകളില്‍ വിഷാംശമുള്ള മെഥനോള്‍ കലര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡിക്കാണ് അന്വേഷണച്ചുമതല. അഞ്ച് അംഗ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് എഐഎഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. വ്യാജമദ്യ വില്‍പ്പന തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിഷയത്തില്‍ കോടതി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഐഎഡിഎംകെ അഡ്വക്കേറ്റ് ഐഎസ് ഇന്മ്പദുരൈയാണ് ഹര്‍ജി നല്‍കിയത്.
ചെന്നൈയില്‍ നിന്ന് 250 കിലോമീറ്റര്‍ ദൂരെ കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലും പാക്കറ്റു ചാരായം വാങ്ങിക്കഴിച്ച തൊഴിലാളികളാണ് ദുരന്തത്തിനിരയായത്. മദ്യപിച്ചു വീട്ടിലെത്തിയ ഉടനെ തലവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പത്തോളം പേരെ രാത്രിതന്നെ കള്ളക്കുറിച്ചി ഗവണ്മെന്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച കൂടുതല്‍പേര്‍ ആശുപത്രികളിലെത്തുകയായിരുന്നു. വിദഗ്ധ ചികിത്സ വേണ്ടവരെ പുതുച്ചേരി ജിപ്മര്‍ ആശുപത്രിയിലേക്ക് മാറ്റി. ഉദയനിധി സ്റ്റാലിന് ഉള്‍പ്പടെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.
മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: