മുക്തിയെ സംബന്ധിച്ച ഭാഗവതത്തിലെ മറ്റൊരു വിഷയം ജീവന്മുക്തിയും വിദേഹമുക്തിയുമാണ്. ശരീത്തില്‍ വര്‍ത്തിക്കവെതന്നെ മുക്തിയടയുന്നത് ജീവന്മുക്തി. ദേഹവിയോഗത്തോടൊപ്പം മുക്തിയും പ്രാപ്തമാകുന്നതിനെ വിദേഹമുക്തിയെന്നു വിളിക്കുന്നു. ‘ഉടലോടെ സ്വര്‍ഗ്ഗം’ പ്രാപിക്കുന്നതിനെ ജീവന്മുക്തിയായി കരുതാവുന്നതാണ്. ഇത് അക്ഷാരാര്‍ത്ഥത്തില്‍ എടുക്കുന്നത് തികച്ചും അയുക്തികമാണ്. സൂക്ഷ്മലോകത്ത് സ്ഥൂലശരീരവുമായി കടക്കുന്നത്, സൂക്ഷമമായിട്ടുള്ള പരമാണുക്കളുടെ ഇടയില്‍ സമൂലമായിട്ടുള്ള ദ്രവ്യത്തെ കടത്താന്‍ ശ്രമിക്കുന്നപോലെ അചിന്ത്യമായിട്ടുള്ളതാണ്. അതിനാല്‍ ‘ഉടലോടെ സ്വര്‍ഗ്ഗം’ എന്നത് ശരീരസ്ഥനായിരിക്കുമ്പോള്‍ തന്നെ ഒരാളിന്റെ സ്വത്വം സ്വര്ഗതി പ്രാപിക്കുന്നതായിട്ടുവേണം ഗ്രഹിക്കാന്‍. പാണ്ഡവരുടെയും പത്നിയുടെയും ഒടുവിലത്തെ ‘മഹാപ്രസ്ഥാന’ത്തില്‍ വിദേഹമുക്തിയുടെയും ജീവന് മുക്തിയുടെയും സ്വഭാവം വ്യക്തമാകുന്നുണ്ട്.
വിരക്തി പൂണ്ടണ്ട യുധിഷ്ഠിരനും സഹോദരന്മാരും രാജ്യാവകാശം പരീക്ഷിത്തിനു നല്‍കിയശേഷം ദ്രൗപദിയോടൊപ്പം ‘മഹാപ്രസ്ഥാനം’ എന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്ര തുടരവെ ദ്രൗപദിയും അര്‍ജ്ജുനനും ഭീമനും നകുലസഹദേവന്മാരും ഓരോരുത്തരായി വഴിയില്‍ വീണ് മരിക്കുന്നു. യുധിഷ്ഠിരന് മാത്രം മരണമടയുന്നില്ല. എന്നാല്‍ ഈ ധര്‍മപുത്രര്‍ സ്വര്‍ഗത്തത്തിലെത്തിച്ചേര്‍ന്നപ്പോള്‍ സഹോദരന്മാരും ദ്രൗപദിയും അവിടെ എത്തിയിരുന്നു. യുധിഷ്ഠിരനെ ഇന്ദ്രന് നേരിട്ടുവന്നാണ് ക്ഷണിച്ചുകൊണ്ടു പോകുന്നത്. ആ വേളയില്‍ ആകാശവും ഭൂമിയുമെല്ലാം ദിവ്യതേജസ്സിനാല്‍ വിളങ്ങിയെന്നും, യുധിഷ്ഠിരനെപ്പോലെ പൂര്‍ണ്ണമായി ധര്‍മ്മിഷ്ഠനും മഹാജ്ഞാനിയുമായ ആരും സ്വര്‍ഗ്ഗത്തില്‍പ്പോലുമില്ലെന്ന് നാരദന് ഉദ്ഘോഷിച്ചെന്നുമാണ് വ്യാസന് രേഖപ്പെടുത്തുന്നത്.
മാനുഷിക സ്വത്വത്തിന്റെ അഭിമാനബോധം തീര്‍ത്തും വെടിയുമ്പോഴാണ് ജീവാത്മാവിന് യഥാര്‍ത്ഥ ആത്മീയ സ്വത്വം സാക്ഷാത്കരിക്കാനാവുന്നതെന്ന പരമസത്യമാണ് വ്യാസന് മഹാപ്രസ്ഥാനത്തിലൂടെ ബോധ്യപ്പെടുത്തുന്നത്. മാനുഷിക സ്വത്വത്തിന്റെ അടിസ്ഥാനശിലയാകുന്ന അഹംബോധം പോലുമില്ലാതിരുന്ന യുധിഷ്ഠിരന് അതുപേക്ഷിക്കേണ്ടതായ പ്രശ്നമുദിച്ചില്ല. അതിനാല്‍ ശരീരത്തില്‍ സ്ഥിതിചെയ്തുകൊണ്ടുതന്നെ അമരത്വം കൈവരിക്കാന്‍ സാധിച്ചതിനെയാണ് ‘ഉടലോടെ സ്വര്‍ഗ്ഗം’ എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്. യുധിഷ്ഠിരനു മാത്രമാണ് അത് സാധിച്ചതെന്നര്‍ത്ഥം. മറ്റുള്ളവര്‍ക്ക് അവരവരുടെ അവശേഷിച്ച ഭൗതികാഭിലാഷവും അഭിമാനബോധവും ശരീരത്തോടൊപ്പം മാത്രമാണ് ഉപേക്ഷിക്കാന്‍ സാധിച്ചത്. അതിനാലാണ് ദ്രൗപദിക്ക് അര്‍ജ്ജുനന്റെ നേര്‍ക്കുണ്ടായിരുന്ന പക്ഷപാതവും, ഭീമന് താനാണ് ഏറ്റവും ശക്തിമാന് എന്ന ഭാവവും, അര്ജ്ജുനന് തന്റെ അസ്ത്രവിദ്യാ സാമര്‍ത്ഥ്യത്തിലുള്ള അഹങ്കാരവും, സഹദേവന് തന്നെപ്പോലെ പ്രാജ്ഞനായി മറ്റാരുമില്ലെന്ന വിചാരവും, നകുലന് താന്‍ അതീവ സുന്ദരനാണെന്ന ഭാവവും തങ്ങളുടെ ഉടലിനൊപ്പം മാത്രം ഉപേക്ഷിക്കാന്‍ സാധിച്ചത്.
(അവസാനിച്ചു)
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഫിലോസഫി
വിഭാഗം മുന്‍ മേധാവിയും ഗ്രന്ഥകാരിയുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: