കൊച്ചി: രാജ്യത്തെ ലക്ഷക്കണക്കിനുള്ള ക്രൈസ്തവ വിശ്വാസികളിൽ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചുപോരുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തീയ്യതി 1956 മുതൽ 1996 വരെ കേരളത്തിൽ പൊതു അവധിയായിരുന്നു.1996 ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ സർക്കാരാണ് ഈ അവധി പിൻവലിച്ചത്.അത് വളരെ ദൗർഭാഗ്യകരമായ തീരുമാനം ആയിരുന്നു.ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സമൂഹത്തിൽ നിർവീര്യമാക്കിയ തീരുമാനം.പിന്നീടു മാറിമാറി വന്ന സർക്കാരുകളുടെ മുന്നിൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെയും പരിഗണിച്ചിട്ടില്ല.1996-ലെ ആൻ്റണി മന്ത്രിസഭയ്ക്ക് ക്രൈസ്തവരുടെ ജൂലൈ മൂന്നാം തീയ്യതിയിലെ പൊതുഅവധി റദ്ദാക്കിയതിൽ വലിയ പങ്കുണ്ട്.
കേരളത്തിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും വിശ്വാസികൾക്കും തങ്ങളുടെ മതപരമായ അവകാശങ്ങള്‍ അനുഷ്ഠിക്കാനുള്ള ദിനമാണ് സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തീയ്യതി.കേരളപ്പിറവിയുടെ ആരംഭം തൊട്ട് നീണ്ട 40 വർഷം ജൂലൈ 3 കേരളത്തിൽ പൊതു അവധിദിനമായിരുന്നുവെന്ന് പൊതുസമൂഹം മനസിലാക്കണം.സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കടുത്ത വിവേചനവും നീതിനിഷേധവും തുടർച്ചയായി നേരിടുകയും, വിവിധ ന്യൂനപക്ഷ സമിതികളില്‍ നിന്ന് ക്രൈസ്തവര്‍ പുറന്തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ ഇത്തരം നീതി നിഷേധങ്ങൾ ക്രൈസ്തവരെ ദുഃഖിപ്പിക്കുന്നു.സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തീയ്യതിയിലെ പൊതു അവധി സർക്കാർ പുനഃസ്ഥാപിക്കണം.
സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്ന ജെ ബി കോശി റിപ്പോര്‍ട്ടും ക്ഷേമ പദ്ധതി നിർദ്ദേശങ്ങളുടെ തുടര്‍നടപടികളും വിവിധ ക്ഷേമപദ്ധതികളും സമയബന്ധിതമായി പ്രഖ്യാപിക്കാനും നടപ്പിലാക്കാനും വിവിധ ന്യൂനപക്ഷ സമിതികളില്‍ ആനുപാതിക പ്രാതിനിധ്യം ക്രൈസ്തവർക്ക് ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ ആത്മാര്‍ത്ഥ സമീപനം അടിയന്തരമായി സ്വീകരിക്കുവാനും അൽമായ ഫോറം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: