ലീപ്സിഗ്: ഏഴു മിനിറ്റു നേരം ലൂക്കാസ് പ്രൊവോഡ ചെക് റിപ്പബ്ലിക്കിന്റെ രാജാവായിരുന്നു. യൂറോകപ്പില്‍ പോര്‍ച്ചുഗല്ലിനെ ഞെട്ടിച്ച ഗോള്‍. പിന്നീട് സെല്‍ഫ് ഗോള്‍ സമനില. അവസാന മിനിറ്റില്‍ പോര്‍ച്ചുഗലിന് വിജയം. ഗ്രൂപ്പ് എഫില്‍ കിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചെമ്പടയ്ക്ക് വിജയത്തുടക്കം. ചെക് റിപ്പബ്ലിക്കിന് നിര്‍ഭാഗ്യത്തിന്റെ ദിനം.
ഒന്നാം പകുതി ആവോളം പിടിച്ചു നിന്നു ചെക് പട. ഡിയോഗോ ഡാലോട്ടും വിറ്റിഞ്ഞ്യയും ബ്രൂണോ ഫെര്‍ണാണ്ടസും ജാവോ കാന്‍സെലോയും ബെര്‍ണാഡോ സില്‍വയും റാഫേല്‍ ലിയാവോയും തുടങ്ങി വച്ച നീക്കങ്ങള്‍ തുടരെ ക്രിസ്റ്റ്യാനോയിലൂടെ ചെക് പോസ്റ്റിനെ ലഭ്യമിട്ടുകൊണ്ടേയിരുന്നു. റൊണാള്‍ഡോയുടെ ഗോളെന്നുറപ്പിച്ച രണ്ട് ഷോട്ടുകള്‍ ചെക്് ഗോള്‍കീപ്പര്‍ യിന്‍ഡ്രിച്ച് സ്റ്റാനെക് തട്ടിയകറ്റി.
അറുപത്തിരണ്ടാം മിനിറ്റില്‍ ലൂക്കാസ് പ്രൊവോഡ ഒരു ലോങ് ഷോട്ടിലൂടെ പോര്‍ച്ചുഗല്‍ വല ചലിച്ചപ്പോള്‍ ജര്‍മന്‍ നഗരമായ ലീസ്പിഗിലെ സ്റ്റേഡിയത്തില്‍ ചാറ്റല്‍ മഴ നിലച്ചിരുന്നില്ല. പോര്‍ച്ചുഗല്‍ ബോക്സില്‍ നിന്ന് പുറത്തേക്ക് വ്ളാഡിമിര്‍ കൗഫാല്‍ കൊടുത്ത പാസ് പ്രൊവോഡ് വലയിലെത്തിക്കുകയായിരുന്നു.
പക്ഷേ, ഏഴു മിനിറ്റുകള്‍ക്കു ശേഷം അറുപത്തൊമ്പതാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോളിന്റെ നിര്‍ഭാഗ്യത്തില്‍ ചെക് റിപ്പബ്ലിക് സമനില വഴങ്ങി. സെന്റര്‍ ബാക്ക് റോബിന് റാനാക്കിന്റെ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. വലതുഭാഗത്തുനിന്ന് വിറ്റിഞ്ഞ്യ ചെക് ബോക്സിലേക്ക് നല്കിയ പന്ത് ന്യൂനോ മെന്ഡെഡ് ഹെഡ് ചെയ്ത് നെറ്റിലേക്ക് തിരിച്ചു വിടുന്നു. എന്നാല്‍ മെന്‍ഡെസിന്റെ ഹെഡര്‍ ചെക് ഗോളി സ്റ്റാനെക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി. പക്ഷേ പന്ത് സെന്റര്‍ ബാക്ക് റോബിന് റാനാക്കിന്റെ കാലില്‍ത്തട്ടി ചെക് നെറ്റില്‍ത്തന്നെ വീഴുകയായിരുന്നു.
കളി സമനിലയായതോടെ പോര്‍ച്ചുഗല്‍ വിജയത്തിനായി പൊരുതിക്കയറി. കളി പലപ്പോഴും പരുക്കനായി. 87-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡര്‍ പോസ്റ്റിലിടിച്ച് മടങ്ങിയത് ഡിയോഗോ വലയിലെത്തിച്ചെങ്കിലും റൊണാള്‍ഡോ ഓഫ്സൈഡായിരുന്നെന്ന് റഫറി വിധിച്ചു. തൊണ്ണൂറാം മിനിറ്റില്‍ വരുത്തിയ മൂന്നു സബ്സ്റ്റിറ്റിയൂട്ടുകള്‍ ഇന്‍ജുറി ടൈമില്‍ പോര്‍ച്ചുഗലിനെ തുണച്ചു. പകരക്കാരനായി ഇറങ്ങിയ പെഡ്രോ നെറ്റോയുടെ ക്രോസ് ചെക്ക് പ്രതിരോധ നിരയില്ത്തട്ടി കിട്ടയത് മറ്റൊരു പകരക്കാരനും മുന്‍ പോര്‍ച്ചുഗീസ് താരം സെര്‍ജിയോ കോണ്‍സെയ്സോയുടെ മകനുമായ ഫ്രാന്‍സിസ്കോ കോണ്‍സെയ്സോയുടെ കാലില്‍. മുമ്പോരു യൂറോ കപ്പില്‍ പോര്‍ച്ചുഗലിനായി ഹാട്രിക് നേടിയ അച്ഛന്റെ മകന് പിഴച്ചില്ല. 2-1ന് പോര്‍ച്ചുഗല്‍ വിജയം. വിലപ്പെട്ട മൂന്നു പോയിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: