കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയുടെ പേരില്‍ പിണറായി സര്‍ക്കാരിനെ സിപിഎമ്മും സിപിഐയും വിമര്‍ശിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും തങ്ങള്‍ സര്‍ക്കാരിനെ നല്ല വഴിക്ക് നയിച്ചുവെന്നു വരുത്താനും മാത്രം. അടുത്ത വര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പും അതിനടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പമുണ്ട്, മാത്രമല്ല ഉടന്‍ ഉപതെരഞ്ഞെടുപ്പകളും വരുന്നുണ്ട്. ഇവ കണക്കിലെടുത്ത് സര്‍ക്കാരിനെതിരായ ജനരോഷം ഒന്നു തണുപ്പിക്കുക മാത്രമാണ് എല്‍ഡിഎഫിലെ രണ്ടു പ്രബല പാര്‍ട്ടികളുടെയും ലക്ഷ്യം.
സര്‍ക്കാരിന്റെ പരാജയത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നും സിപിഐയോ സിപിഎമ്മോ പ്രതികരിച്ചിട്ടില്ല, അവയെ വിമര്‍ശിക്കുകയോ തിരുത്താന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. സാമൂഹ്യ പെന്ഷന് മുടങ്ങിയതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന കാരണം. പക്ഷെ അത് കാരണങ്ങളില്‍ ഒന്നു മാത്രമാണ്.
മുഖ്യമന്ത്രിയുടേയും മകളുടേയും കോടികളുടെ മാസപ്പടി അഴിമതി, സ്വര്‍ണ്ണക്കടത്തു പോലുള്ള ഗുരുതരമായ അഴിമതി, പച്ചയായ മുസ്ലിം പ്രീണനം, നിയമനങ്ങളിലെ ക്രമക്കേട്, വിവിധ വകുപ്പുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാര്‍ട്ടിക്കാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്നത്, പാര്‍ട്ടിയും എസ്എഫ്ഐയും നടത്തുന്ന പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല മോഡല്‍ അക്രമങ്ങള്‍, ക്രമസമാധാനത്തകര്‍ച്ച, വിലക്കയറ്റം തുടങ്ങി നിരവധി സുപ്രധാന കാരണങ്ങളാണ് തോല്‍വിക്കു കാരണം. എന്നാല്‍ വിമര്ശനക്കാര് സാമൂഹ്യ പെന്ഷന് മുടങ്ങിയതു മാത്രമേ കണ്ടിട്ടുള്ളൂ.
മുഖ്യമന്ത്രിയും മകളും കുടുങ്ങിയ മാസപ്പടിയേപ്പറ്റി സിപിഐ, സിപിഎം യോഗങ്ങളില്‍ ചര്‍ച്ച ഉണ്ടായിട്ടില്ല, വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടില്ല. രണ്ടു പാര്‍ട്ടികളും അതേ പറ്റി ഒരക്ഷരം മിണ്ടിയില്ല. കേരളത്തില്‍ ഇസ്ലാമിക ശക്തികള്‍ പിടിമുറുക്കിക്കഴിഞ്ഞു. അരിയും മലരും കുന്തിരിക്കവും വാങ്ങിവച്ചോളാന്‍ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യം കേരളത്തെ ഞെട്ടിച്ചതാണ്. ഇതിനെതിരെ സര്‍ക്കാര്‍ അനങ്ങിയിട്ടില്ല, ഒരു നടപടിയും ഉണ്ടായിട്ടുമില്ല. മുദ്രാവാക്യം വിളിപ്പിച്ചവര്‍ക്ക് എതിരെ കേസു പോലും എടുത്തില്ല. വിമര്‍ശകരും ഇതേപ്പറ്റി പ്രതികരിച്ചുകണ്ടില്ല. സര്‍ക്കാരിന്റെ നയം തിരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും വാര്‍ത്തകളില്‍ കണ്ടിട്ടില്ല. തോല്‍വിക്കിടയാക്കിയ മറ്റു കാരണങ്ങളും സിപിഐയും സിപിഎമ്മും കണ്ടിട്ടില്ല.
വിമര്‍ശങ്ങള്‍ ഒരു പ്രത്യേക കാര്യത്തില്‍ മാത്രം ഒതുങ്ങി. മറ്റുള്ളവ കണ്ടതായി നടിച്ചില്ല. വിമര്‍ശനത്തില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ഇതില്‍ നിന്ന് വ്യക്തം. മാസപ്പടിക്കാര്യം മിണ്ടാത്തത് പിണറായിയെ പേടിച്ച് ആണെന്ന് ഉറപ്പ്. ഇതു കണ്ടില്ലെങ്കില്‍ പിന്നെ എന്തു വിമര്‍ശനം?
സര്‍ക്കാരിന്റെ നയത്തിലും ചെയ്തികളിലും എതിര്‍പ്പുണ്ടെന്നു പറയുന്ന ഇവര്‍ അതതു സമയത്ത് സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്താന്‍ നിര്‍ദേശിച്ചില്ല, തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയുമില്ല. അതൊന്നും ചെയ്യാതെ ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നത് തത്കാലം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ്. സര്‍ക്കാരിനെ നേര് വഴിക്ക് നടത്തിയെന്നും അതാണ് കമ്മ്യൂണിസ്റ്റ് രീതിയെന്നും തെറ്റുണ്ടായാല്‍ തിരുത്തുകയാണ് തങ്ങളുടെ പാരമ്പര്യമെന്നും പറഞ്ഞ് വീമ്പടിക്കാന്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പാര്‍ട്ടികളും നടത്തിയ വിമര്‍ശനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: