ന്യൂദല്‍ഹി: ദല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.
നദ്ദയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എല്ലാ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലും വേണ്ട സംവിധാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് നദ്ദ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഓരോ ആശുപത്രികളിലും സൂര്യാഘാതമേറ്റ് എത്തുന്നവര്‍ക്ക് വേണ്ട ചികിത്സ നല്‍കുന്നതിനായി പ്രത്യേക യൂണിറ്റുകള്‍ തയ്യാറാക്കണം.
ദല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ സൂര്യാഘാതമേറ്റ് അഞ്ചുപേര്‍ മരിച്ചിരുന്നു. 12 പേര് ഗുരുതരാവസ്ഥായില്‍ ചികിത്സയിലാണ്. സാധാരണ തൊഴിലാളികളാണ് ചികിത്സയിലുള്ളത്. 11 പേരെയാണ് ഒറ്റ ദിവസം സൂര്യാഘാതത്തെത്തുടര്‍ന്ന് ഇവിടെ പ്രവേശിപ്പിച്ചത്. ദുരന്ത നിവാരണ അതോറിറ്റിയും ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ദല്‍ഹി, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുന്നുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസംകൂടി റെഡ് അലര്‍ട്ട് പ്രഖ്യാച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: