കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ കഴിഞ്ഞ ഇരുപതുവര്‍ഷമായി കടലില്‍ അകപ്പെടുന്നവരുടെ രക്ഷകന്റെ വേഷമായ ഹോംഗാര്‍ഡായി സേവനമനുഷ്ഠിക്കുന്ന ചാള്സണ് ഏഴിമല ഇപ്പോള്‍ പുതിയൊരു അംഗീകാരത്തിന്റെ നിറവിലാണ്. മികച്ച നീന്തല്‍പരിശീലകനായ ചാള്സണന് വാഷിങ്ടണ്‍ ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയാണ് ഓണററി ഡോക്ടറേറ്റ് ബിരുദം നല്കി ആദരിച്ചത്.
ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ സരോവറില്‍ നടന്ന ചടങ്ങില്‍ വാഷിങ്ടണ്‍ ഡിജിറ്റല്‍ യൂനിവേഴ്സിറ്റി അധികൃതരാണ് ചാള്സണ് ഏഴിമലയ്ക്ക് ഡോക്ടറേറ്റ് സമര്‍പ്പിച്ചത്. നീന്തല്‍ പരിശീലനരംഗത്ത് കഴിഞ്ഞ പതിനാറുവര്‍ഷമായി ചാള്സണ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചാണ് പുരസ്കാരം. ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ കഴിഞ്ഞ 20 ലൈഫ് ഗാര്‍ഡായി ജോലി ചെയ്യുന്ന ചാള്സന് 2012-2013-ലും സംസ്ഥാന സര്‍ക്കാരിന്റെ കേരളത്തിലെ മികച്ച ലൈഫ് ഗാര്‍ഡിനുളള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
അന്‍പതില്‍പ്പരം ജീവനുകള്‍ രക്ഷിച്ച ഇദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയായിരുന്നു പുരസ്കാരം. പുഴയും കായലും കടലുമുള്പ്പെടെ പതിനാറുകിലോ മീറ്റര്‍ ദൂരം നീന്തിയതിന് യൂനിവേഴ്സല്‍ റെക്കാര്ഡ്ഫോറത്തിന്റെ ലോക റെക്കാര്‍ഡും ചാള്സന് ലഭിച്ചിട്ടുണ്ട്. നൂറുമിനുട്ടുകൊണ്ടു 124 പേരെ യാതൊരു ഉപകരണങ്ങളുമില്ലാതെ നീന്തല്‍ പഠിപ്പിച്ചതിന് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കാര്‍ഡും ചാള്സന് നേടിയിട്ടുണ്ട്.
നീന്തല്‍ വിനോദമെന്നതിലുപരി ജീവന് രക്ഷയുമാണെന്നാണ് ചാള്സന് പറയുന്നത്. പത്തുമുതല്‍ അറുപതുവയസുവരെയുളളവരെ ചാള്സന് പയ്യാമ്പലത്തെ തന്റെ കണ്ണൂര്സ്വിമ്മിങ് അക്കാദമിയില്‍ നിന്നും നീന്തല്‍ പരിശീലിപ്പിക്കാറുണ്ട്. എന്നാല്‍ ലൈഫ് ഗാര്‍ഡുമാരെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന പരാതിയും ചാള്സനുണ്ട്. ജീവന് പണയംപ്പെടുത്തി ജോലി ചെയ്യുന്ന തങ്ങള്‍ക്ക് ഇനിയും സ്ഥിരം ജീവനക്കാരായി നിയമനം നല്‍കിയിട്ടില്ല. കരാര്‍ വ്യവസ്ഥയിലാണ് ഇപ്പോഴും ജോലിചെയ്യുന്നത്. ദിവസ വേതനം മാത്രമേ പ്രതിഫലമായി നല്‍കുന്നുളളൂ.
പയ്യാമ്പലം ബീച്ചില്‍ വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളോ മറ്റു സംവിധാനങ്ങളോയില്ല. നാലര കിലോമീറ്റര്‍ ദൂരമുളള പയ്യാമ്പലത്ത് വിരലില്‍ എണ്ണാവുന്ന ലൈഫ് ഗാര്‍ഡുമാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. മതിയായ സുരക്ഷാ ഉപകരണങ്ങളും ഇല്ലെന്നും കൈയ്യിലുളളതെല്ലാം പഴയതാണെന്നും ചാള്സണ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: