കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന ഇടതു-വലതു മുന്നണികള്‍ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം പ്രീണനത്തിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ സ്വാഗതാര്‍ഹവും സമയോചിതവുമാണ്. മതേതരത്വത്തിന്റെ മുഖംമൂടി ധരിച്ച് സിപിഎമ്മും കോണ്‍ഗ്രസും കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിംപ്രീണനം ഹിന്ദുസമൂഹത്തെ പ്രത്യേകിച്ച് അവരിലെ പട്ടികജാതി-പിന്നാക്ക ജനവിഭാഗങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും, ഇരുമുന്നണികളുടെയും അതിരുവിട്ട ഈ മുസ്ലിം പ്രീണനത്തിനെതിരായ പ്രതിഷേധം ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും നടത്തിയ മുന്നേറ്റത്തിലും, തൃശ്ശൂരില്‍ സുരേഷ് ഗോപി നേടിയ വിജയത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി വിലയിരുത്തുന്നു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും മുസ്ലിം പ്രീണനവും, മുസ്ലിംലീഗിന്റെയും കുറെ മുസ്ലിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോള്‍ ക്രൈസ്തവര്‍ മാറിച്ചിന്തിക്കുകയാണെന്നും, അവര്‍ ബിജെപിയെ പിന്തുണച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറയുന്നതില്‍ കാര്യമുണ്ട്. കേരളത്തില്‍ ഒഴിവുവന്ന മൂന്നു രാജ്യസഭാസീറ്റുകളില്‍ എല്‍ഡിഎഫും യുഡിഎഫും രണ്ട് മുസ്ലിമിനെയും ഒരു ക്രൈസ്തവനെയും നോമിനേറ്റ് ചെയ്തതിലെ അനീതി വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരിക്കുന്നു. ജനസംഖ്യയില്‍ പകുതിയോളം വരുന്ന ഹിന്ദുക്കളെ അവഗണിച്ച് അവര്‍ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ വരെ മുസ്ലിങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുന്നതും, ഇവരെല്ലാം തോറ്റാല്‍പ്പോലും ഈ മണ്ഡലങ്ങള്‍ പിന്നീട് കുത്തകയാക്കുന്നതും ഇടതു-വലതു മുന്നണികളുടെ മതേതര മുഖംമൂടികള്‍ വലിച്ചുകീറുന്നതാണ്.
എസ്എന്‍ഡിപി യോഗത്തിന്റെ മുഖമാസികയായ ‘യോഗനാദ’ത്തിന്റെ മുഖപ്രസംഗത്തില്‍ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്ന വസ്തുതകള്‍ നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം മുതല്‍ ജീവശ്വാസം പോലെ പാര്‍ട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടിക വിഭാഗങ്ങളുടെ വിശ്വാസത്തെ സിപിഎമ്മും സിപിഐയും ന്യൂനപക്ഷപ്രീണനത്തിനായി ബലികഴിച്ചിരിക്കുന്നു. കേരളത്തില്‍ ന്യൂനപക്ഷ പ്രീണനം മുന്നണി രാഷ്‌ട്രീയം തുടങ്ങിയ കാലത്തുതന്നെ ആരംഭിച്ചതാണ്. വോട്ടുബാങ്കിന്റെ ചെലവില്‍ യുഡിഎഫ് ഭരണത്തിലാണ് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ശക്തിപ്രാപിച്ചത്. സാംസ്‌കാരികമായും സാമ്പത്തികമായും അവര്‍ ഉയര്‍ന്നു. ഭൂമി, വിദ്യാഭ്യാസം, അധികാരം, ആരോഗ്യം, കൃഷി, വ്യവസായം എന്നിങ്ങനെ സമസ്ത മേഖലകളിലും അരനൂറ്റാണ്ടിനിടെ ന്യൂനപക്ഷങ്ങള്‍ മേല്‍ക്കൈ നേടി. പിന്നാക്ക-പട്ടികവിഭാഗങ്ങള്‍ കോളനികളിലേക്കും പുറമ്പോക്കുകളിലേക്കും തൊഴിലുറപ്പുകളിലേക്കും ഒതുക്കപ്പെട്ടു. കുമരകം ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്തു കിട്ടിയെന്നും, ബേപ്പൂര്‍ ബോട്ടപകടത്തില്‍ എന്തു നല്‍കിയെന്നും ഒന്നു വിലയിരുത്തിയാല്‍ മരണത്തില്‍പ്പോലും സര്‍ക്കാര്‍ കാണിച്ച മതവിവേചനം വ്യക്തമാണ്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ ആര്‍ക്കാണ് ഗുണമുണ്ടായതെന്ന വെള്ളാപ്പള്ളിയുടെ ചോദ്യം പ്രസക്തമാണ്. മലപ്പുറത്ത് എസ്എഎന്‍ഡിപി യോഗത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും നല്‍കിയില്ലെന്നും, അറബികോളജുകള്‍ പോലും സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്ഥാപനങ്ങളാക്കിയെന്നും, ഇവിടങ്ങളില്‍ അറബി ധനതത്വശാസ്ത്രമാണ് പഠിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുമ്പോള്‍ ഈ നാട് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാണല്ലോ. മതഭീകരവാദികള്‍ അധികാരം പിടിക്കുമ്പോള്‍ വിസ്മയിക്കുന്ന അന്തരീക്ഷം കേരളത്തില്‍ സംഭവിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് വെള്ളാപ്പള്ളി പറയാതെ പറയുന്നത്.
അപ്രിയ സത്യം പറയുന്നവര്‍ എന്നും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതുതന്നെയാണ് വെള്ളാപ്പള്ളിയും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിങ്ങള്‍ വിവിധ പാര്‍ട്ടികളിലും സംഘടനകളിലുമായിനിന്ന് മതപരമായി സംഘടിച്ച് വിലപേശി അനര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുകയാണ്. ചിലര്‍ക്ക് അസുഖകരമായ ഈ വസ്തുതകള്‍ വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചതിന് മുസ്ലിം മതമേധാവികളും തീവ്രവാദസംഘടനകളും വെള്ളാപ്പള്ളിക്കുമേല്‍ ചാടിവീണിരിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. മുന്‍കാലങ്ങളില്‍ ഇത്തരം അപ്രിയസത്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത് ദേശീയ പ്രസ്ഥാനങ്ങളാണ്. ഇതൊന്നും നിഷേധിക്കാതെ തന്നെ മതത്തിന്റെ പേരില്‍ മുറവിളി കൂട്ടുകയാണ് മുസ്ലിം സംഘടനകളും മതമേധാവികളും ചെയ്തത്. ഇടതു-വലതു മുന്നണികള്‍ അവര്‍ക്ക് കീഴടങ്ങുകയും ചോദിക്കുന്നതെല്ലാം വെള്ളിത്തളികയില്‍ നല്‍കുകയും ചെയ്തു. ഇപ്പോള്‍ വെള്ളാപ്പള്ളിയാണ് ഇര. എന്നാല്‍ വിമര്‍ശനങ്ങളുടെ പേരില്‍ താന്‍ പിന്നോട്ടുപോവില്ലെന്നും, പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നു കാണിക്കാന്‍ എതിരാളികളെ വെല്ലുവിളിക്കുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ ആര്‍ജവം അഭിനന്ദനാര്‍ഹമാണ്. കേരളത്തില്‍ ഹൈന്ദവ പിന്നാക്കവിഭാഗങ്ങള്‍ നേരിടുന്ന അസമത്വത്തെക്കുറിച്ച് ബോധ്യമാകണമെങ്കില്‍ ഒരു സാമൂഹ്യ-സാമ്പത്തിക സര്‍വെ നടക്കട്ടെയെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം സ്ഥാപിതതാല്‍പ്പര്യക്കാരല്ലാത്ത എല്ലാവരും സ്വാഗതം ചെയ്യേണ്ടതാണ്. മതന്യൂനപക്ഷങ്ങള്‍ക്കോ അവരുടെ മതവിശ്വാസങ്ങള്‍ക്കോ ആരും എതിരല്ല. എന്നാല്‍ രാഷ്‌ട്രീയമായി വിലപേശി മതപരമായ ആധിപത്യത്തിന് ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: