മുംബൈ: പാര്‍ട്ടി പ്രവര്‍ത്തകനെ കൊണ്ട് കാലുകഴുകിച്ച മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാനാ പാടോലെക്കെതിരെ വിമര്‍ശനം ശക്തം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ചെളി പുരണ്ട കാല്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ കഴുകിക്കൊടുക്കുന്ന ദൃശ്യം വൈറലായതോടെയാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്.
തിങ്കളാഴ്ചയാണ് വീഡിയോയ്‌ക്ക് ആസ്പദമായ സംഭവം നടന്നത്. മഹാരാഷ്‌ട്രയിലെ അകോല ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. നാനാസാഹേബ് ചിങ്കോള്‍ക്കര്‍ വിദ്യാലയ പരിസരത്ത് കൂടി നടന്ന നാനാ പടോലെയുടെ കാലില്‍ ചളിപറ്റി. തിരിച്ച് കാറില്‍ കയറാന്‍ എത്തിയപ്പോഴാണ് പടോലെയുടെ കാലില്‍ പറ്റിപ്പിടിച്ച മണ്ണും ചളിയും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഴുകി കൊടുത്തത്.
കാലിലെ ചളി പ്രവര്‍ത്തകരെക്കൊണ്ട് കഴുകിപ്പിക്കുന്നതാണോ കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്ന് ബിജെപി മുംബൈ ഘടകം ചോദിച്ചു. നവാബി മാടമ്പി സംസ്‌കാരമാണ് കോണ്‍ഗ്രസിനെന്നും എക്‌സ് പോസ്റ്റിലൂടെ ബിജെപി കുറ്റപ്പെടുത്തി. അവിടെയെങ്ങും പൈപ്പ് ഇല്ലായിരുന്നുവെന്നും അതുകൊണ്ടാണ് മറ്റൊരാള്‍ കാല്‍ കഴുകി നല്‍കിയതെന്നുമാണ് വിവാദ വീഡിയോയെക്കുറിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നല്‍കിയ വിശദീകരണം.
അധികാരം ഇല്ലാതിരിക്കുമ്പോള്‍ പോലും കോണ്‍ഗ്രസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണ്. അബദ്ധവശാല്‍ കോണ്‍ഗ്രസിന് ഭരണം ലഭിച്ചാല്‍ എന്തായിരിക്കും അപ്പോള്‍ സംഭവിക്കുകയെന്നും നാനാ പടോലെ മാപ്പ് പറയണമെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: