Samskriti

ഈശ്വരാര്‍പിതമായ കര്‍മ്മയോഗം

Published by

ഭാരതത്തില്‍ ആത്മീയ സംസ്‌കാരത്തിന് അടിത്തറ പാകിയത് ജീവന്മുക്തരായ ഋഷികളാണെങ്കിലും സമൂഹത്തില്‍ ജീവിക്കുന്ന കര്‍മ്മയോഗികളാണ് ആ സംസ്‌കൃതിക്ക് സഞ്ചാരപഥം ഒരുക്കുന്നവര്‍. വൈദിക ജ്ഞാനം സ്വന്തം മോക്ഷത്തിനു മാത്രമുള്ളതല്ല, അത് സമൂഹത്തിന്റെ ഉദ്ധാരണത്തിനു വേണ്ടിയും ഉപയോഗപ്പെടുത്തുന്നത് കര്‍മ്മയോഗികളാണ്. പുരാതനകാലത്ത് വാനപ്രസ്ഥരുടെ കൂട്ടത്തില്‍ ബ്രഹ്മചാരികളും സംന്യാസികളും മാത്രമല്ല ഗൃഹസ്ഥരുമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. അതുപോലെ സമൂഹമധ്യത്തില്‍ ജീവിച്ചവരില്‍ ജനകമഹാരാജാവ്, ദാശരഥികള്‍, അവരുടെ പത്നിമാര്‍, പാണ്ഡു
പുത്രന്മാര്‍, ദ്രൗപദി തുടങ്ങിയവരൊക്കെ കര്‍മ്മയോഗികളായിരുന്നു.

ചില സാധകര്‍ കര്‍മ്മത്തെയും ജ്ഞാനത്തെയും വിപരീത തട്ടുകളിലാക്കുന്നു. അവ വിപരീത ഫലങ്ങളോടുകൂടിയതായി കണക്കാക്കപ്പെടുന്നു. കര്‍മ്മം ബന്ധനത്തിലാക്കുന്നതായും, ജ്ഞാനം മോക്ഷത്തിലേക്ക് നയിക്കുന്നതായും പറയപ്പെടുന്നു. എന്നാല്‍ കര്‍മ്മം രണ്ടുതരത്തിലുണ്ട്: കാമ്യകര്‍മ്മവും നിഷ്‌കാമ കര്‍മ്മവും. ഫലേച്ഛയോടുകൂടി ചെയ്യുന്നത് കാമ്യകര്‍മ്മം. സ്വാര്‍ത്ഥം വെടിഞ്ഞുകൊണ്ട് സേവനമായി ചെയ്യുന്നത് നിഷ്‌കാമ കര്‍മ്മം. നിഷ്‌കാമ കര്‍മ്മികള്‍ സാധാരണ കര്‍മ്മികളല്ല, കര്‍മ്മയോഗികളാണ്. അവര്‍ കര്‍മ്മത്തിലൂടെ ലക്ഷ്യംവയ്‌ക്കുന്നത് ലോക നന്മയോ ഈശ്വരപ്രീതിയോ ആവാം. യഥാര്‍ത്ഥത്തില്‍ ബന്ധനത്തിലാവുന്നത് കര്‍മ്മം കൊണ്ടല്ല, മനസ്സുകൊണ്ടാണ്. മനസ്സിലെ സ്വാര്‍ത്ഥമാണ് കര്‍മ്മബന്ധനമുണ്ടാക്കുന്നത്. അതിനാല്‍ കര്‍മ്മത്തെ ഉപേക്ഷിക്കുകയല്ല, മനസ്സിന് ബന്ധനമുണ്ടാകാത്തവിധം കര്‍മ്മം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇത് മറ്റ് യോഗികളെപ്പോലെ മോക്ഷത്തിലേക്കുള്ള ഒരുത്തമ വഴിയാകുന്നു. ഭഗവദ്ഗീതയിലെ ഏറ്റവും പ്രധാനപ്പെട്ട പാഠം ഇതുതന്നെയാണ്. മനുഷ്യന്റെ കരണങ്ങള്‍ സ്വാഭാവികമായും കര്‍മ്മം ചെയ്യാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടവയാണ്. അതിനാല്‍ മനുഷ്യന്‍ കര്‍മ്മം ഉപേക്ഷിക്കുന്നത് കരണീയമല്ല. മാത്രമല്ല സജ്ജനങ്ങളുടെ കര്‍മ്മം ലോകത്തിന് അത്യന്താപേക്ഷിതമാണ്. ലോകക്ഷേമം നിലനില്‍ക്കുന്നത് സജ്ജന സേവനത്താലാണ്, കാമികളുടെ കര്‍മ്മത്താലല്ല. ഏതു കര്‍മ്മമായാലും അതിനെ പാവനമാക്കുന്നതും ഹീനമാക്കുന്നതും അത് ചെയ്യുന്നവന്റെ മനസ്സിലെ ഭാവമാണ്. സമൂഹനന്മയ്‌ക്കായി ചെയ്യപ്പെടുന്ന യുദ്ധംപോലും കടമ നിറവേറ്റലാണ്. അതിനാല്‍ പാവനമായി കരുതപ്പെടുന്നു. എന്നാല്‍ പരിപാവനമായി കരുതപ്പെടുന്ന ഹോമംപോലും സ്വാര്‍ത്ഥതയിലധിഷ്ഠിതമായ ഞാന്‍, എന്റേത് എന്ന ഭേദഭാവത്താല്‍ നിര്‍വഹിക്കപ്പെട്ടാല്‍, അത് വെറും ചാരത്തില്‍ ഹവിസ്സര്‍പ്പിക്കുന്നതിനു തുല്യമാണെന്ന് ഭാഗവതത്തില്‍ കപിലാചാര്യനും ഉപദേശിക്കുന്നു.(3.29.22)

സദ്യോമുക്തിയും ക്രമമുക്തിയും ഭാഗവതം ചര്‍ച്ച ചെയ്യുന്നുണ്ട്. ഐഹികലോകത്തിന്റെ വാസ്തവസ്ഥിതി അറിയുന്ന വിവേകികളില്‍ ചിലര്‍ ലൗകികമായതെല്ലാം ഉടന്‍ ത്യജിച്ച്,
പൂര്‍ണ്ണവൈരാഗ്യം പ്രാപിച്ച്, കഠിന സാധനയില്‍ ഏര്‍പ്പെട്ട് പെട്ടെന്നു തന്നെ മുക്തി നേടാന്‍ പ്രയത്നിക്കുന്നു. ഇവര്‍ സദ്യോമുക്തിയാണ് ലക്ഷ്യം വയ്‌ക്കുന്നത്. എന്നാല്‍ ഗൃഹസ്ഥനായി കഴിഞ്ഞുകൊണ്ട് തന്റെ ആശ്രമ ധര്‍മ്മങ്ങള്‍ ഭഗവാനില്‍ അര്‍പ്പിച്ച് ക്രമേണ ശരീരം, ബന്ധുജനം, സമ്പത്ത് മുതലായവയിലുള്ള സംഗത്തെ കൈവെടിയുന്നത് ക്രമമുക്തിയിലേക്കുള്ള മാര്‍ഗ്ഗമാണ്. ആവശ്യമുള്ളതു മാത്രം സ്വീകരിച്ചുകൊണ്ട്, സ്വയം വിരക്തനാണെങ്കിലും പുറമേക്ക് സക്തനെന്നപോലെ ഈ സാധകര്‍ പെരുമാറുന്നു. ഈ മുക്തി ലക്ഷ്യം വയ്‌ക്കുന്നയാള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സക്തി കൂടാതെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്ത് കര്‍ത്തവ്യം

നിര്‍വഹിക്കുന്നതാണ്. ഈശ്വരാര്‍പ്പണമായി സാമൂഹ്യസേവനം ചെയ്യുന്ന കര്‍മ്മയോഗിയുടെ ജീവിതം തന്നെയാണിത്. (തുടരും)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക