കൊച്ചി: യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ യൂട്യൂബിന് കത്ത് നല്‍കിയിരുന്നു. നിയമലംഘനങ്ങള്‍ അടങ്ങിയ 8 വീഡിയോകളാണ് നീക്കം ചെയ്തത്.
കാറില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കി അപകടകരമായ രീതിയില്‍ യാത്ര ചെയ്യുകയും വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സഞ്ജുവിന്റെ പ്രവർത്തിയില്‍ സഞ്ജുവിനെതിരെ പോലീസ് കേസെടുക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. യൂട്യൂബില്‍ സഞ്ജു അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ വിശദമായി പരിശോധിച്ചതിനുശേഷം മോട്ടോർ വാഹന വകുപ്പ് നല്‍കിയ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിയമ ലംഘനങ്ങള്‍ അടങ്ങിയ ഒമ്പത് വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തത്.
നേരത്തെ സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു. തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹിക സേവനത്തിലാണ് സഞ്ജുവും സുഹൃത്തുക്കളും. 15 ദിവസത്തെ സാമൂഹിക സേവനം ജൂണ്‍ 11 നാണ് ആരംഭിച്ചത്. ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് സേവനം. സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമാണ് കേസിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: