ഗുവാഹത്തി: ഏറ്റവും പുതിയ ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐഐടി ഖരഗ്പൂർ വിദ്യാർത്ഥി ഫൈസാൻ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തയച്ചു.
കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം നടത്തിയ രണ്ടാമത്തെ ഫോറൻസിക് റിപ്പോർട്ട് പ്രകാരം അഹമ്മദിന്റെ കഴുത്തിന്റെ മുകളിൽ ഇടതുഭാഗത്ത് വെടിയേറ്റ മുറിവും കഴുത്തിന്റെ വലതുഭാഗത്ത് കുത്തേറ്റ പാടും ഉണ്ടായിരുന്നുവെന്ന് ശർമ തന്റെ കത്തിൽ പറയുന്നു. ചൊവ്വാഴ്ച ഇത് മാധ്യമങ്ങൾക്ക് ലഭ്യമാക്കിയിരുന്നു.
ഏറ്റവും പുതിയ ഫോറൻസിക് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ കണക്കിലെടുത്ത്, ഭയാനകമായ കുറ്റകൃത്യം നടത്തിയവരെയും കുറ്റകൃത്യം മറച്ചുവെക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും വ്യക്തിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത് മരിച്ചയാൾക്ക് നീതിയും ദുഃഖിതരായ മാതാപിതാക്കൾക്ക് ആശ്വാസം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തിന്റെ സുതാര്യവും നീതിയുക്തവുമായ അന്വേഷണത്തിനായി ദയവായി കേസ് സിബിഐക്ക് കൈമാറു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥിയുടെ അസ്വാഭാവിക മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ശർമ്മ 2022 ഒക്ടോബറിൽ ബാനർജിക്ക് കത്തെഴുതിയിരുന്നു.
2022 ഒക്‌ടോബർ 14-ന് ഹോസ്റ്റൽ മുറിയിൽ 23 കാരനായ അഹമ്മദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിദ്യാർത്ഥിയുടെ മരണം ആത്മഹത്യയാണെന്ന് ഐഐടി-ഖരഗ്പൂർ അധികൃതർ അവകാശപ്പെട്ടു. എന്നാൽ, ശരീരത്തിൽ മുറിവുകൾ കണ്ടതായി മാതാപിതാക്കൾ അവകാശപ്പെട്ടു.
മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2023 മേയിൽ വിദ്യാർത്ഥിയുടെ അമ്മ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. മരണത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ അഹമ്മദിന്റെ ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുക്കാനും രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം പരിശോധന നടത്താനും കോടതി ഉത്തരവിട്ടു.
അസമിലെ ടിൻസുകിയ നിവാസിയായ അഹമ്മദ് ഖരഗ്പൂർ ഐഐടിയിൽ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: