തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിട്ട കനത്ത തിരിച്ചടിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കിടയില്‍ സിപിഎം പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ചയുണ്ടായെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
പാര്‍ട്ടി കോട്ടകളില്‍ പോലും ഇടതുസ്ഥാനാര്‍ത്ഥികള്‍ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയും വോട്ട് വിഹിതത്തിലെ ആശങ്കാജനകമായ വര്‍ദ്ധനയും പരിശോധിക്കും. പിണറായിയിലെയും തളിപ്പറമ്പിലെയും പാര്‍ട്ടി കേഡറ്റുകളുടെയും സ്ഥിരം വോട്ടുബാങ്കായിരുന്ന ചില സമുദായങ്ങളുടെ വോട്ടു ചോര്‍ച്ചയും, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരില്‍ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് സിപിഎമ്മിന് ജയിക്കാനായത്. ആലത്തൂരിലായിരുന്നു വിജയം. തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പാര്‍ട്ടിക്ക് തിരിച്ചറിയാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടെന്ന് പിബി ചോദിച്ചിരുന്നു.
മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍ രംഗത്തെത്തി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതിഫലിച്ചത് സര്‍ക്കാരിനോടുളള ജനങ്ങളുടെ എതിര്‍പ്പെന്ന് കെ ഇ ഇസ്മയില്‍ തുറന്നടിച്ചു. ജനങ്ങളുടെ എതിര്‍പ്പ് ഇത്രത്തോളം ബാധിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധാര്‍ഷ്ഠ്യമെന്ന തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ തളളിക്കളയാന്‍ കഴിയുന്നതല്ലെന്ന് കെ ഇ ഇസ്മയില്‍ പറഞ്ഞു. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നിലയിലേക്ക് വളരാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ഭരണവിരുദ്ധവികാരമായി മാറുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞ എളിമ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായില്ലെന്ന് ഇതും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് കെ ഇ ഇസ്മയില്‍ പറഞ്ഞു. മന്ത്രിമാരായി കഴിഞ്ഞാല്‍ പിന്നെ ആരോടും ബാധ്യതയില്ലെന്ന നിലയെടുത്താല്‍ പ്രതിസന്ധിയുണ്ടാകും. എല്ലാത്തിനും മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രിമാരും പുനപരിശോധന നടത്തണമെന്നും കെഇ ഇസ്മയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: