ചാലക്കുടി: നാടിന്റെ കൂട്ടായ്മയുടെ കരുത്തില്‍ കൊമ്പിടി കോരംകുളത്തിന് ജലസമൃദ്ധി. മൂന്ന് പതിറ്റാണ്ടിലധികമായി കാടുപിടിച്ച് നശിച്ച് കിടന്നിരുന്ന ആളൂര്‍ പഞ്ചായത്തിലെ കൊമ്പടിഞ്ഞാമക്കലുള്ള കോരം കുളമാണ് നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിനൊടുവില്‍ ജലസമൃദ്ധമായിരിക്കുന്നത്.
ഏകദേശം ഒരു മാസക്കാലത്തെ പരിശ്രമത്തിനൊടുവിലാണ് കാടുപിടിച്ച് നശിച്ചു കിടന്നിരുന്ന കുളം ഇപ്പോഴത്തെ അവസ്ഥയിലായിരിക്കുന്നത്. പഞ്ചായത്തിന്റെ അധീനതയിലുള്ള കുളമാണെങ്കിലും കുളം നവീകരിക്കുവാന്‍ പഞ്ചായത്തില്‍ ഫണ്ടില്ലാത്ത കാരണം ചെളിയും, ചണ്ടിയും പായലും നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ മിനി പോളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കോരുംകുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കുളത്തിന്റെ നവീകരണ ജോലികള്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്.
ഇതിനായി നാട്ടുകാര്‍ നല്കിയ ഒട്ടനവധി ചെറുതും വലതുമായ സഹായങ്ങള്‍ കൊണ്ടാണെന്ന് പഞ്ചായത്തംഗം മിനി പോളി പറഞ്ഞു. ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരത്തോളം രുപ ഇപ്പോള്‍ ചിലവാക്കി കഴിഞ്ഞെങ്കിലും പഞ്ചായത്തിന്റെയോ മറ്റു യാതൊരു തരത്തിലുള്ള ഫണ്ടുകളും ലഭിച്ചിട്ടില്ല. നൂറോളം പേര് വരുന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
അന്‍പതോളം സെന്റ് സ്ഥലത്താണ് കുളവും പരിസരവും സ്ഥിതി ചെയ്യുന്നത്. അടുത്ത ഘട്ടത്തില്‍ ശലഭോദ്യാനം, കുളത്തിന് ചുറ്റം കൈവരി പിടിപ്പിച്ച്, കോണ്‍ക്രീറ്റ് കട്ടവിരിക്കുകയും ലൈറ്റുകളും, ഇരിപ്പിടങ്ങളും സ്ഥാപിക്കുവാനും ഉദ്ദേശിക്കുന്നു. ഇതിനായി എംപി, എംഎല്‍എ, പഞ്ചായത്ത്, ബ്ലോക്ക്, ജില്ല പഞ്ചായത്ത്, തുടങ്ങിയ ഏതെങ്കിലും ഫണ്ടുകള്‍ ലഭ്യമാക്കുവാനും ഉദ്ദേശിക്കുന്നതായി സംരക്ഷണ സമിതിയംഗങ്ങള്‍ പറഞ്ഞു.
കുളം നവീകരിച്ചത്തോടെ സമീപത്തെ നൂറു കണക്കിന് വീടുകളിലെ കുടിവെള്ള ക്ഷാമത്തിന് കൂടി പരിഹാരം ആവുകയാണ്. സമീപ പ്രദേശങ്ങളിലൊന്നും ഇത്തരമൊരു കുളം ഇല്ലാത്ത കാരണം ഇവിടെ നീന്തല്‍ പരിശീലനം കൊടുക്കുവാനും ഉദ്യേശിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. കുളത്തിന്റെ ഉദ്ഘാടനം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്.ജോജോ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: