തിരുവനന്തപുരം: സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമര്‍ശനം.
സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പി.പി. സുനീറിന്റെ പേര് പ്രഖ്യാപിച്ച അവസരത്തില്‍, സ്ഥാനാര്‍ത്ഥിയായി തെരെഞ്ഞെടുത്തത് ന്യൂനപക്ഷമെന്ന പരിഗണന വച്ചാണെന്നായിരുന്നു ബിനോയി വിശ്വം പറഞ്ഞത്. ഇതിനെതിരെയാണ് തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. ന്യൂനപക്ഷമല്ല ഹിന്ദു വോട്ടാണ് ഇടതുപക്ഷത്തിന്റേത്. അമിതമായ ന്യൂനപക്ഷപ്രീണനം കാരണമാണ് കാലങ്ങളായി എല്‍ഡിഎഫിന് ലഭിച്ചുകൊണ്ടിരുന്ന ഹിന്ദു വോട്ടുകള്‍ പൂര്‍ണ്ണമായും ബിജെപി പക്ഷത്തേക്ക് പോയത്. ഈ തെരെഞ്ഞെടുപ്പില്‍ ഏറ്റവുമധികം നഷ്ടമുണ്ടായത് സിപിഐക്കാണ്.
ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സിപിഎം നേതാക്കള്‍ മുഴുവന്‍ ആറ്റിങ്ങലിലായിരുന്നു എന്നും വിമര്‍ശനമുണ്ടായി. സിപിെഎയുടെ പല പ്രാദേസിക ഘടകങ്ങളും നിര്‍ജ്ജീവമായിരുന്നെന്നും യോഗത്തില്‍ പരാമര്‍ശമുണ്ടായി. എം.എന്‍.സ്മാരകത്തില്‍ നടന്ന ജില്ലാ കൗണ്‍സിലില്‍ മന്ത്രി ജി.ആര്.അനിലിന്റെയും ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.
പാര്‍ട്ടിയിലെ കാനം ഗൂപ്പുകാരായിരുന്നു ബിനോയ് വിശ്വവും ജി.ആര്. അനിലും. എന്നാല്‍ കാനത്തിന്റെ മരണശേഷം ജി.ആര് അനില്‍ പ്രകാശ്ബാബു പക്ഷത്തേക്ക് കൂറുമാറി. ബിനോയ് വിശ്വത്തിനെതിരായി തലസ്ഥാന ജില്ലാ കൗണ്‍സിലില്‍ ഉയര്‍ന്ന രൂക്ഷമായ വിമര്‍ശനത്തിന് മന്ത്രി ജി.ആര് .അനിലിന്റെ മൗനാനുവാദമുണ്ടായിരുന്നു എന്നാണ് ബിനോയ് വിശ്വത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: