ഹരിദ്വാർ : ഗംഗാ ദസറയോടനുബന്ധിച്ച് ഹരിദ്വാറിൽ 15 ലക്ഷത്തിലധികം ഭക്തർ ഗംഗയിൽ പുണ്യസ്നാനം നടത്തിയതായി അധികൃതർ അറിയിച്ചു. ഹരിദ്വാറിലെ ഗംഗാ ഘാട്ടുകളിൽ സ്നാനോത്സവത്തിനായി വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ ഭരണകൂടം മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ശനിയാഴ്‌ച വൈകുന്നേരത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ സ്നാനം ചെയ്യാൻ ഹരിദ്വാറിൽ എത്തിത്തുടങ്ങി. പ്രധാന സ്നാനഘട്ടമായ ഹർ കി പൗരിയിൽ ഞായറാഴ്ച രാവിലെ ആരംഭിച്ച സ്നാനം വൈകുന്നേരം വരെ തുടർന്നു.
പത്മവിഭൂഷൺ രാമാനന്ദാചാര്യ ജഗദ്ഗുരു സ്വാമി രാംഭദ്രാചാര്യ കന്ഖലിലെ ഗംഗാഘട്ടിൽ മുങ്ങിക്കുളിക്കുന്ന ദൃശ്യം ഏറെ പ്രചാരം നേടി. ഇതുവരെ15.25 ലക്ഷം ഭക്തർ നദിയിൽ സ്നാനം ചെയ്തതായി പോലീസ് അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മേളയുടെ മുഴുവൻ പ്രദേശത്തെയും 10 സോണുകളായും 26 സെക്ടറുകളായും തിരിച്ചിട്ടുണ്ടെന്ന് സീനിയർ പോലീസ് സൂപ്രണ്ട് പ്രമോദ് ഡോവൽ പറഞ്ഞു.
നഗരത്തിലേക്കുള്ള ജനപ്രവാഹം നിയന്ത്രിക്കാൻ ശനിയാഴ്ച മുതൽ ഹെവി വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: