കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ലോക്‌സഭ തിരഞ്ഞെടുപ്പിനുശേഷം നടന്ന അക്രമങ്ങളിൽ ഇരയായവർ ഞായറാഴ്ച പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ രാജ്ഭവനിലെത്തി ഗവർണറെ തങ്ങളുടെ ആവലാതികൾ അറിയിച്ചു. ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ അക്രമത്തിന് ഇരയായവരിൽ 106 പേരാണ് രാജ്ഭവനിലെത്തിയത്.
പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഗവർണറുടെ കടമ നിർവഹിക്കാൻ ഭരണഘടനാപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗവർണർ ഡോ സിവിആനന്ദബോസ് ഉറപ്പു നൽകി. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ബംഗാളി ഭാഷയിൽ ഗവർണർ നിവേദകസംഘത്തോട് പറഞ്ഞു,
ഗവർണർ അനുമതി നൽകിയിട്ടും നിവേദകസംഘം രാജ്ഭവനിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞ നടപടിക്കെതിരെ ഗവർണറും കൊൽക്കത്ത ഹൈക്കോടതിയും കർശന നിലപാടെടുത്തതോടെയാണ് ഗുണ്ടാ ആക്രമണത്തിന്റെ ഇരകൾ .കോടതിവിധിയുടെയടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ഗവർണറെ കാണാനെത്തിയത്.
സുവേന്ദു അധികാരി അക്രമത്തിനിരയായവരുടെ ദയനീയാവസ്ഥ വിവരിച്ചു. കുറ്റവാളികളെ ശിക്ഷിക്കുന്നതിനും അതിജീവിച്ചവരെ സംരക്ഷിക്കുന്നതിനും കാര്യക്ഷമമായ നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ആക്രമണത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ട പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് കേന്ദ്ര ഗവൺമെൻ്റിന് അയക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അക്രമത്തിന് ഇരയായവരെയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെയും രാജ്ഭവനിൽ പ്രവേശിക്കുന്നത് തടഞ്ഞ പോലീസ് നടപടിയിൽ അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ഡോ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമതബാനർജിക്ക് കത്തയച്ചിരുന്നു.
അതിനിടെ, രേഖാമൂലം അനുമതി ലഭിച്ചിട്ടും രാജ്ഭവനിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞുവെന്ന് കാണിച്ച് അധികാരിയും മറ്റൊരാളും കോടതിയെ സമീപിച്ചിരുന്നു.കേസ് പരിഗണിച്ച കൽക്കട്ട ഹൈക്കോടതി ബംഗാൾ ഗവർണർ വീട്ടുതടങ്കലിലാണോയെന്ന് അത്ഭുതം കൂറി. ഗവർണർ അനുമതി നൽകിയാൽ അക്രമത്തിന് ഇരയായവർക്കൊപ്പം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും രാജ്ഭവൻ സന്ദർശിക്കാമെന്ന് കോടതി വിധിച്ചു.
കോടതി നൽകിയ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ, അക്രമത്തിന് ഇരയായവർ തന്നെ സന്ദര്ശിക്കുന്നതുവരെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി രാജ്ഭവനിൽ പ്രവേശിക്കുന്നത് വിലക്കി. ഗവർണർ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്ഭവൻ ഡ്യുട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മാറ്റാനും ഗവർണർ നിർദേശം നൽകി.
ബുർബസാറിലെ മഹേശ്വരി ഭവൻ സന്ദർശിച്ച ഗവർണർ ബോസ്, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അക്രമത്തിൽ നാശനഷ്ടം സംഭവിച്ചവരെ കണ്ടു. തെരഞ്ഞെടുപ്പിന് ശേഷം ടിഎംസി വൻതോതിൽ അക്രമം അഴിച്ചുവിട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു, സന്ദർശന വേളയിൽ, മഹേശ്വരി ഭവനിൽ താമസിക്കുന്ന 150 ഓളം ആളുകളുമായി ഗവർണർ ആനന്ദബോസ് ആശയവിനിമയം നടത്തുകയും അവരുടെ പരാതികളുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു.
“ഇരകളെ ഞാൻ കേട്ടു. അത് സംഭവത്തിന്റെ ഒരു വശം. ഗവർണർ എന്ന നിലയിൽ, എന്തെങ്കിലും അഭിപ്രായങ്ങൾ പറയുന്നതിന് മുമ്പ് ഞാൻ നീതിപൂർവ്വം പെരുമാറാൻ ആഗ്രഹിക്കുന്നു. സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. അതുകൂടി കേട്ടശേഷം എന്റെ അഭിപ്രായം നിങ്ങളോട് പറയാം.” ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാനത്തെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട മന്ത്രിസഭയുടെ എല്ലാ തീരുമാനങ്ങളും നിയമനിർമ്മാണത്തിനുള്ള നിർദ്ദേശങ്ങളും മുഖ്യമന്ത്രി ഗവർണറെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനാ മാനദണ്ഡങ്ങൾ മുഖ്യമന്തിക്ക് നൽകിയ കത്തിൽ ഗവർണർ ആനന്ദബോസ് ആവർത്തിച്ചോർമിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: